തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് നോട്ടീസ് നല്‍കുന്നതിന് മുമ്പ് കസ്റ്റംസ് സ്പീക്കറുടെ അനുമതി തേടണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയത് വിവാദത്തില്‍. സാമാജികര്‍ക്ക് മാത്രമാണ് നിയമപരിരക്ഷയുള്ളതെന്നും നിയമവ്യവസ്ഥ പരിപാലിക്കാന്‍ ബാധ്യസ്ഥനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് നിയമവ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍, നിയമസഭാ പരിധിയിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്ന വാദവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണനും നിലപാടില്‍ ഉറച്ചുനിന്നു.
നിയമസഭാ സമാജികര്‍ക്കുള്ള ഭരണഘടനാപ്രകാരമുള്ള പരിരക്ഷ അവരുടെ സ്റ്റാഫിനും ലഭിക്കുമെന്ന സ്പീക്കറുടെയും സ്പീക്കറുടെ ഓഫീസിന്റെയും നിലപാട് ചട്ടം 165 ചൂണ്ടിക്കാട്ടിയായിരുന്നു. നിയമസഭയുടെ പരിധിക്കുള്ളില്‍ ജീവനക്കാര്‍ക്ക് പരിരക്ഷയുള്ളതിനാല്‍ നിയമസഭയുടെ അഡ്രസില്‍ നല്കിയ കത്ത് ചട്ടപ്രകാരമല്ലെന്നാണ് നിയമസഭാ സെക്രട്ടറിയുടെ നിലപാട്. ഇത് നിയമാനുസൃതമല്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
കേരള നിയമസഭയില്‍ തന്നെ മുമ്പ് ഇത് സംബന്ധിച്ച് സ്പീക്കറുടെ റൂളിങ് ഉണ്ടായിട്ടുള്ളതാണ്. 1970 കളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനോടനുബന്ധിച്ച് നിയമസഭാ വളപ്പില്‍ നിന്ന് ചില ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം പ്രവിലേജിന്റെ പരിധിയില്‍ വരികയില്ലെന്ന് അന്നത്തെ നിയമസഭാ സ്പീക്കര്‍ റൂളിങ് നല്‍കിയിട്ടുണ്ട്. നിയമസഭാ സാമാജികര്‍ക്കുള്ള പരിരക്ഷ അല്ലാത്തവര്‍ക്ക് ലഭിക്കുകയില്ലെന്നാണ് സ്പീക്കറുടെ റൂളിങ്. അത് ഇപ്പോഴും നിലനില്‍ക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ചട്ടം 164 അനുസരിച്ചുള്ള അറസ്റ്റിന്മേലാണ് അന്ന് റൂളിംഗ് ഉണ്ടായത്. അതിന്റെ തുടര്‍ച്ചയായ ചട്ടം 165 നും അത് ബാധകമാണെന്ന് പ്രതിപക്ഷം പറയുന്നു.
നിയമസഭയുടെ പരിധിയിലുള്ളവര്‍ക്കെതിരേ സിവിലോ, ക്രിമിനലോ ആയ നിയമനടപടികള്‍ സ്വീകരിക്കണമെങ്കില്‍ സ്പീക്കറുടെ അനുവാദം വാങ്ങിയിരിക്കണം എന്നാണ് ചട്ടം. നിയമസഭാംഗങ്ങള്‍ക്കു മാത്രമുള്ളതാണ് ഇതിന്റെ പരിരക്ഷ. ഇത് സ്പീക്കറുടെ സ്റ്റാഫിനും കൂടി ബാധകമാക്കുകയാണ് നിയമസഭാ സെക്രട്ടറി ചെയ്തതെന്നാണ് ആക്ഷേപം. രണ്ടു തവണ സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല. മൂന്നാം തവണ നോട്ടീസ് നല്‍കിയപ്പോഴാണ് നിയമസഭാ സെക്രട്ടറി പരിരക്ഷാവാദം ഉന്നയിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സ്പീക്കറായി ഹാജരാകാതിരിക്കാന്‍ സിപിഎമ്മിന്റെ വൈകിക്കല്‍ തന്ത്രം
കൊച്ചി: കസ്റ്റംസിന്റെയോ ഇഡിയുടെയോ ചോദ്യം ചെയ്യലിന് നിയമസഭാ സ്പീക്കറായി പി. ശ്രീരാമകൃഷ്ണന് ഹാജരാകുന്നത് ഒഴിവാക്കാന്‍ സിപിഎമ്മിന്റെ വൈകിക്കല്‍ തന്ത്രമെന്ന് വിശകലനം. ഈ നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ പ്രായോഗികമായി സ്പീക്കറുടെ ‘കഥ’ കഴിഞ്ഞു. ഈ സഭയുടെ അവസാന സമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. അതിനു ശേഷം, തെരഞ്ഞെടുപ്പു തന്ത്രത്തിന്റെ ഭാഗമായി വേണ്ടിവന്നാല്‍ ശ്രീരാമകൃഷ്ണനെ രാജിവയ്പ്പിക്കാനും സിപിഎം തയാറായേക്കും.
സഭാ സമ്മേളനം കഴിയുന്നത് തെരഞ്ഞെടുപ്പ് വെല്ലുവിളികളോടെയായിരിക്കും. പരമാവധി രാഷ്ട്രീയം സഭയില്‍ കളിച്ച് കളം ചൂടാക്കാനാണ് ഭരണമുന്നണിയുടെ നീക്കം. സഭാ നടപടികളുടെ തത്സമയ ടിവി സംപ്രേഷണവും പത്രസമ്മേളനങ്ങളും ചാനല്‍ ചര്‍ച്ചകളുമായി കൊഴുപ്പിക്കും. ഇതിന് സ്പീക്കറെ പരമാവധി വിനിയോഗിക്കും. അങ്ങനെയാണ് തികച്ചും യുക്തിയില്ലാത്തതെന്നറിയാമായിട്ടും, എപിഎസ്. കെ. അയ്യപ്പന് കസ്റ്റംസയച്ച സമന്‍സിനെ ചെറുക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനായത്.
എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി കഴിഞ്ഞപ്പോള്‍ സിപിഎം ന്യായീകരിച്ചത്, ഈ സര്‍ക്കാരിലുള്ള ആരും സ്വര്‍ണക്കടത്തിലും കള്ളക്കടത്തിലും അറസ്റ്റിലായിട്ടില്ല എന്നായിരുന്നു. അന്വേഷണ ഏജന്‍സികള്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്. അപ്പോള്‍ സ്പീക്കറായിട്ടായിരിക്കില്ല, ഹാജരാകുക എന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: