തിരുവനന്തപുരം: ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ ജീവനക്കാരെ ചലച്ചിത്ര അക്കാഡമിയില്‍ സ്ഥിരപ്പെടുത്താന്‍ ചെയര്മാന് കമല്‍ നടത്തിയ നീക്കത്തിനെചതിരേ കെ.എസ്. ശബരീനാഥന് എംഎല്‍എ. പിഎസ് സി ജോലി കിട്ടാതെ യുവാക്കള്‍ ആത്മഹത്യ ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്ന് ശബരീനാഥന് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
കമല്‍ എന്ന സംവിധായകനെ ഞാന്‍ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ മാനുഷികമൂല്യങ്ങള്‍ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാല്‍ കമല്‍ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് എല്ലാ മാനുഷികമൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികള്‍ക്ക് ചലച്ചിത്ര അക്കാഡമിയില്‍ സ്ഥിരനിയമനം നല്‍കിയിരിക്കുകയാണ്.
സ്ഥിരനിയമനം ശുപാര്‍ശചെയ്ത അദ്ദേഹം മന്ത്രിക്ക് എഴുതിയ ഫയലിലെ വാക്കുകള്‍ നമ്മള് ശ്രദ്ധിക്കണം… ‘ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും’
പിഎസ് സി ജോലി കിട്ടാതെ യുവാക്കള്‍ ആത്മഹത്യ ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്കാരിക നായകര്‍ കേരളത്തിന് അപമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: