നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം മൂന്നുമാസം അവശേഷിക്കെ വോട്ട് ഓണ്‍ അക്കൗണ്ടിനു പകരം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക് കീഴ്വഴക്കങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തിയിരിക്കുകയാണ്. ബജറ്റ് എന്ന പേരില്‍ സിപിഎമ്മിന്റെ പ്രകടനപത്രികയാണ് ഐസക്ക് അവതരിപ്പിച്ചിട്ടുള്ളതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തം. വോട്ടു ബാങ്കുകളെയും സമ്മര്‍ദ്ദഗ്രൂപ്പുകളെയും പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ട്, യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ ബജറ്റ് നിര്‍ദ്ദേശങ്ങളെന്ന പേരില്‍ വാഗ്ദാനങ്ങള്‍ വാരിവിതറിയിരിക്കുകയാണ് ധനമന്ത്രി. മൂന്നര മണിക്കൂറോളം എടുത്ത ബജറ്റ് അവതരണത്തിന്റെ പല ഘട്ടങ്ങളിലും ഒരു സിപിഎം നേതാവ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുന്നതുപോലെയാണ് ഐസക്ക് ആവേശംകൊണ്ടതും രോഷാകുലനായതും. ദല്‍ഹിയില്‍ സമരം ചെയ്യുന്ന ചെറിയൊരു വിഭാഗം കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി കേന്ദ്ര സര്‍ക്കാരിനോടുള്ള വിരോധം പ്രകടിപ്പിക്കാനും ധനമന്ത്രി മറന്നില്ല. ചുരുക്കത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വ്യഗ്രതയാണ് ബജറ്റില്‍ നിറഞ്ഞുനില്ക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ജയിക്കാനായില്ലെങ്കില്‍ ഈ ബജറ്റ് നടപ്പാക്കാനുള്ള ബാധ്യത ആര്‍ക്കായിരിക്കും എന്ന അടിസ്ഥാനപരമായ ചോദ്യത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് ഐസക്ക് ചെയ്തിരിക്കുന്നത്.
തങ്ങള്‍ കര്‍ഷക പ്രേമികളാണെന്നു വരുത്താന്‍ കബളിപ്പിക്കല്‍ തന്ത്രമാണ് ഐസക്ക് ബജറ്റില്‍ പുറത്തെടുത്തിരിക്കുന്നത്. റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തിയും നെല്ലിനും നാളികേരത്തിനുമുള്ള സംഭരണ വില വര്‍ധിപ്പിച്ചും നടത്തിയിട്ടുള്ള പ്രഖ്യാപനത്തില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കൊടുത്തുതീര്‍ക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്ത കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില സംസ്ഥാനത്തെ ഒരു കര്‍ഷകനും ഇതുവരെ ലഭിച്ചിട്ടില്ല. ഈ വസ്തുത മൂടിവച്ച് വീണ്ടും കര്‍ഷക വഞ്ചനയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ധനമന്ത്രി. വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ബജറ്റില്‍ പറയുന്ന കാര്യങ്ങള്‍ സ്വജനപക്ഷപാതം മുന്നില്‍ കണ്ടാണ്. ഒരുലക്ഷം രൂപയുടെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ വാരിക്കോരി നല്‍കാനുള്ള തീരുമാനം അക്കാദമിക് രംഗത്ത് തങ്ങള്‍ക്ക് വിടുപണി ചെയ്യുന്ന വിധേയന്മാരെ പാര്‍ട്ടിയോട് അടുപ്പിച്ചു നിര്‍ത്താനാണെന്നു വ്യക്തം. കൊവിഡ് കാലത്ത് പൊതു വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് ഉള്‍പ്പെടെ നല്കുമെന്നു പറഞ്ഞിട്ട് ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ ഓരോ കുടുംബങ്ങള്‍ക്കും ലാപ്ടോപ് നല്‍കുമെന്ന് പ്രഖ്യാപിച്ച് പിന്തുണ നേടാന്‍ ശ്രമിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലോട്ടറി അടിച്ചതുപോലെ ലഭിച്ച വിജയം മനസ്സില്‍ വച്ചുകൊണ്ട് പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഒരിക്കല്‍ക്കൂടി അധികാരത്തിലേറുക എന്നതാണ് ബജറ്റിലെ ജനക്ഷേമ പദ്ധതികളുടെ ലക്ഷ്യം. അധികാരം ലഭിച്ചില്ലെങ്കില്‍ ഇതിന്റെ ബാധ്യത അടുത്ത സര്‍ക്കാരിന്റെ തലയിലാവും. കാര്യം നടന്നു കഴിഞ്ഞാല്‍ ഇതൊക്കെ പാതിവഴിയിലുപേക്ഷിക്കുകയും ചെയ്യും.
ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ എവിടെനിന്ന് പണം കണ്ടെത്തുമെന്ന് പറയാനുള്ള ഉത്തരവാദിത്വം ധനമന്ത്രി കാണിച്ചിട്ടില്ല. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതില്‍ യാതൊരു താല്‍പ്പര്യവും കാണിക്കാത്ത മന്ത്രിയാണ് ഐസക്ക്. കടമെടുപ്പ് മാത്രമാണ് ഐസക്കിന് അറിയാവുന്ന ഒരേയൊരു വരുമാന മാര്‍ഗം. വാഹനങ്ങളില്‍നിന്നും ഇന്ധനങ്ങളില്‍നിന്നും സ്വാഭാവികമായി ലഭിക്കുന്ന നികുതിപ്പണം കടം വീട്ടാനാണ് ഉപയോഗിക്കുന്നത്. എല്ലാ കാര്യത്തിനും ഒരേയൊരുത്തരമേ ഐസക്കിനു പറയാനുള്ളൂ-കിഫ്ബി. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള തൊണ്ണൂറു ശതമാനം പദ്ധതികളും കിഫ്ബി വഴിയാണ് നടത്താന്‍ പോകുന്നതത്രേ. സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ല, എല്ലാം കിഫ്ബി ചെയ്തുകൊള്ളും എന്നതാണ് ഐസക്കിന്റെ നയം. ഇതുവഴി കേരളത്തിന്റെ രക്ഷകന് ചമയുകയാണ് മന്ത്രി. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നു വരുത്തുന്ന ഈ ദുഷ്ടലാക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇനിയും വേണ്ടപോലെ മനസ്സിലായിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി വഴി അറുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് പറഞ്ഞിട്ട് വെറും 5000 കോടി രൂപയാണ് ചെലവാക്കിയിട്ടുള്ളത്. ഇതിലും അഴിമതി നടന്നു. ഇക്കാരണത്താല്‍ത്തന്നെ കിഫ്ബി വഴി നടപ്പാക്കുമെന്ന് ഇപ്പോഴത്തെ ബജറ്റില്‍ പറഞ്ഞിട്ടുള്ള പദ്ധതികളെല്ലാം ഐസക്കിന്റെ ബുദ്ധിയില്‍ രൂപംകൊണ്ടിട്ടുള്ള തട്ടിപ്പുകളാണെന്ന് പറയാതെ വയ്യ. ജനങ്ങള്‍ ഇത് തിരിച്ചറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: