പത്തനാപുരം: ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞ് നോക്കിയില്ല. മരണപ്പെട്ടപ്പോഴും ഈ അമ്മയോട് കാട്ടിയത് അവഗണന മാത്രം. അന്തരിച്ച ഗായികയും നാടക-ചലച്ചിത്ര നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന പാല തങ്കത്തോട് മലയാള ചലച്ചിത്ര ലോകം കാട്ടിയത് കടുത്ത നീതികേട് മാത്രം. ജന്മദിനങ്ങളും വിവാഹവാര്‍ഷിക ആംശസകളും സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പങ്കുവെയ്ക്കാന്‍ മത്സരിക്കുന്ന വെളളിത്തിരയിലെ താരങ്ങളും താരസംഘനകളും ഈ അമ്മയ്ക്ക് ഒരു അനുശോചനം പോലും രേഖപ്പെടുത്തിയില്ല.
അമ്മ ജനറല്‍ സെക്രട്ടറിയെ ഗാന്ധിഭവന് അധികൃതര്‍ വെളളിയാഴ്ച തന്നെ മരണവിവരം അറിയിച്ചെങ്കിലും അമ്മയുടെ പേരില്‍ ഒരു റീത്ത് നിങ്ങള്‍ തന്നെ വെച്ചോളൂ എന്നാണ് അറിയിച്ചത്. സ്ഥലം എംഎല്‍എ കൂടിയായ അമ്മ വൈസ് പ്രസിഡന്റ് ഗണേഷ് കുമാറും ഇവിടെ എത്തിയില്ല. 2013 സെപ്റ്റംബര്‍ അഞ്ചിനാണ് തങ്കം ഗാന്ധിഭവനില്‍ എത്തിയത്. ചലച്ചിത്ര മേഖലയില്‍ താന്‍ കൈപിടിച്ചുയര്ത്തിയവര് ഒരു നോക്ക് കാണാന്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു മരണംവരെയും ഈ വൃദ്ധമാതാവ്.
300 ലധികം സിനിമകളില്‍ അഭിനയിക്കുകയും അന്യഭാഷാ സിനിമകളടക്കം നാലായിരത്തോളം കഥാപാത്രങ്ങള്‍ ശബ്ദം നല്‍കുകയും ചെയ്തിട്ടുളള തങ്കം ഒരുകാലത്ത് മലയാള സിനിമയുടെ പത്തരമാറ്റ് തങ്കമായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലാ തങ്കം ഞായറാഴ്ച രാത്രി 7.35 നാണ് വിട പറഞ്ഞത്. ഗാന്ധിഭവന് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ചലച്ചിത്ര നടനും ഗാന്ധിഭവന് അന്തേവാസിയുമായ ടി.പി. മാധവനും ഗാന്ധിഭവന് കുടുംബാംഗങ്ങളും പാലാ തങ്കത്തിന്റെ ബന്ധുക്കളും അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കാര ചടങ്ങുകളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: