ഇസ്ലാമബാദ്: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിലെ മുഖ്യാസൂത്രകനായ ലഷ്കര്‍ ഇ-തയ്ബ ഭീകരന് സക്കി-ഉര്-റഹ്മാന് ലഖ്വിയ്ക്ക് 15 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാനിലെ കോടതി.
അറസ്റ്റിന് ഒരാഴ്ചയ്ക്കകമാണ് പാക് കോടതിയുടെ ഈ വിധി. ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഖ്വി ലഷ്കര്‍ ഇ ത്വയിബയുടെ ഓപ്പറേഷന്‍സ് കമാന്‍ഡറാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ ലഖ്വിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
ജനവരി രണ്ടിനാണ് ലാഹോറിലെ പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പ് തീവ്രവാദത്തിനുള്ള ധനസഹായവുമായി ബന്ധപ്പെട്ട കേസില്‍ ലഖ്വിയെ അറസ്റ്റ് ചെയ്തത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിക്കുന്ന ഫണ്ടുപയോഗിച്ച് ലഖ്വി ഒരു ഡിസ്പെന്‍സറി നടത്തിവരികയായിരുന്നു.
2008ല്‍ പത്ത് ആയുധധാരികളായ ലഷ്കര്‍ ഇ തയ്ബ ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും മൂംബൈയിലെത്തി നടത്തിയ ആക്രമണത്തില്‍ 166 പേര് കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ മുഖ്യാസൂത്രകനായിരുന്നു ലഖ്വി. ഇതിന്റെ പേരില്‍ ആറ് വര്‍ഷം പാക് തടവിലായിരുന്ന ലഖ്വി 2015 ഏപ്രിലിലാണ് മോചിതനായത്.
ആഗോള തലത്തില്‍ കള്ളപ്പണം വെളുപ്പിക്കലും ഭീകരപ്രവര്‍ത്തന ധനസഹായവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ആഗോള സംഘടനയായ എഫ്എടിഎഫ് പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും ഒഴിവാകാനാണ് പാകിസ്താന് തിടുക്കത്തില്‍ ലഖ് വിയെ അറസ്റ്റ് ചെയ്തെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: