തിരുവനന്തപുരം: റിട്ട. ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് ലഭിക്കാനുള്ള ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ച് സര്‍ക്കാര്‍. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ മാനേജിംഗ് ഡയറക്ടറായിരിക്കെ ഏഴുമാസം മുന്‍പാണ് ജേക്കബ് തോമസ് വിരമിച്ചത്. ശമ്പളവും ആനുകൂല്യങ്ങളും അടക്കം 40,88,000 രൂപ അനുവദിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചത്. കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി മൂലം ശമ്പളവും ആനുകൂല്യങ്ങളും നല്കാനായില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
വിജിലന്‍സ് ഡയറക്ടറായിരിക്കെ സര്‍ക്കാരിനെതിരായ ആരോപണങ്ങളുടെ പേരില്‍ ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഒന്നരവര്‍ഷത്തിനുശേഷം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവോടെ സര്‍വീസില്‍ തിരിച്ചെത്തിയപ്പോഴാണ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ എംഡിയായി നിയമനം നല്‍കിയത്. ഇതിനുമുന്‍പ് ഈ പദവിയില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല.
അതിനാല്‍ ഈ പദവി വിജിലന്‍സ് ഡയറക്ടറുടെ തസ്തികയ്ക്ക് തുല്യമാക്കിയായിരുന്നു നിയമനം. മുതിര്‍ന്ന ഡിജിപി ആയതിനാല്‍ കേഡര്‍ തസ്തികയില്‍ നിയമിക്കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം തള്ളിയായിരുന്നു സര്‍ക്കാര്‍ നടപടി. ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണവും കേസുകളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: