പ്രൊഫ. ഡി. അരവിന്ദാക്ഷന്
കോവിഷീല്‍ഡ്, കോവാക്സിന് എന്നീ രണ്ട് ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനുകള്‍ക്ക് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യാ (ഡി.സി.ജി.ഐ) അനുമതി നല്‍കിയതിനെ സംബന്ധിച്ച് ചില രാഷ്ട്രീയ നേതാക്കളുടെ അശാസ്ത്രീയ വിമര്‍ശനങ്ങള്‍ അബദ്ധജടിലമായി.കോണ്‍ഗ്രസ്സ് നേതാക്കളായ ആനന്ദ ശര്‍മ്മ, ശശി തരൂര്‍ എന്നിവരാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യ മന്ത്രിയും എഞ്ചിനിയറിംഗ് ബിരുദാനന്തര ബിരുദധാരിയുമായ അഖിലേഷ് യാദവിന്റെ പരാമര്‍ശം ഏറെ നിര്‍ഭാഗ്യകരമായി. സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞത് കോവാക്സിന്റെ മൂന്നാം ക്ലിനിക്കല്‍ ട്രയലിന്റെ ഡാറ്റാ പ്രസിദ്ധീകരിക്കണമെന്നാണ്.
1949ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട നിയന്ത്രണാധികാരമുള്ള ഉന്നത സ്ഥാപനമാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍. ഉന്നത അധികാരമുള്ള വിപുലമായ ശാസ്ത്രീയ സംവിധാനമാണത്. നിരവധി പരീക്ഷണശാലകള്‍ ഡ്രഗ്സ് കണ്ട്രോളര് ജനറലിന്റെ കീഴിലുണ്ട്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരം പരിശോധിച്ച് ലൈസന്‍സ് നല്‍കുക, വിതരണം ചെയ്യപ്പെടുന്ന മരുന്നുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുക, ഗുണനിലവാരം ഇല്ലാത്ത മരുന്നുകള്‍ ഉല്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ അവര്‍ക്കെതിര കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുക, മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നിവയാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ പ്രധാന ചുമതലകള്‍.
നിരവധി ശാസ്ത്രീയ സംഘടനകളുമായി ചേര്‍ന്നാണ് ഡി.സി.ജി.ഐ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം. സി.ഐ) ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യാ, ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ, സി.എസ്.ഐ.ആര്, ഐ.സി.എം.ആര് എന്നീ പ്രൊഫഷണല്‍ ഉന്നതധികാര സമിതികളുടെ ഗുണ നിലവാര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഡി.സി.ജി.ഐ പ്രവര്‍ത്തിക്കുന്നത്. മരുന്നുകള്‍ ഉണ്ടാക്കുന്നതിനുള്ള അടിസ്ഥാന മൂലകങ്ങളും മറ്റ് അസംസ്കൃത പദാര്‍ത്ഥങ്ങളും വിശകലനം ചെയ്ത് പരിശോധിക്കുന്നതിനുള്ള ലാബുകള്‍ രാജ്യത്തെമ്പാടും മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു., വിപണിയില്‍ ലഭിക്കുന്ന മരുന്നുകളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നത് ഇത്തരം ലാബോര്‍ട്ടറികളില്‍ പരിശോധന നടത്തിയിട്ടാണ്. ഗുണനിലവാരം ഇല്ലാത്ത മരുന്നുകള്‍ വിപണനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാര്‍ കേസെടുക്കുന്നു.
കോവിഡിനെതിരെയുള്ള വാക്സിനായാലും മറ്റ് മരുന്നുകളായാലും നിര്‍മ്മിക്കുന്നതിന് ലൈസന്‍സ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ജി. എം. പി. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇങ്ങനെ ജി. എം. പി. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മരുന്നു നിര്‍മ്മാണ കമ്പനി ഏര്‍പ്പെടുത്തേണ്ട സംവിധാനങളില്‍ അനിമല്‍ ഹൗസ് നിര്‍ബന്ധമാണ്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ആലപ്പുഴയില്‍ കെ. എസ്. ഡി. പി. യില്‍ അനിമല്‍ ഹൗസ് ഉണ്ടായിരുന്നു. നിര്‍മ്മിക്കുന്ന ഓരോ ബാച്ച് മരുന്നുകളുടെയും സാമ്പിളുകള്‍ 3 വര്‍ഷക്കാലത്തേക്ക് സൂക്ഷിക്കുകയും അവ അനിമെല്‍ ഹൗസിലെ എലി, മുയല്, തുടങ്ങിയ ജീവികള്‍ക്ക് നല്കി പാര്‍ശ്വ ഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ടാണ് ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകള്‍ നല്കി മനുഷ്യരുടെ ഉപയോഗത്തിനായി വിപണിയില്‍ ഇറക്കുന്നത്. മരുന്നു നിര്‍മ്മാണ കമ്പനികള്‍ തന്നെ ഓരോ പുതിയ മരുന്നുകളും മെഡിക്കല്‍ കോളേജുകളിലെ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നത്് നിയമപരമായി രൂപീകരിക്കപ്പെട്ട എത്തിക്സ് കമ്മിറ്റികളില്‍ നല്കി അത്യാസന്ന രോഗികളില്‍ പരീക്ഷിച്ച് പാര്‍ശ്വ ഫലങ്ങള്‍ ഇല്ലെന്നതടക്കമുള്ള ഗുണനിലവാരം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഡി.സി. ജി. ഐ മരുന്നു കമ്പനികള്‍ക്ക് നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കുന്നത്. ഡി.സി.ജി.ഐ ലൈസന്‍സിനായി നല്കുന്ന അപേക്ഷയില്‍ മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന രാസമൂലകങ്ങളുടെയും ഘടനാപരമായ അവസ്ഥയുടെയും പരീക്ഷണ നിരീക്ഷണങ്ങളില്‍ കൂടി തെളിയക്കപ്പെട്ട വസ്തുതകള്‍ രേഖപ്പെടുത്തണം. ജീവനു ഭീഷണിയായ മൂലകങ്ങളും രാസപദാര്‍ത്ഥങ്ങളും മരുന്നു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് 1949-ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ട്. മരുന്നുകളിലെ മൂലകങ്ങളുടെ തോത് കണ്ടു പിടിക്കുന്നതിനുള്ള അത്യാധുനിക പരിശോധനാ യന്ത്രങ്ങള്‍ ഇന്ന് സുലഭമാണ്.
ഇത്തരം പഠനഗവേഷണങ്ങളുടെ ഫലമായിട്ടാണ് കൊറോണക്കെതിരിയുള്ള പുതിയ രണ്ട് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ക്ക് അനുമതി നല്‍കിയത്. പൂനയില്‍ സീറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഡ്ഷീല്‍ഡ് വാക്സിന് കണ്ടു പിടിച്ചത് ഒക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയാണ്. ഒക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ കണ്ടുപിടിത്ത പ്രകാരം ലോകാരോഗ്യ സംഘടനയുടെ അനുമതി തേടി മറ്റൊരു വിദേശ കമ്പനി ഈ വാക്സിന് നിര്‍മ്മിച്ച് വിതരണം നടത്തിയതിനു ശേഷമാണ് സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഈ വാക്സിന് നിര്‍മ്മിക്കുന്നതിനാവശ്യമുള്ള അനുമതി നേടി വാക്സിന് നിര്‍മ്മിച്ചത്.
ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്പനി കോവാക്സിന് കണ്ടുപിടിച്ച് നിര്‍മ്മിച്ചത് ഭാരതത്തിലെ മരുന്നു ഗവേഷകരുടെയും മരുന്നു നിര്‍മ്മാണത്തിലേര്‍പ്പെട്ട ശാസ്ത്രജ്ഞന്മാരുടെയും എഞ്ചിനീയര്‍ന്മാരുടെയും വലിയ നേട്ടമാണ്. ഈ രണ്ട് കമ്പനികളുടെയും വാക്സിന് നിര്‍മ്മാണ പ്രക്രിയയും അതിനോടനുബന്ധിച്ചുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളും നേരിട്ട് കാണാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഈ കമ്പനികളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 2020 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ഏഴു ലക്ഷം കോടി രൂപയുടെ മരുന്ന് ലോക രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ നാലു ലക്ഷം കോടി രൂപയുടെ മരുന്നുകള്‍ മാത്രമേ ഇന്ത്യയില്‍ ഉല്പാദിപ്പിക്കാന് കഴിയുന്നുള്ളു. കോവിഡ് പ്രതിരോധത്തിനുള്ള 17 മരുന്നുകളില്‍ ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിച്ച് ലോകത്തിനു നല്‍കിയത് ഭാരതമാണ്.
ഫൈസര്‍ വാക്സിനും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് വളരെ താമസിക്കാതെ അനുമതി ലഭിക്കാന്‍ സാധ്യതയുണ്ട്. കോവിഡ് ബാധിച്ച് രണ്ടുലക്ഷത്തിലധികം ആളുകള്‍ ഭാരതത്തിലും 3000-ല്‍ അധികം ആളുകള്‍ കേരളത്തിലും മരിച്ചിട്ടുണ്ട്. ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെയും ജീവനും വരുമാനത്തിനും ഇത്രയധികം ഭീഷണി വരുത്തിയ കോവിഡ്-19 എന്ന മഹാമാരിയെ നേരിടാന്‍ മരുന്നു ഗവേഷകരും ശാസ്ത്രജ്ഞരും, ഉന്നതധികാര സമിതിയും പ്രയത്നിക്കുമ്പോള്‍ അവയെ അധിക്ഷേപിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയും ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയുമാണ്.
വാക്സിനുകളില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ പൂര്‍ണ്ണരൂപം നിര്‍മ്മാണക്കമ്പനികള്‍ ഡി.സി.ജി.ഐക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വാക്സിന് കുപ്പികളുടെ പുറത്ത് അവയില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെയും മിശ്രിതങ്ങളുടെയും പൂര്‍ണ്ണ രൂപത്തിലുള്ള രാസനാമങ്ങളുമുണ്ട്. ഏതൊരാളിനും ലബോറട്ടറികളില്‍ ഇവ പരിശോധിക്കാവുന്നതേയുള്ളൂ. ഇതു മനസ്സിലാക്കാതെയാണ് രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്.
പൂനയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേഷണ പരിചയം പരിഗണിച്ചാല്‍ പ്ലാസ്മാസെല്ലുകളില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന് വേര്‍തിരിച്ചെടുക്കാനാണ് സാധ്യത. ഹൈദ്രാബാദിലെ ഭാരത് ബയോടെക്കിന്റെ ഗവേഷണ പരിചയം പരിശോധിച്ചാല്‍ ഔഷധ സസ്യങ്ങളില്‍ നിന്ന് കോവാക്സിന് വേര്‍തിരിച്ചെടുക്കാനാണ് സാധ്യത. രണ്ടു കമ്പനികളും ഒരുമിച്ച് മത്സരമില്ലാതെ കോവിഡിനെതിരെ വാക്സിനുകളുമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് മാതൃകയായി. ലോകാരോഗ്യ സംഘടന അംഗീകാരം നല്കിയ മൂന്ന് വാക്സിനുകളില്‍ രണ്ടെണ്ണം ഉല്പാദിപ്പിക്കാന് കഴിയുന്ന ഭാരതത്തെ സംഘടനയുടെ ഡയറകട്ര് ജനറല്‍ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. കോവാക്സിന് ഉല്പാദിപ്പിച്ച് വിപണിയിലിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയെ പ്രേരിപ്പിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതവും നിലനില്‍ക്കാത്തതുമാണ്. കോവിഡിനെതിരെ വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്രഗല്ഭരായ ഇന്ത്യന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണ്.
ബഹിരാകാശ രംഗത്തും ആയുധ നിര്‍മ്മാണത്തിലും ലോക രാഷ്ട്രങ്ങള്‍ നാളിതുവരെ കൈവരിച്ച എല്ലാ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ക്കും മുകളിലാണ് ഇന്ത്യയിലെ രണ്ട് വന്‍കിട മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്ക് കൊറോണക്കെതിരെയുള്ള വാക്സിനുകള്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലിറക്കാന്‍ സാധിച്ചത്. ലോകാരോഗ്യ സംഘടനയുടെ ജീവന്‍രക്ഷാ മരുന്നുകളുടെ കൂട്ടത്തില്‍ ഇവയ്ക്ക് പ്രഥമ സ്ഥാനമാണുള്ളത്. വാക്സിനുകള്‍ ഉപയോഗിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്ന വിമര്‍ശകര്‍ക്ക് വാക്സിനുകളുടെ ഫലപ്രാപ്തികണ്ട് സംതൃപ്തി നേടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: