തിരുവനന്തപുരം: ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പാര്‍ട്ടി നിലപാടില്‍ കടുത്ത സംശയവുമായി ഒരു വിഭാഗം നേതാക്കളും അണികളും. ഭരണനേട്ടം രണ്ടാമൂഴം ലഭ്യമാക്കുമെന്നാണ് വാദം. അങ്ങനെയെങ്കില്‍ സിഎജിയുടെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും പേരില്‍ കോലാഹലമുണ്ടാക്കുന്നതും, സ്വര്‍ണക്കടത്തടക്കമുള്ള വിഷയങ്ങളില്‍ വിശദീകരണങ്ങളും ന്യായീകരണങ്ങളുമായി ഇറങ്ങുന്നതും കെ.വി. തോമസിനെപ്പോലുള്ളവരെ പാര്‍ട്ടി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതും എന്തിനെന്ന് ഇവരുടെ ചോദ്യം. കോണ്‍ഗ്രസില്‍ നിന്ന് പോകുന്നവര്‍ ബിജെപിയില്‍ ചേരേണ്ട സിപിഎമ്മിലേക്ക് വരൂയെന്ന് ഇന്നലെ മുതിര്‍ന്ന നേതാവ് പി. രാജീവ് അഭ്യര്‍ഥിച്ചതും എന്തിനെന്ന് അവര്‍ സംശയം പ്രകടിപ്പിക്കുന്നു.
സിഎജിക്കെതിരെ പ്രമേയം പാസ്സാക്കിയതില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. വീണ്ടും അധികാരത്തില്‍ വരുമെന്ന് പറഞ്ഞ ശേഷം എന്തിനാണ് ഭരണഘടനയെ വെല്ലുവിളിച്ച് പ്രമേയം പാസ്സാക്കി വേണ്ടാത്ത പണിക്കു പോയത്, അവര്‍ ചോദിക്കുന്നു. സിഎജിക്കെതിരെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി, ഇത് സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തില്‍ കൊണ്ട് ചാടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ കൈകള്‍ പരിശുദ്ധമെന്നാണ് ആവര്‍ത്തിക്കുന്നത്. പിന്നെന്തിന് സിഎജിയെ കുറ്റപ്പെടുത്തി പ്രമേയം പാസ്സാക്കി. പ്രമേയം പാസ്സാക്കിയതിന്റെ പേരില്‍ സിഎജിയുടെ കണ്ടെത്തല്‍ റിപ്പോര്‍ട്ടില്‍ നിന്ന് മാറ്റാന്‍ സാധിക്കില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാനും സാധിക്കില്ല. എന്തോ മറച്ച് വയ്‌ക്കാനുണ്ടെന്ന് കരുതും. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കാനേ പ്രമേയം ഉപകരിച്ചുള്ളൂ, അവര്‍ ചൂണ്ടിക്കാട്ടുന്നു.
സിഎജിയാണ് രാജ്യത്തെ പല അഴിമതിക്കേസുകളും കണ്ടെത്തിയത്. അതൊക്കെ ശരിയാണെന്ന് അന്വേഷണ ഏജന്‍സികളും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. കിഫ്ബിയില്‍ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാല്‍ പ്രമേയത്തിന്റെ ആധികാരികത അന്ന് ചോദ്യം ചെയ്യപ്പെടും. സിഎജിയുടെ കണ്ടെത്തലുകള്‍ ശരിയെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ മറുപടി പറയേണ്ടി വരുന്നത് പാര്‍ട്ടിയാണ്. ധനമന്ത്രി തോമസ് ഐസക്ക് കുറച്ചുകൂടി വിവേകം കാണിക്കണമായിരുന്നു. മസാല ബോണ്ടു വഴി വിദേശത്ത് നിന്നാണ് കൂടുതല്‍ പണമെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളും പ്രമേയങ്ങളും അല്ല ബോണ്ടിന് ശക്തി പകരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായം മസാല ബോണ്ടിന്റെ വിശ്വാസ്യതയ്‌ക്ക് അത്യാവശ്യ ഘടകമാണ്. സിഎജിയുടെ പരാമര്‍ശവും സംസ്ഥാന സര്‍ക്കാരിന്റെ വെല്ലുവിളിയും കാരണം കേന്ദ്ര സര്‍ക്കാര്‍ മസാലബോണ്ടിന് വേണ്ട പിന്തുണ ഇനി നല്‍കിയെന്നു വരില്ല. ഇത് കിഫ്ബിക്ക് കടുത്ത തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നു.
ഗവര്‍ണറെയും വെല്ലുവിളിക്കുന്ന തരത്തിലായി പ്രമേയം. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുന്നത് ഗവര്‍ണര്‍ക്കു വേണ്ടിയാണ്. എന്തെങ്കിലും അഭിപ്രായ ഭിന്നത ഉണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് രേഖാമൂലം പരാതി നല്‍കാമായിരുന്നുവെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയരുന്നു. സര്‍ക്കാര്‍ പിടിച്ച പുലിവാലെന്നാണ് പ്രമേയത്തെക്കുറിച്ച് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: