ബെംഗളൂരു: കര്‍ണാടകയിലെ ധര്‍വാദില്‍ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 13 പേര് മരിച്ചു. അവധിയാഘോഷിക്കാന്‍ ദാവണ്‍ഗേരെയില്‍ നിന്ന് ഗോവയിലേക്ക് പോയ സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
ബസിന്റെ ഡ്രൈവറും ഏഴ് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൂന്ന് പേര് ആശുപത്രിയിലേക്കുള്ള വഴിമധ്യേയും. മരിച്ചവരിലേറെയും സ്ത്രീകളാണ്. ബാക്കിയുള്ളവരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
ഹുബാലി ധര്‍വാദ് ബൈപ്പാസില്‍ ഇട്ടിഗാട്ടി ക്രോസിങ്ങിന് സമീപമായിരുന്നു അപകടം. എതിര് ദിശയില്‍ മണ്ണുമായി വന്ന ടിപ്പര്‍ ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ടിപ്പര്‍ മറ്റൊരു വാഹനത്തെ മറികടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെയാണ് സംഘം ദാവണ്‍ഗേരെയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ടത്. അപകടത്തിന്റെ ഞെട്ടലിലാണിപ്പോഴും ദാവണ്ഗേരെ. സ്കൂള്‍ പഠനകാലത്തെ സുഹൃത്തുക്കളെല്ലാവരും കൂടി അവധിയാഘോഷിക്കാന്‍ ഗോവയിലേക്ക് പോവുകയായിരുന്നു. എല്ലാവരും ആരോഗ്യപ്രവര്‍ത്തകര്‍. നാല് ഡോക്ടര്‍മാരും സംഘത്തിലുണ്ടായിരുന്നു. യാത്ര പുറപ്പെടും മുമ്പ് ബസില്‍ വച്ചെടുത്ത അവരുടെ സെല്‍ഫി നൊമ്പരമായി മാറിയിരിക്കുകയാണ്. അവരിലൊരാള്‍ സമൂഹമാധ്യമത്തില്‍ സ്കൂളിലെ കൂട്ടുകാരോടൊപ്പം ഗോവയിലേക്ക് എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
അപകടവാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചതായി അപകടത്തില്‍പ്പെട്ട ഒരാളുടെ കുടുംബ സുഹൃത്ത് അറിയിച്ചു. അവര്‍ക്കെല്ലാവര്‍ക്കുമായി ധര്‍വാദില്‍ പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. അപ്പോഴാണ് അപകടവാര്‍ത്ത അറിയുന്നത്. സംഘത്തിലെ എല്ലാവരും അടുത്ത സുഹൃത്തുക്കളാണ്, അയാള്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളര്‍പ്പിച്ചു. അപകടവാര്ത്തയറിഞ്ഞതില് ഏറെ ദുഃഖിതനാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റര്‍ക്ക് വേഗം സുഖപ്പെടട്ടെയെന്ന് പ്രാര്‍ഥിക്കുന്നു, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: