ന്യൂദല്‍ഹി: കര്‍ഷക സമരത്തിന്റെ മറവില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ല. സമരത്തിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നമ്മുടെ രാജ്യത്തിനാകും നഷ്ടമുണ്ടാവുക. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അതേസമയം, ചെങ്കോട്ടയില്‍ ഉയരേണ്ടത് ദേശീയ പതാക മാത്രമാണെന്നും കര്‍ഷകര്‍ അവിടെ കൊടിമരത്തില്‍ അവരുടെ പതാക ഉയര്‍ത്തിയത് തെറ്റാണെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. കര്‍ഷകസമരത്തിന്റെ പേരില്‍ നടത്തിയ അക്രമങ്ങളോടും ചെങ്കോട്ടയില്‍ എത്തി കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ സിഖ് പതാക ഉയര്‍ത്തിയ സംഭവത്തോടും പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. കര്‍ഷകരുടെ സമരം തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന ഒരാളാണ് ഞാന്‍. അക്രമത്തിന്റെ മാര്‍ഗ്ഗം യാതൊരു വിധത്തിലും സമ്മതിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് അക്രമം നടത്തിയത് കര്‍ഷക സമരത്തില്‍ മറവില്‍ നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. തങ്ങള്‍ സമാധാനപൂര്‍ണമായാണ് സമരം നയിക്കുന്നത്. അക്രമങ്ങളില്‍ വിശ്വസിക്കുന്നില്ല. ചെങ്കോട്ടയില്‍ കടന്നു കയറിയവരും നിയമം ലംഘിച്ച് ട്രാക്ടര്‍ റാലി നടത്തിയവരും തങ്ങള്‍ക്കൊപ്പമുള്ളവരല്ല. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ എടുക്കണമെന്നും ഇവര്‍ അറിയിച്ചു. അക്രമം നടത്തിയവര്‍ പുറത്തുനിന്നും വന്നവരാണ്. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ലന്നും ഇവര്‍ പറഞ്ഞു. പലയിടങ്ങളിലും പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: