തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയും അതിനിശിത വിമര്‍ശനമുയര്‍ത്തിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ).
ദിനസേനയുള്ള കോവിഡ് വ്യാപന നിരക്ക് താഴ്ത്തുന്നതിന് ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയും ഐഎംഎ മുന്നോട്ട്വെയ്ക്കുന്നുണ്ട്.
രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ 50 ശതമാനത്തോളം കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറേ നാളുകളായി പ്രതിദിന രോഗബാധിതരുടെ എണ്ണം ശരാശരി 6,000 ആയി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഐഎംഎ രംഗത്തെത്തിയത്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ദിനം പ്രതി ആയിരത്തിന് മുകളില്‍ രോഗികള്‍ ഉണ്ടാകുന്നു. എന്നാല്‍ ഇതിനൊപ്പിച്ചുള്ള ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഇല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിനാല്‍ കര്‍ശനമാക്കണമെന്ന് സംസ്ഥാനപ്രസിഡന്റ് ഡോ.പി.ടി. സക്കറിയാസ്, സെക്രട്ടറി ഡോ.പി. ഗോപികുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
അത്രയ്ക്ക് ഫലപ്രദമല്ലാത്ത ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് പകരം ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കണം. കൂടുതല്‍ പേരെ ഈ രീതിയില്‍ പരിശോധിച്ച് ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കണം. എങ്കിലേ കോവിഡ് നിയന്ത്രണത്തിലാക്കാന്‍ സാധിക്കൂ. ഇതിന് പുറമെ ഒരു പിടി നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്വെയ്ക്കാനും ഐഎംഎ മടിയ്ക്കുന്നില്ല.
സംസ്ഥാനത്ത് നിരീക്ഷണ സംവിധാനം കൂടുതൽ കർശനമാക്കണം. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും ഡോക്ടർമാരുടെ കുടിശിക നൽകാനും നടപടി വേണമെന്നും ഐഎംഎ നിർദ്ദേശം നൽകി.
കഴിഞ്ഞ ഒന്നര മാസമായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളമാണ് മുന്നിൽ. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ ദേശീയ ശരാശരിയുടെ ആറിരട്ടിയായിരുന്നു കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഇല്ലാത്തതിനാലാണ് കേരളത്തിൽ രോഗത്തെ പിടിച്ചുനിർത്താൻ സാധിക്കാത്തത് എന്നും ആക്ഷേപമുണ്ട്.
സ്കൂളുകള്‍, കോളെജുകള്‍, സിനിമാശാലകള്‍, മാളുകള്‍, ബാറുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ കോവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ അയവ് വന്നുവെന്നും ഇത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: