ലൈഫ് മിഷന് അഴിമതിക്കേസില്‍ സിബിഐക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി രാഷ്ട്രീയമായും നിയമപരമായും പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് തിരിച്ചടിയാണ്.
പ്രത്യക്ഷത്തില്‍ അഴിമതി നടന്നിട്ടുള്ളതായി കാണുന്ന കേസില്‍ സിബിഐക്ക് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ യുഎഇയിലെ റെഡ്ക്രസന്റും സര്‍ക്കാരും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചതെങ്കിലും കെട്ടിടനിര്‍മാണ കരാര്‍ യുഎഇ കോണ്‍സല്‍ ജനറലും യൂണിടാക് ബില്‍ഡേഴ്സും സെയില്‍ വെഞ്ചേഴ്സും തമ്മിലായത് അഴിമതി നടത്തുന്നതിനുവേണ്ടിയാണ്. സര്‍ക്കാരിന്റെ ഒരു പദ്ധതിക്കുവേണ്ടിയുള്ള കരാറില്‍ സിഎജി ഓഡിറ്റിങ് ഒഴിവാക്കി പണം യൂണിടാക്കിന്റെ അക്കൗണ്ടിലെത്തിച്ചത് അഴിമതിക്ക് തെളിവാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. റെഡ്ക്രസന്റ് ഒരു വിദേശ കമ്പനിയാണ്. അവര്‍ നല്കുന്ന ധനസഹായം വിദേശ സംഭാവന നിയന്ത്രണച്ചട്ടത്തിന്റെ പരിധിയില്‍ വരും. ഇതില്‍ ക്രമക്കേടു നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കാനുള്ള അധികാരം കേന്ദ്ര ഏജന്‍സിയായ സിബിഐക്കാണെന്ന കോടതി ഉത്തരവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനെതിരാണ്. എന്നാല്‍ ചില തൊടുന്യായങ്ങള്‍ പറഞ്ഞ് ഇക്കാര്യം മറച്ചുപിടിക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ല.
ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് അഴിമതിക്ക് ഇടയാക്കിയിട്ടുള്ളതെന്നും, നയപരമായ തീരുമാനമെടുത്തവര്‍ക്ക് അതില്‍ ഉത്തരവാദിത്വമില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഇതില്‍ പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ ഇത് വിജയിക്കാന്‍ പോകുന്നില്ല. കാരണം യൂണിടാക്കും യുഎഇ കോണ്‍സലും തമ്മില്‍ നിര്‍മാണ കരാര്‍ നിലവില്‍ വന്നത് മുഖ്യമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെയാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഈ കരാര്‍ ഒപ്പുവച്ചതെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ അഴിമതിയുടെ പ്രഭവ കേന്ദ്രം തന്നെ മുഖ്യമന്ത്രിയാണ്. വടക്കാഞ്ചേരിയിലെ ഫഌറ്റു നിര്‍മാണത്തിന് ലഭിച്ച 20 കോടി രൂപയില്‍ ഒന്‍പതു കോടിയിലധികം രൂപയും കോഴയായി മാറിയെന്നാണ് കേസില്‍ പ്രതികളായവരുടെ മൊഴി. സ്വര്‍ണക്കടത്തു കേസിലെ പ്രതികളാണ് ഇങ്ങനെ മൊഴി നല്‍കിയിട്ടുള്ളത്. അഴിമതിക്ക് വഴിയൊരുക്കിയ ക്രമക്കേടുകള്‍ക്ക് ഉത്തരവാദി ഉദ്യോഗസ്ഥര്‍ മാത്രമാണെന്ന നിലപാട് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ അറിവും സമ്മതവുമില്ലാതെ ഇത്രയും വലിയ ഒരു അഴിമതി നടക്കില്ലെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇതിന്റെ വിഹിതം കൃത്യമായി പറ്റിയിട്ടുമുണ്ടാവും. സിബിഐ അന്വേഷണത്തെ ചെറുക്കാന്‍ വിജിലന്‍സിനെ രംഗത്തിറക്കിയതു തന്നെ ഇക്കാര്യം പുറത്തുവരാതിരിക്കാനാണ്. ഇപ്പോള്‍ കോടതി അനുമതി നല്‍കിയിട്ടുള്ള സിബിഐ അന്വേഷണം പുരോഗമിക്കുന്നതോടെ ഉദ്യോഗസ്ഥര്‍ മാത്രമല്ല, ഭരണാധികാരികളും കുടുങ്ങും.
ലൈഫ് മിഷന് പദ്ധതിയില്‍ യാതൊരുവിധത്തിലുള്ള അഴിമതിയും ഇല്ലെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും സിപിഎം നേതാക്കളും ആവര്‍ത്തിച്ചിരുന്നത്. സിബിഐ എത്തിയതോടെ നിലപാട് മാറ്റി. അഴിമതി നടന്നിട്ടുണ്ടെന്നും, അതിനെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിനെ നിയോഗിച്ചിരിക്കുകയാണെന്നുമായിരുന്നു മാറിയ നിലപാട്. സിബിഐ നടത്തുന്ന അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണെന്നും വാദിക്കാന്‍ തുടങ്ങി. ഇപ്പോള്‍ കേസ് സിബിഐ തന്നെയാണ് അന്വേഷിക്കേണ്ടതെന്ന് കോടതി തീരുമാനിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരായ കുപ്രചാരണം പൊളിഞ്ഞിരിക്കുകയാണ്. സിബിഐയുടെ അന്വേഷണം വടക്കാഞ്ചേരിയിലെ ഫഌറ്റു നിര്‍മാണത്തില്‍ ഒതുങ്ങില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 20 കോടി മാത്രമല്ല വിദേശ സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഭരണാധികാരം ഉപയോഗിച്ച് വീടില്ലാത്ത പാവങ്ങളുടെ പേരു പറഞ്ഞ് വലിയ തോതില്‍ പണം കടത്തിക്കൊണ്ടുവന്നിട്ടുണ്ടാവാം. സിബിഐ അന്വേഷിച്ചാല്‍ ഇതൊക്കെ പുറത്തുവരും. ഉദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്ട്രീയ-ഭരണ യജമാനന്മാരും പിടിയിലാവും. ഇതിലുള്ള ആശങ്കയാലാണ് സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍, സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വിനാശകാലേ വിപരീത ബുദ്ധി എന്നേ ഇതിനെക്കുറിച്ച് പറയാനുള്ളൂ. വിജിലന്‍സ് തട്ടിയെടുത്ത ഫയലുകള്‍ എത്രയും വേഗം സിബിഐക്ക് തിരികെ നല്കി അന്വേഷണത്തെ തടസ്സപ്പെടുത്താതിരിക്കാനുള്ള മാന്യത സര്‍ക്കാര്‍ കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: