പാര്‍വതീദേവി,സ്വര്ഗസുന്ദരിമാരോടൊപ്പം കുളിക്കാന്‍ പോയ സമയം. ഇതുതന്നെ തക്കം എന്നു കണ്ട് പരമശിവന് ”തലേലമ്മ”യെ ”മടീലമ്മ”യാക്കി സല്ലപിക്കാന്‍ തുടങ്ങി. അപ്പോഴാണ് നാരദമഹര്‍ഷി ഭഗവാനെക്കാണാന്‍ വന്നത്. സമയം ശരിയല്ലെന്നു മനസ്സിലായ മഹര്‍ഷി ഒരു കുസൃതി ഒപ്പിക്കാന്‍ വേണ്ടി നദിക്കരയില്‍ ചെന്ന് തന്റെ വീണ മീട്ടി
പാടാന്‍ തുടങ്ങി.
”ഞാനിന്നു കൈലാസത്തില്‍
പോയില്ലാ, ശിവഭഗവാനെ കണ്ടില്ലാ, തലേലമ്മ, മടീലമ്മയായിരിക്കുന്നതും കണ്ടില്ലാ”. ഇതു കേള്ക്കേണ്ടതാമസം, പാര്‍വതീദേവി കുളിച്ചെന്നു വരുത്തി കൈലാസത്തില്‍ ചെന്നു. പാര്‍വതീദേവി വരുന്നുണ്ടെന്നു കണ്ടണ്ട ഭഗവാന് ഗംഗാദേവിയെ സ്വസ്ഥാനത്തിരുത്തി. അപ്പോള്‍ ദേവിയുടെ ചോദ്യങ്ങളും,ഭഗവാന്റ ഉത്തരങ്ങളും കേള്‍ക്കൂ:
മൗലൗ കിം നു മഹേശ? മാനിനി ജലം
കിം വക്ത്ര? മംഭോരുഹം
കിം നീലാളകമാലികാ?
ഭ്രമരികാ
കാ ഭ്രൂലതാ? വീചികാ
നേത്രം കിം? ശഫരൗ
കിമുസ്തനയുഗം? തത് ചക്രവാകദ്വയം
സാശങ്കാമിതി വഞ്ചയന്‍
ഗിരിസുതാം ഗംഗാധരഃ പാതു വഃ
അന്വയവും
അര്‍ത്ഥവും:
(ഹേ) മഹേശാ, മൗലൗ കിം നു?
അല്ലയോ ഭഗവന്‍, അവിടുത്തെ തലക്കെട്ടില്‍ എന്താണ്?
മാനിനി, ജലം- ദേവീ, അതു വെള്ളമാണ് (ഗംഗ നദിയാണല്ലോ)
കിം വക്ത്രം- അപ്പോള്‍ ഈ മുഖമോ?
അംഭോരുഹം- അത് താമരയാണ് (വെള്ളത്തില്‍ താമരയുണ്ടാകില്ലേ,
പാര്‍വതീ?)
കിം നീലാളകമാലികാ?- നീലരാശിയുള്ള ഈ കുറുനിരകളോ? (അളകം – കുറുനിര)
ഭ്രമരികാ- അത് വണ്ടുകളല്ലേ (താരപ്പൂവിലെ തേന്‍ കുടിക്കാന്‍ വണ്ടുകള്‍ വരില്ലേ പാര്‍വതീ?)
കാ ഭ്രൂലതാ?- ഈ പുരികക്കൊടികളോ?
വീചികാ- അത് ഓളങ്ങളല്ലേ (വെള്ളമാകുമ്പോള് ഓളങ്ങളുണ്ടാകില്ലേ?)
നേത്രം കിം?- ഈ കണ്ണുകളോ?
ശഫരൗ- അവ പരല്‍ മീനുകളല്ലേ? (വെള്ളമാകുമ്പോള് മീനുകളും ഉണ്ടാകും)
കിമു സ്തനയുഗം?- സ്തനങ്ങളോ?
തത് ചക്രവാകദ്വയം- അവ ചക്രവാകപ്പക്ഷിപ്പിടകളാണ് (നദീതീരത്ത് ചക്രവാകപ്പക്ഷികളുണ്ടാകുമല്ലോ)
സാശങ്കാം ഗിരിസുതാം ഇതി വഞ്ചയന്‍ ഗംഗാധരഃ പാതു വഃ- ഇപ്രകാരം ശങ്കിക്കുന്ന പാര്‍വതീദേവിയെ ഓരോന്നു പറഞ്ഞ് വഞ്ചിക്കുന്ന ഭഗവാന് സ്വാമി ശ്രീപരമേശ്വരന് ഭവാന്മാരെയൊക്കെ രക്ഷിക്കട്ടെ!
ഈ ശ്ലോകത്തില്‍, പാര്‍വതീദേവിയെ,പരമേശ്വരന് ഓരോന്നു പറഞ്ഞ് പറ്റിക്കുകയാണെങ്കിലും,ദേവി ഗംഗയുടെ മുഖസൗന്ദര്യം അതിമനോഹരമായി വര്‍ണ്ണിച്ചിരിക്കയാണ് കവി. അവസാനം ”ഗംഗാധര” എന്ന വിശേഷണം അതി കേമം. ഗംഗയെ ധരിക്കുന്നവനാണല്ലോ അദ്ദേഹം; ഗംഗയെയാണല്ലോ പാര്‍വതീദേവി സംശയിക്കുന്നതും! ആ ”താടിക്കാരന്” പറ്റിച്ച പണി.
ശ്ലോകം എഴുതിയത് ആരെന്നറിയില്ല. കൂടിയാട്ടത്തിലും, കഥകളിയിലും ഈ ശ്ലോകത്തിന്റെ ആശയം കലാകാരന്മാര് ആടാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: