പാറശ്ശാല: ധനുവച്ചപുരം എയ്തുകൊണ്ട കാണിയിലെ ലെവല്‍ക്രോസ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഇവിടെ മേല്‍പ്പാലം വേണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നെങ്കിലും അധികൃതര്‍ക്ക് കേട്ട ഭാവമില്ല.
വെള്ളറട, കാരക്കോണം പ്രദേശങ്ങളില്‍ നിന്നും ധനുവച്ചപുരം വഴി ദേശീയപാതയിലെത്തുന്നതിനുള്ള പ്രധാനവഴിയായ എയ്തുകൊണ്ട കാണിയിലെ ലെവല്‍ക്രോസില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തിരക്കേറിയ സമയങ്ങളില്‍ ഇവിടെ അരമണിക്കൂര്‍ വരെ വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. ഇരുവശങ്ങളിലുമായി നൂറില്‍പരം വാഹനങ്ങളാണ് ട്രെയിന്‍ പോകുന്നതും കാത്തുനില്‍ക്കുന്നത്.
ലെവല്‍ക്രോസ് സ്ഥിതിചെയ്യുന്ന റോഡിന്റെ വീതിക്കുറവും ഗതാഗത തടസ്സത്തിന് പ്രധാന കാരണമാകുന്നു. രാവിലെ ആറു മുതല്‍ ഒമ്പതു വരെ നിരവധി തവണ ഗേറ്റ് അടയ്ക്കേണ്ടിവരുന്നു. ഗതാഗതം മുടങ്ങുന്നതിനാല്‍ ബുദ്ധിമുട്ടിലാകുന്നത് സര്‍ക്കാര്‍ ജീവനക്കാരും കൂലിപ്പണിക്കാരുമാണ്. ഈ സമയം അത്യാസന്ന നിലയിലായ രോഗികളെയും കൊണ്ട് ഈ വഴി വന്നാല്‍ പോലും രക്ഷയില്ല. ചില സമയങ്ങളില്‍ അരമണിക്കൂര്‍ വരെ ഗേറ്റ് അടഞ്ഞു കിടക്കും. പലപ്പോഴും ഗേറ്റ് അടച്ചു തുടങ്ങിയാലും ബൈക്കുകള്‍ ലെവല്‍ ക്രേസ്സില് കയറുന്നത് പതിവാണ്. അപകടം ഭയന്ന് ഗേറ്റ് കീപ്പര്‍ വീണ്ടും ഗേറ്റ് തുറക്കാറുണ്ട്.
ദിവസവും വര്‍ദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മേല്‍പ്പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ഒട്ടേറെ നിവേദനങ്ങള്‍ റെയില്‍വേക്ക് നല്‍കിയിട്ടും നടപടിയുണ്ടായില്ല. വര്‍ദ്ധിച്ചുവരുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: