കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരില്‍ ഏറെയും ബ്രാഹ്മണിപ്പാട്ടിന്റെ പുണ്യവുമായാണ് മടങ്ങുന്നത്. നാലമ്പലത്തിന് അകത്തെ പാട്ടുപുരയിലിരുന്നു ബ്രാഹ്മണിയമ്മ പാടുന്ന ദേവീസ്തുതിഗീതങ്ങളില് ഭക്തരുടെ മനസിലെ ദുഃഖങ്ങള്‍ ഒഴിയാറുണ്ട്. തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ മാത്രമുള്ള പ്രത്യേകതയാണ് ബ്രാഹ്മണി അമ്മയും ബ്രാഹ്മണിപ്പാട്ടും. ശ്രീപാര്‍വ്വതീദേവിയെ ദര്‍ശിക്കാന്‍ എത്തുന്ന ഭക്തരില്‍ ഏറെയും ബ്രാഹ്മണി അമ്മയെ കണ്ട് സങ്കടങ്ങള്‍ ഉണര്‍ത്തിച്ച് ബ്രാഹ്മണി പാട്ടിലൂടെ അവയ്ക്കു പരിഹാരം തേടാറുണ്ട്.
ശിവപാര്‍വ്വതീ പരിണയ കഥകള്‍ ഇതിവൃത്തമായുള്ള ബ്രാഹ്മണിപാട്ടിലൂടെ ദേവി പ്രീതിപ്പെടുമെന്നും അതുവഴി സങ്കടങ്ങള്‍ ഒഴിഞ്ഞ് സര്‍വ്വൈശ്വര്യങ്ങളും കൈവരുമെന്നുമാണ് ഭക്തരുടെ വിശ്വാസം. നടതുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള ചടങ്ങുകളില്‍ മുഖ്യപങ്കാളിത്തവും ബ്രാഹ്മണി അമ്മയ്ക്കുണ്ട്. നടതുറപ്പിനു ശേഷം രാത്രി പാട്ടുപുരയിലേക്ക് എഴുന്നള്ളുന്ന ദേവിക്ക് അകമ്പടി സേവിക്കുന്നതും രാത്രി മുഴുവന്‍ ദേവിക്കു സ്തുതിഗീതങ്ങളുമായി ഉറക്കമൊഴിച്ചു കൂട്ടിരിക്കുന്നതും ബ്രാഹ്മണി അമ്മയാണ്. അല്ലിമംഗലത്ത് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് ക്ഷേത്രത്തിലെ ബ്രഹ്മണി അമ്മയാകാനുള്ള അവകാശം. പാരമ്പര്യമായി വായ്മൊഴിയായി പകര്‍ന്നുകിട്ടിയ ഗീതങ്ങളാണ് ഇവര്‍ ചൊല്ലുന്നത്.
അല്ലിമംഗലത്ത് പുഷ്പകം തങ്കമണി ടീച്ചറാണ് നിലവിലെ ബ്രാഹ്മണി അമ്മ. മുന്‍കാലങ്ങളില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നാലമ്പലത്തിനുള്ളിലെ പാട്ടുപുരയില്‍ ബ്രാഹ്മണി അമ്മമാരെ നേരില്‍കണ്ട് വഴിപാടു നേരാനും ബ്രാഹ്മണിപാട്ടു കേള്‍ക്കാനും ഭക്തര്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നാലമ്പലത്തിന് ഉള്ളില്‍ പ്രവേശനമില്ലാത്തതിനാല്‍ ഇത്തവണ ഭക്തര്‍ക്ക് ബ്രാഹ്മണിപാട്ട് നേര്‍ന്നു പോകുവാനേ കഴിയൂ. ഇതിനായി വഴിപാട് കൗണ്ടറില്‍ പേരും നക്ഷത്രവും പറഞ്ഞ് ബ്രാഹ്മണിപാട്ട് നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. വഴിപാട് നേരുന്ന ഭക്തരുടെ പേരില്‍ പാട്ടുപുരയില്‍ ബ്രാഹ്മണിപാട്ട് നടത്തും.
ദര്‍ശനത്തിന് പ്രതിദിനം ആയിരം പേരെ അധികമായി അനുവദിച്ചതിനേതുടര്‍ന്ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് പുനരാരംഭിച്ചു. നേരത്തെ പ്രതിദിനം 1500 പേരെന്ന നിലയില്‍ തുടക്കമിട്ട ബുക്കിങ് നടതുറപ്പിനു മുന്‍പേ പൂര്‍ത്തിയായിരുന്നു. ഇതേതുടര്‍ന്ന് ബുക്കിങ് നിലച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: