ആലപ്പുഴ: കേന്ദവും, സംസ്ഥാനവും ഒരേ മുന്നണി ഭരിച്ചപ്പോഴും, കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം ഭരിക്കുന്ന മുന്നണി പിന്തുണച്ചപ്പോഴും ഒരടി പോലും മുന്നോട്ട് പോകാതിരുന്ന ബൈപ്പാസ് യാര്ത്ഥ്യമാകാന് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വേണ്ടി വന്നു.
അവസാന യുപിഎ സര്‍ക്കാരില്‍ ആലപ്പുഴയില്‍ നിന്ന് നാല് കേന്ദ്രമന്ത്രിമാരാണ് ഉണ്ടായിരുന്നത്. എന്നിട്ടും ബൈപ്പാസ് വാചകമടിയില്‍ ഒതുങ്ങി. പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു… ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ക്ക് ഈ സിനിമാപ്പാട്ട് ഓര്‍മവരുന്ന അവസ്ഥയായിരുന്നു.
പക്ഷേ, നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കഥമാറി. ബൈപ്പാസ് പൂര്‍ത്തീകരണത്തിലേക്ക് നീങ്ങി.
കനാലുകളും ചെറുപാലങ്ങളും നിറഞ്ഞ ആലപ്പുഴ കടന്നുകിട്ടാന്‍ വാഹനങ്ങള്‍ക്ക് പെടാപ്പാടാണ്. ചിലപ്പോള്‍ ആലപ്പുഴ കടക്കാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരും.
വടക്കുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ആദ്യം കുരുക്ക് വീഴുന്നത് ശവക്കോട്ടപ്പാലത്തിലാണ്. സ്കൂളും കോളേജും ഓഫീസുകളുമുള്ള പ്രവൃത്തിദിവസമാണെങ്കില്‍ ഇവിടം കടക്കാന്‍ അരമണിക്കൂറെങ്കിലും വേണ്ടിവരും. ഏതുവഴി തിരഞ്ഞെടുത്താലും കുരുക്കിലകപ്പെടാതെ നഗരം കടന്നുപോകാനാകില്ല. തെക്ക് നിന്നുവരുന്ന വാഹനങ്ങള്‍ക്കും ഇതേ ഗതിതന്നെ. ബൈപ്പാസ് വന്നതോടെ അഞ്ചോ- പത്തോ മിനിറ്റിനകം നഗരം കടക്കാം.
ആലപ്പുഴയില്‍ നിന്ന് നാടിനെ നയിച്ച രാഷ്ട്രീയപ്രമുഖരുടെ നിര നീണ്ടതാണ്. വി.എസ് അച്യുതാനന്ദന്, ഏ. കെ ആന്റണി, വയലാര്‍ രവി, രമേശ് ചെന്നിത്തല, തോമസ് ഐസക്, കെ. സി വേണുഗോപാല്‍ അങ്ങനെ പ്രശസ്തരായ ജനപ്രതിനിധികളുടെ നീണ്ട നിര ആലപ്പുഴ ബൈപാസിന് ഒരു ഗുണവും ചെയ്തില്ല.
കേരളത്തിനാകെ നാണക്കേടായി തുടര്‍ന്ന ബൈപ്പാസിന്റെ ശാപമോക്ഷത്തിന് രാഷ്ട്രീയത്തിന് അതീതമായി വികസനത്തെ കാണുന്ന മോദി സര്‍ക്കാര്‍ വേണ്ടി വന്നു. അഞ്ചു പതിറ്റാണ്ടോളം പണി പൂര്‍ത്തിയാകാന്‍ കാത്തിരുന്ന ആലപ്പുഴക്കാര്‍ക്കിടയില്‍ ഉദ്ഘാടനത്തിന്റെ പേരില്‍ കുത്തിത്തിരുപ്പിനും അവസാന ശ്രമം നടന്നു.
ബൈപ്പാസിന്റെ പണി പൂര്‍ത്തീകരിച്ചിട്ട് രണ്ടു മാസമായെന്നും പ്രധാനമന്ത്രിയെ കാത്താണ് ഉദ്ഘാടനം വൈകുന്നതെന്നുമാണ് മന്ത്രി ജി. സുധാകരന് തട്ടിവിട്ടത്.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവന വന്ന് രണ്ടു ദിവസം കഴിഞ്ഞാണ് ബൈപ്പാസിന്റെ അന്തിമഭാര പരിശോധന പോലും നടത്തിയത്.
കേന്ദ്രസര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്തുക എന്ന തന്ത്രമാണ് മന്ത്രിയും കൂട്ടരും പയറ്റിയത്.
ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമായത് കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ വികസന നയമാണ് കേരളത്തിന് ഗുണകരമായത്, കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെയും അഭിനന്ദിക്കുന്നു.
ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിന് 40 വര്‍ഷം നഷ്ടപെടുത്തിയ കോണ്‍ഗ്രസ് – സിപിഎം നേതാക്കള്‍ ഇപ്പോള്‍ അവകാശവാദമുന്നയിക്കുന്നത് ലജ്ജാകാരമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി ഭരണം വന്നതിന് ശേഷമാണ് ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ സത്വരനടപടികള്‍ സ്വീകരിച്ചതും ഇപ്പോള്‍ ഇപ്പോള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയതും കുട്ടനാട്ടില്‍ ഒരു മടകെട്ടാന്‍ കഴിയാത്തവരാണ് ബൈപ്പാസിന്റെ പേരില്‍ അവകാശവാദമുന്നയിക്കുന്നത് എന്നതാണ് ഏറെ തമാശ. കേരളത്തിലെ റോഡ് വികസനത്തിന് ഏറെ പ്രാധാന്യം നല്കി ഫണ്ട് അനുവദിക്കുന്നത് കൊണ്ടാണ് കേരളത്തില്‍ റോഡ് വികസനത്തിന് വേഗതകൂടിയതെന്നും എം.വി ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: