ന്യൂദല്‍ഹി: നിര്‍ബന്ധിച്ചുള്ള കുമ്പസാരം ചോദ്യം ചെയ്ത് അഞ്ചു മലയാളി വനിതകള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കൂടുതല്‍ രേഖകളും വസ്തുതകളും ഹാജരാക്കാനുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി പറഞ്ഞ സാഹചര്യത്തില്‍ കേസ് മാറ്റിവച്ചിട്ടുമുണ്ട്. ബീനാ ടിറ്റി, ലിസി ബേബി, ലാലി ഐസക്, ബീനാ ജോണി, ആനി മാത്യു എന്നിവരാണ് ഹര്‍ജിക്കാര്‍. കുമ്പസാരം നിര്‍ബന്ധമാണെന്ന വ്യവസ്ഥ പുരോഹിതര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇത് സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മലങ്കര സഭയിലുള്ളവരാണ് വനിതകള്‍.
മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടതാണ് ഹര്‍ജിയെന്നും അതിനാല്‍ കേരള ഹൈക്കോടതിയാണ് കേസ് ആദ്യം പരിഗണിക്കേണ്ടതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജിക്കാര്‍ ആദ്യം കേരള ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസും ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേന്ദ്രത്തെയും സംസ്ഥാനത്തെയും എതിര് കക്ഷികളായി ചേര്‍ത്തിട്ടുമുണ്ട്.
ശബരിമലക്കേസില്‍ ഒന്‍പതംഗ ബെഞ്ചിന് വിട്ട വിഷയങ്ങളില്‍ ഒന്നായതിനാല്‍ ഹൈക്കോടതിക്ക് കേസില്‍ വാദം കേള്‍ക്കാന്‍ സാധിക്കില്ലെന്ന് മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. ഈ സമയത്ത് ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് നിലപാട് ആരാഞ്ഞു. 2017ല്‍ സുപീംകോടതിയിലെ മൂന്നംഗ ബെഞ്ച് തീര്‍പ്പു കല്‍പ്പിച്ച, മലങ്കര സഭയിലെ യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കത്തില്‍ നിന്ന് ഉടലെടുത്ത കേസാണിതെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കേസിന്റെ മുഴുവന്‍ ചരിത്രവും ഹൈക്കോടതിക്ക് അറിയാം. അതിനാല്‍ ഹൈക്കോടതി ഇത് പരിഗണിക്കുകയാണ് നല്ലത്. അദ്ദേഹം പറഞ്ഞു.എന്നാല്‍ വിഷയത്തില്‍ മതവിശ്വാസം ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിര്‍ബന്ധിത കുമ്പസാരം മതവിശ്വാസത്തിന്റെ ഭാഗമാണോ, വ്യക്തിയുടെ സ്വകാര്യതയെ ഇത് ബാധിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കോടതി പരിശോധിക്കണമെന്ന് റോഹ്തഗി ആവശ്യപ്പെട്ടു. ഇത് ഭരണഘടനയുടെ 25ാം വകുപ്പിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ കുമ്പസാരം പല പുരോഹിതന്മാരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങള്‍ വ്യക്തിനിഷ്ഠമാണെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്കി. ഡിസംബറില്‍ ഇതേ തരത്തിലുള്ള മറ്റൊരു കേസും സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: