തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ എന്‍സിപി അവസാന ശ്വാസത്തിന്റെ വക്കില്‍. കഴിഞ്ഞ തവണ മത്സരിച്ച നാലു സീറ്റ് വേണമെന്നും അതില്‍ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ജയിച്ച പാലാ സീറ്റ് ഒരുതരത്തിലും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നുമാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്ററുടെ നിലപാട്.
എന്നാല്‍, നിലവിലെ വോട്ടിന്റെ കനം തുലാസിലിട്ട് അടവുനയം നടപ്പാക്കുന്ന സിപിഎം നേതൃത്വത്തിന് പാലാ സീറ്റിന്റെ കാര്യത്തില്‍ പ്രിയം മുന്നണിയില്‍ പുതിയതായി ചേക്കേറിയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനോടാണ്. ഇടതുമുന്നണിയില്‍ കഴിഞ്ഞ നാലു ദശാബ്ദങ്ങളായി കഴിയുന്ന എന്‍സിപി കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ ജയിച്ചത് ജോസ് കെ. മാണിയുടെ അനുഗ്രഹം കൊണ്ടാണെന്ന് സിപിഎം ഉറച്ച് വിശ്വസിച്ച മട്ടാണ്. ആ നിലയ്ക്ക് പാലാ സീറ്റിന് വേണ്ടിയുള്ള എന്‍സിപിയുടെ അവകാശവാദം നേരംപോക്കാണെന്നും പാലായുടെ കാര്യത്തില്‍ ജോസ് കെ. മാണിയെ തള്ളാന്‍ കഴിയില്ലെന്ന നിലപാടിലുമാണ് സിപിഎം.
മാത്രമല്ല എന്‍സിപി മന്ത്രിയായ എ.കെ. ശശീന്ദ്രന് പാലാ എന്നല്ല പാര്‍ട്ടി നിലവില്‍ മത്സരിക്കുന്ന ഏതു സീറ്റ് കൈവിടാനും തയാറാണ്. ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കുമെന്ന സ്വപ്നത്തില്‍ ഉറച്ചുനില്‍ക്കുന്ന അദ്ദേഹത്തിന് ഒരേയൊരു ആവശ്യം മാത്രമേ ഇക്കാര്യത്തിലുള്ളു. അത് സിപിഎമ്മിന്റെ ഇഷ്ടത്തിനൊത്ത് നിന്ന് തനിക്കൊരു സീറ്റും അതുവഴി വീണ്ടുമൊരു മന്ത്രിക്കുപ്പായവുമാണെന്ന് മാത്രം.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പീതാംബരന് മാസ്റ്റര്‍ ചെയ്തതു പോലെ പാര്‍ട്ടി അഖിലേന്ത്യാ നേതാവ് ശരദ് പവാറിനെ മുംബൈയില്‍ ചെന്ന് കണ്ടതിന് ശേഷം അദ്ദേഹം മന്ത്രിവസതിയില്‍ തന്നെ ഗ്രൂപ്പ് യോഗവും വിളിച്ചു. എന്നാല്‍, ശശീന്ദ്രന് യോഗം വിളിച്ച നടപടിയെ പരസ്യമായി തന്നെ പീതാംബരന് മാസ്റ്റര്‍ അധിക്ഷേപിച്ചു.
മന്ത്രിയുടെയും കൂട്ടരുടേയും നടപടി മറികടക്കാനായി ജില്ലകള്‍ തോറും പാര്‍ട്ടി പ്രസിഡന്റുമാരുടേയും പോഷകസംഘടനാ ഭാരവാഹികളുടെ അടക്കം യോഗങ്ങളാണ് ടി.പി. പീതാംബരന് മാസ്റ്റര്‍ തന്നെ നേതൃത്വം കൊടുത്ത് ഇപ്പോള്‍ നടത്തിവരുന്നത്. എന്‍സിപിയിലെ ഇരുഗ്രൂപ്പുകളും ഇപ്പോള്‍ സ്വന്തംനില ഭദ്രമാക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: