തിരുവനന്തപുരം: പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായമില്ല, പാപ്പരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടികള്‍ കടം വാങ്ങാന്‍ ഒരുങ്ങുന്നു. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളില്‍ നിന്നോ അവിടങ്ങളിലെ സമ്പന്നരായ ഭക്തരില്‍ നിന്നോ തിരുമല, തിരുപ്പതി ദേവസ്വം പോലെയുള്ള ക്ഷേത്രങ്ങളില്‍ നിന്നോ കടമെടുത്തേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ബോര്‍ഡ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ശബരിമല വരുമാനം കുത്തനെ കുറഞ്ഞതോടെ ബോര്‍ഡില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. അടുത്ത മാസത്തെ ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുമെന്നാണ് സൂചന. സ്ഥിതി ഇത്രയും വഷളായിട്ടും ഹിന്ദു സ്ഥാപനത്തോട് മുഖം തിരിച്ചു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ബോര്‍ഡിനെ സര്‍ക്കാര്‍ കൈവിട്ടു. ശബരിമലയിലെ നഷ്ടം മുഴുവന്‍ നല്‍കാനാകില്ലെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്.
വേറെ വഴിയില്ല
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അടക്കമുള്ള അയ്യപ്പ ഭക്തരുടെ സഹായം തേടാതെ വേറെ നിവൃത്തിയില്ല. ദേവസ്വം ബോര്‍ഡ് പദ്ധതികളിലെ മിച്ചം വന്ന വിഹിതം ശമ്പളമായി നല്‍കാനാകില്ല. അതിന് നിയമം കൊണ്ടുവരണം. അല്ലെങ്കില്‍ സര്‍ക്കാര്‍ സഹായിക്കണം. അല്ലാതെ വേറെ നിര്‍വാഹമില്ല.
എന്‍. വാസു
പ്രസിഡന്റ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ശബരിമല വരുമാനം മുഴുവന്‍ നിക്ഷേപമാക്കി കൊണ്ടാണ് ഒരു വര്‍ഷത്തെ ശമ്പളവും പെന്‍ഷനും നല്കി വരുന്നത്. ശബരിമലയില്‍ 2019-20 കാലത്ത് 269.37 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 29 കോടി മാത്രം. 92 ശതമാനം കുറവ്. 2018ല്‍ ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യുവതികളെ പ്രവേശിപ്പിച്ചതു മുതല്‍ വരുമാനം കാര്യമായി കുറഞ്ഞു തുടങ്ങി. യുവതീ പ്രവേശനം കാരണം ഭക്തര്‍ കാണിക്കയിടുന്നതും വലിയ തോതില്‍ കുറഞ്ഞു. ഇതോടെ മറ്റ് ക്ഷേത്രങ്ങളിലെ വരുമാനവും കുറഞ്ഞു. രണ്ട് പ്രളയത്തിന് പുറമേ കൊവിഡ് ബാധയെ തുടര്‍ന്ന് 2020 മാര്‍ച്ച് 21 മുതല്‍ ക്ഷേത്രങ്ങള്‍ അടച്ചതോടെ വരുമാനം ഏറെക്കുറെ പൂര്‍ണമായി നിലച്ചു. ഇപ്പോള്‍ നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടായി.
നഷ്ടം നികത്താനാകില്ല: കടകംപള്ളി
ശബരിമലയിലുണ്ടായ നഷ്ടം മുഴുവന്‍ സര്‍ക്കാരിന് നല്‍കാനാകില്ല. ഇപ്പോള്‍ ചെയ്യുന്ന സഹായത്തിനേ കഴിയൂ. സര്‍ക്കാരിന് കഴിയാവുന്നത് ചെയ്യുന്നുണ്ട്. ശബരിമലയിലെ ഭക്തരോട് കാണിക്കയ്ക്കായി അഭ്യര്‍ഥിക്കാം. അതിനപ്പുറം ഒന്നും ചെയ്യാനാകില്ല.
കടകംപള്ളി സുരേന്ദ്രന്
ദേവസ്വം മന്ത്രി
അയ്യായിരം ജീവനക്കാരും നാലായിരത്തിലേറെ പെന്‍ഷന്‍കാരുമുണ്ട്. ശമ്പളത്തിനും പെന്‍ഷനും പ്രതിമാസം വേണ്ട നാല്‍പ്പതു കോടി രൂപ കണ്ടെത്തണം. കഴിഞ്ഞ വിഷുക്കാലത്തെ മാത്രം നഷ്ടം നാല്‍പ്പതു കോടിയാണ്. ഭക്തര്‍ കാണിക്കയിട്ടില്ലെങ്കിലും സര്‍ക്കാര്‍ സഹായിക്കുമെന്നായിരുന്നു യുവതീ പ്രവേശന സമയത്ത് സര്‍ക്കാരിന്റെ വാഗ്ദാനം. അന്ന് ശബരിമലയില്‍ കുറവ് വന്ന 100 കോടി നല്കി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാര്‍ കൈമലര്‍ത്തി. ശബരിമലയിലെ നഷ്ടം മുഴുവന്‍ നല്‍കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ദേവസ്വം ബോര്‍ഡിന്റെ പദ്ധതി വിഹിതം വകമാറ്റിയാലും രണ്ട് മാസം കൂടിയേ പിടിച്ചു നില്‍ക്കാനാകൂ. അതിനാല്‍, ഭക്തരുടെ മുന്നില്‍ കൈ നീട്ടി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കണമെന്ന് അപേക്ഷിക്കാനൊരുങ്ങുകയാണ് ദേവസ്വം ബോര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: