‘അഞ്ചാം പാതിര’യുടെ സിനിമയുടെ ഒന്നാം വാര്‍ഷികത്തില്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന് മിഥുന് മാനുവല്‍ തോമസ്. ‘ആറാം പാതിര’ എന്നാണ് പുതിയ സിനിമയുടെ പേര്. ഇന്നാണ് അഞ്ചാം പാതിര പുറത്തിറങ്ങി ഒരു വര്‍ഷം തികച്ചത്. അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ആറാം പാതിരയിലും ഒന്നിക്കുന്നത്. ആറാം പാതിരയുടെ ടൈറ്റില്‍ പോസ്റ്ററും മിഥുന് പുറത്തുവിട്ടിട്ടുണ്ട്.
‘അന്‍വര്‍ ഹുസൈന് പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു.. ആറാം പാതിരാ.. ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്’ എന്നാണ് സംവിധായകന് മിഥുന് മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ബോക്സ് ഓഫീസ് വിജയം നേടിയ മലയാളത്തിലെ മികച്ച സൈക്കോ ത്രില്ലര്‍ ആയിരുന്നു അഞ്ചാം പാതിര. ചിത്രത്തില്‍ അന്‍വര്‍ ഹുസൈന് എന്ന ക്രിമിനോളജിസ്റ്റിനെയാണ് കുഞ്ചാക്കോ ബോബന് അവതരിപ്പിച്ചത്. ശ്രീനാഥ് ഭാസി, ഷറഫുദീന്‍, ജിനു ജോസഫ്, ഹരികൃഷ്ണന്, ഉണ്ണിമായ, രമ്യ നമ്പീശന്, അഭിരാം തുടങ്ങിവരാണ് ഒന്നാം ഭാഗത്തില്‍ ഉണ്ടായിരുന്നത്. ഇവരും രണ്ടാം ഭാഗത്തില്‍ അതേ വേഷങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: