കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 175.5 കോടി രൂപ അറ്റാദായമുണ്ടാക്കി. 2020 ഡിസംബര്‍ 31-ന് അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ 53.1 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 28.1 കോടി രൂപയായിരുന്നു അറ്റാദായം. 2020 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളിലെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 484.3 കോടി രൂപയായിരുന്നു.
മുന്‍ വര്‍ഷം ഇതേ കാലയളവിലെ 173.6 കോടി രൂപയെ അപേക്ഷിച്ച് 179 ശതമാനം വര്‍ധനവാണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ 160.5 ശതമാനം വര്‍ധനവോടെ 182.4 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയില്‍ അടുത്ത കാലത്തുണ്ടായ തിരിച്ചു വരവ് ബാങ്കിങ് മേഖലയില്‍ ക്രിയാത്മക ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സി വി ആര് രാജേന്ദ്രന് പറഞ്ഞു.
തങ്ങളും ഇതില്‍ നിന്നു വ്യത്യസ്തരല്ലെന്നത് സന്തോഷം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2020 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ തങ്ങള്‍ക്ക് 175 കോടി രൂപ അറ്റാദായം കൈവരിക്കാനായി. മോറട്ടോറിയം ആനുകൂല്യങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ നിയന്ത്രണ രംഗത്തു നിന്നുള്ള നിര്‍ദ്ദേശങ്ങളില്‍ ഉപരിയായ വകയിരുത്തലുകളാണ് തങ്ങള്‍ നടത്തിയത്. നിക്ഷേപ, വായ്പാ മേഖലകളില്‍ യഥാക്രമം 16, 22 ശതമാനം വാര്‍ഷിക വര്‍ധനവു കൈവരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: