ന്യൂയോര്‍ക്ക്: അമേരിക്കയിൽ 68 വർഷത്തിന് ശേഷം ഒരു വനിതയെ ഫെഡറൽ ജയിൽ വധശിക്ഷക്ക് വിധേയയാക്കി. ലിസ മോന്റിഗോമേറി (52) യെയാണ് വധശിക്ഷയ്ക്ക് വിധേയയാക്കിയത്. പുലര്‍ച്ചെ 1:31ന് ഇന്ത്യാനയിലെ തടവറയിൽ അവരെ മാരകമായ വിഷം കുത്തിവച്ച് വധിക്കുകയായിരുന്നു. ഫെഡറല്‍ ജൂറി ഏകകണ്ഠമായാണ് വധശിക്ഷ വിധിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു സമര്‍പ്പിച്ച ദയാഹർജിയും തള്ളിയതോടെയാണ് ലിസയുടെ വധശിക്ഷ ഉറപ്പായത്. കോടതിയില്‍ വിചാരണക്കിടെ മോണ്ട്ഗോമറിയുടെ കുറ്റം സമ്മതിച്ചിരുന്നു.
കഴിഞ്ഞ ജൂലൈയിൽ വധശിക്ഷ ഫെഡറൽ തലത്തിൽ പുനസ്ഥാപിച്ച ശേഷം വധിക്കപ്പെടുന്ന പതിനൊന്നാമത്തെ വ്യക്തിയാണ് ലിസ. ഇനി രണ്ട് പേര് കൂടിയുണ്ട്. അവർക്ക് കോവിഡ്ആയതിനാൽ വധിക്കുന്നത് മാറ്റി വച്ചു. പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെ രക്തദാഹമാണ് ഈ വധശിക്ഷയെന്നും ഇതിൽ പങ്കെടുത്തവരൊക്കെ ലജ്ജിക്കണമെന്നു ലിസയുടെ അറ്റോർണി കെല്ലി ഹെൻറി പറഞ്ഞു.
ഇന്ത്യാനയിലെ ഫെഡറൽ ജഡ്ജി തടഞ്ഞതാണെങ്കിലും അപ്പീലിൽ സുപ്രീം കോടതി അത് റദ്ദാക്കി. എന്താണ് തനിക്കു സംഭവിക്കുന്നതെന്ന് മനസിലാക്കാനുള്ള മാനസിക നില പോലും ലിസക്ക് ഇല്ലെന്ന് വാദം സ്വീകരിച്ചാണ് ഫെഡറൽ കോടതി വധ ശിക്ഷ നിർത്തി വച്ചത്. ലിസയുടെ മാനസികനില നിര്‍ണയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജഡ്ജി പാട്രിക് ഹാന്‍ലോന്‍ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്. ട്രംപ് വധ ശിക്ഷയെ അനുകൂലിക്കുമ്പോൾ വധശിക്ഷ നടപ്പിലാക്കില്ലന്നു അടുത്ത പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ചാറ്റിലൂടെ പരിചയപ്പെട്ട ഗര്‍ഭിണിയായ ബോബി ജോ സ്റ്റിന്നെറ്റിനെ (23), 2004 ഡിസംബര്‍ 16ന് അവരുടെ വീട്ടില്‍ കടന്നുകയറി ശ്വാസം മുട്ടിച്ചുകൊന്ന ശേഷം വയര്‍ കീറി എട്ടു മാസം പ്രായമായ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത കുറ്റത്തിനാണു ലിസ മോണ്ട്ഗോമറിക്കു കോടതി വധശിക്ഷ വിധിച്ചത്. ഗര്‍ഭസ്ഥശിശുവുമായി മിസൂറിയിൽ നിന്ന് സ്വദേശമായ കാൻസാസിലേക്ക് രക്ഷപ്പെട്ട ലിസയെ അടുത്ത ദിവസം പോലീസ് കണ്ടെത്തി. സ്വന്തം കുഞ്ഞാണതെന്നായിരുന്നു ലിസയുടെ അവകാശവാദം. ലിസയെ അറസ്റ്റു ചെയ്ത പോലീസ്, ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണം കുട്ടിയുടെ പിതാവിനെ ഏല്പിച്ചു. വിക്ടോറിയ ജോ എന്ന ആ കുട്ടിക്ക് ഇപ്പോൾ 16 വയസുണ്ട്.
കുട്ടിക്കാലത്തു വളര്‍ത്തച്ഛന്റെയും മറ്റു പുരുഷന്മാരുടെയും ക്രൂര പീഡനത്തിനിരയായ ലിസയ്ക്ക് അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ തലയ്ക്കു ക്ഷതമേറ്റിരുന്നു. അതിന്റെ ഫലമായി, അവള് വളര്‍ന്നപ്പോള്‍ മാനസിക ദൗര്‍ബല്യമുള്ളയാളായി. ഇതു ചൂണ്ടിക്കാട്ടിയാണ് ലിസയ്ക്കു മാപ്പു നല്‍കണമെന്ന ആവശ്യമുയര്‍ന്നത്. 1953 ല്‍ ബോണി ബ്രൗണ്‍ ഹെഡിയുടെ വധശിക്ഷയാണ് യുഎസില്‍ അവസാനമായി നടപ്പാക്കിയത്. യുഎസില്‍ ഇതുവരെ 5 വനിതകളെയാണു ഫെഡറല്‍ സംവിധാനം വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുള്ളത്. പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ കൊലപാതകത്തില്‍ ജോണ്‍ വില്‍ക്സ് ബൂത്തിനൊപ്പം കൂട്ടുപ്രതിയായിരുന്ന മേരി സുററ്റാണ് (1865 ജൂലൈ ഏഴ്) യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി വധശിക്ഷയ്ക്കു വിധേയയായ വനിത.
1890 കളില്‍ മേരി ഒ കമ്മോന്‍, കേയ്റ്റ് മക്ഷേയ്ന്‍ എന്നിവരുടെ വധശിക്ഷ നടപ്പാക്കി. ചാരക്കുറ്റം ചുമത്തപ്പെട്ട ഏഥല്‍ റോസന്‍ബര്‍ഗിനെ ഭര്‍ത്താവ് ജൂലിയസ് റോസന്‍ബര്‍ഗിനൊപ്പം 1953 ജൂണ്‍ 19ന് വധശിക്ഷയ്ക്കു വിധേയയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: