സിഡ്നി: കളിച്ചത് 12 ടെസ്റ്റ് മത്സരങ്ങള്‍, വിജയിച്ചത് ഒന്നില്‍ മാത്രം. അതും 1978ല്‍. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് നടക്കുന്ന സിഡ്നിയിലെ ഇന്ത്യന്‍ ചരിത്രം അത്ര ശുഭകരമല്ല. എങ്കിലും ഓസ്ട്രേലിയയില്‍ ചരിത്ര വിജയം നേടുന്നത് ഇന്ത്യയ്ക്ക് ശീലമായി കഴിഞ്ഞു.
2018ല്‍ നടത്തിയ തേരോട്ടം ഇക്കുറിയും തുടരാന്‍ ഇന്ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്ക്കുന്ന ഇരു ടീമിനും സിഡ്നിയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് മറ്റൊരു പരീക്ഷണമാണെന്നതില്‍ തര്‍ക്കമില്ല.
ഉപനായകന്‍ രോഹിത് ശര്‍മയുടെ വരവ് ഇന്ത്യന്‍ ടീമിന് ശക്തിയേകും. സ്ഥിര നായകന് വിരാട് കോഹ്ലിയുടെ അഭാവത്തിലും ഇന്ത്യക്ക് വിജയിക്കാനാകുമെന്ന് കഴിഞ്ഞ മത്സരത്തില്‍ തെളിയിച്ച് കഴിഞ്ഞു. അജിങ്ക്യ രഹാനെയെന്ന കളിക്കാരനും നായകനും ഒരുപോലെ പരീക്ഷിക്കപ്പെട്ട് വിജയിച്ച മത്സരംകൂടിയാണ് കഴിഞ്ഞത്. മൂന്നാം ടെസ്റ്റില്‍ വിജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയാല്‍ അത് ടീമിനും രഹാനെയ്ക്കും നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. മായങ്ക് അഗര്‍വാളിന് പകരം രോഹിത് ടീമിലെത്തിയതാണ് ഇന്ത്യന്‍ ടീമിലെ പ്രധാന മാറ്റം. ബൗളിങ്ങില്‍ ഉമേഷ് യാദവിന്റെ പരിക്ക് നവദീപ് സയ്നിക്കും വഴി
തുറന്നു. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്മ്മയുമാകും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയ്ക്ക് ഓസീസ് പേസിന് മുന്നില്‍ പിടിച്ച് നില്ക്കാന് കഴിയുമെന്നതിന്റെ സാക്ഷിപത്രമാണ് കഴിഞ്ഞ മത്സരം.
ഹനുമാ വിഹാരിക്ക് മറ്റൊരു അവസരം കൂടിയാണ് ടീം നല്‍കിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട വിഹാരിക്ക് ഇത്തവണ മികവ് കാട്ടിയിലലെങ്കില് അടുത്ത മത്സരത്തില്‍ പുറത്തു പോകേണ്ടി വരും. അഞ്ച് ബൗളര്‍മാരുമായാണ് ഇക്കുറിയും ഇന്ത്യ ഇറങ്ങുന്നത്. അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ മത്സരത്തിലെ വിജയത്തില്‍ നിര്‍ണ്ണായകമായെന്ന് രഹാനെ പ്രതികരിച്ചിരുന്നു. പ്രധാന ബാറ്റ്സ്മാന്മാര് പന്തെറിയില്ലെന്ന പോരായ്മ ജഡേജയിലൂടെ പരിഹരിക്കാനാണ് ശ്രമം. ജഡേജ ബാറ്റിങ്ങില്‍ മികവ് കാട്ടുന്നത് ടീമിന് ശക്തിയാണ്.
ഇന്ത്യന്‍ ടീം: അജിങ്ക്യ രഹാനെ (നായകന്), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്, നവദീപ് സയ്നി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: