ശിവാജിയും ജയസിംഹനും ചേര്‍ന്ന് അടരാടിയ ഭാഗത്തും സ്ഥിതി മറിച്ചായിരുന്നില്ല. അപ്പോഴേക്കും ഗോല്കൊണ്ഡയില് നിന്നും കുതുബശാഹ ബീജാപ്പൂരിനെ സഹായിക്കാന്‍ അന്‍പതിനായിരം സേനയെ അയച്ചു. ഇന്ന് ബീജാപ്പൂരിനെ ആക്രമിക്കാന്‍ വന്ന ദില്ലി ബാദശാഹ നാളെ ഗോല്‍കൊണ്ടയെ ആക്രമിക്കും. ഈ ഭയമായിരുന്നു ബീജാപ്പൂരിനെ സഹായിക്കാന്‍ ഗോല്‍കൊണ്ടയെ പ്രേരിപ്പിച്ചത്. ജീവിതത്തില്‍ ആദ്യമായി മിര്ഝാരാജ ജയസിംഹന് അപജയവും അപകീര്‍ത്തിയും അപമാനവുമുണ്ടായി.
പുരന്ദര്‍ സന്ധിക്ക് ശേഷം ദിലേര്ഖാന് നിരന്തരം ജയസിംഹനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതിന്റെ ഫലമായി അത് വര്‍ധിച്ചു. കാകതാലീയ ന്യായമനുസരിച്ച് ഇതിന്റെയെല്ലാം കാരണക്കാരന്‍ ശിവാജിയാണെന്ന് ദിലേര്ഖാന് നിശ്ചയിച്ചു. ശിവാജി ബീജാപ്പൂരിന്റെ കൂടെക്കൂടി കുതന്ത്രം പ്രയോഗിച്ചതുകൊണ്ടാണ് പരാജയം സംഭവിച്ചതെന്നാരോപിച്ചു. ഒരിക്കല്‍ ക്രുദ്ധനായ ദിലേര്ഖാന് ജയസിംഹനോടു പറഞ്ഞു. താങ്കള്‍ ശിവാജിയെ കൊല്ലാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഞാന്‍ തന്നെ കൊന്നുകൊള്ളാം എന്ന്.
ദിലേര്‍ഖാന്റെ ദുരുദ്ദേശ്യം മനസ്സിലാക്കിയ ശിവാജി പെട്ടെന്നു തന്നെ ബീജാപ്പൂരിന്റെ അധീനതയിലുള്ള പന്ഹാളദുര്ഗം ആക്രമിക്കാന്‍ സൈന്യത്തോടുകൂടി പോകാന്‍ അനുമതി ചോദിച്ചു. ജയസിംഹനും അതുതന്നെയാണ് ആഗ്രഹിച്ചിരുന്നത്. ഖാനില്‍നിന്നും ശിവാജിയെ രക്ഷിക്കാനായി ജയസിംഹന് പെട്ടെന്നുതന്നെ അനുമതി നല്കി. പന്ഹാളയുദ്ധത്തില് സഹായിക്കാന്‍ നേതാജി പാല്ക്കറോട് അവിടെ എത്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ പാല്ക്കര് എത്തിയില്ല. ആ യുദ്ധത്തില്‍ ശിവാജി അമ്പേ പരാജയപ്പെട്ടു. അനുശാസനം ലംഘിച്ചു എന്ന കാരണത്താല്‍ ശിവാജി നേതാജിയെ സേനാപതി സ്ഥാനത്തുനിന്ന് മാറ്റി.
നേതാജി പാല്ക്കറാകട്ടെ നേരെ ബീജാപ്പൂരില്‍ പോയി അവരുടെ പക്ഷത്തു ചേര്‍ന്നു. രണ്ടാം ശിവാജി എന്നറിയപ്പെട്ടിരുന്ന നേതാജി തങ്ങളുടെ പക്ഷത്തുചേര്ന്നിരിക്കുന്നു എന്നറിഞ്ഞ സുല്‍ത്താന്‍ ആനന്ദത്തിലാറാടി. ബീജാപ്പൂര്‍ സുല്‍ത്താന്‍ നേതാജിക്ക് സമ്മാനമായി ഉടനെ നാലുലക്ഷം രൂപ കൊടുത്തു. അയ്യായിരം സൈനികരുടെ സര്‍ദാറായി നിയമിച്ചു. അങ്ങനെ നേതാജി ജയസിംഹനെ ആക്രമിക്കാന്‍ ആരംഭിച്ചു. ആകസ്മികമായി നേതാജി ബീജാപ്പൂരിന്റെ പക്ഷം ചേര്‍ന്നതില്‍ ശിവാജിയുടെ തന്ത്രം വല്ലതുമുണ്ടോ എന്ന് ജയസിംഹന് സംശയിച്ചു. അന്നത്തെ ഇംഗ്ലീഷുകാരും ഇത് ശിവാജിയുടെ തന്ത്രമാണെന്ന് തന്നെയാണ് കരുതിയിരുന്നത്. ഇന്ന് നേതാജി ബീജാപ്പൂരിന്റെ പക്ഷം ചേര്‍ന്നതുപോലെ നാളെ ശിവാജിയും ബീജാപ്പൂരിന്റെ പക്ഷം ചേര്‍ന്നാലോ എന്ന ശങ്ക ജയസിംഹനില്‍ ആരംഭിച്ചു. വളരെ ചിന്തിച്ച് ജയസിംഹന് ഇതിനൊരു പരിഹാരം കണ്ടെത്തി. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമായ രാമബാണമായിരുന്നു അത്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: