കൊല്ലം: ഗോപുരം കടക്കാന്‍ കാക്കണേ ഈശ്വരാ… ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ എത്തുന്ന ഭക്തതരുടെ പ്രാര്‍ത്ഥന ഇപ്പോള്‍ ഇങ്ങനെയുമാണ്. ഇരു വശത്തെയും ഗോപുരങ്ങള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഇത് നന്നാക്കാന്‍ വേണ്ട യാതൊരു പരിഗണനയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഗോപുരത്തിന്റെ തടികൊണ്ടുള്ള തൂണുകള്‍ അടര്‍ന്നു മാറി ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
കൂരകള്‍ ചിതല് കയറി നശിച്ചത് കാരണം ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് തന്നെ ഭീഷണിയാണ്. ക്ഷേത്രത്തിന്റെ നവീകരണത്തിന് വേണ്ടി ഭക്തജനങ്ങളും ക്ഷേത്ര ഉപദേശകസമിതിയും നിരവധി തവണ ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരുന്നു. ഓരോ തവണയും പരിശോധന നടത്തുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൃത്യമായ കാലയളവില്‍ നവീകരണം ഉണ്ടായിരുന്നുവെങ്കില്‍ ഗോപുരം ഇത്രയേറെ തകരില്ലായിരുന്നുവെന്ന് ഭക്തര്‍ പറയുന്നു. ഇപ്പോള്‍ ഗോപണ്ടുരം നവീകരിക്കുന്നതിന് ലക്ഷങ്ങള്‍ ചെലവ് വരുന്ന അവസ്ഥയിലാണ്.
കൊറോണ കാലത്ത് ക്ഷേത്രങ്ങള്‍ക്ക് ഉണ്ടായ വരുമാന നഷ്ട്ടം മൂലം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. പക്ഷേ ഇതിനിടയിലും ക്ഷേത്രത്തിന് തൊട്ടു ചേര്‍ന്നുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ് നവീകരിക്കുന്നതിനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതിനുള്ള പരിശോധനയും എസ്റ്റിമേറ്റും ടെണ്ടര്‍ നടപടികളും ഉടന്‍ പൂര്‍ത്തിയാവും. ഓഫീസിനൊട് ചേര്‍ന്നുള്ള ക്ഷേത്രക്കുളവും കാട് കയറി ചുറ്റുമതില്‍ നശിച്ച് തകര്‍ച്ചയുടെ വക്കിലാണ്. ഇതും പരിഗണിക്കാതെയാണ് ദേവസ്വം ഓഫീസ് നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: