ന്യൂദല്‍ഹി: നിയമവിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ക്കെതിരായ നിയമം സംബന്ധിച്ച ഹര്‍ജികളില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് അറിയിച്ചു. ഇതു സംബന്ധിച്ച രണ്ടു വ്യത്യസ്ത ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഉത്തരാഖണ്ഡിലെ മതസ്വാതന്ത്ര്യ നിയമം 2018, ഉത്തര്‍പ്രദേശിലെ നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് 2020 എന്നിവയ്ക്കെതിരെയാണ് ഹര്‍ജികള്‍.
അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് ഹര്‍ജിക്കാരനോട് സുപ്രീംകോടതി ആദ്യം നിര്‍ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇതിനോടകം പരിഗണനയിലുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ സമാനനിയമം കൊണ്ടുവരുന്നുണ്ടെന്നും ചില വ്യവസ്ഥകള്‍ ഭയം ജനിപ്പിക്കുന്നതും അടിച്ചമര്ത്തുന്നതുമാണെന്നും ഹര്‍ജിക്കാരനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് സി യു സിംഗ് വാദിച്ചു.
ഇത് സുപ്രീംകോടതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിവാഹം കഴിക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് നിയമത്തിലുണ്ടെന്നും ഇത് നിന്ദ്യമാണെന്നും സി യു സിംഗ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് അറിയിച്ച് സംസ്ഥാനങ്ങള്‍ക്ക് നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശിച്ചത്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. സംസ്ഥാനങ്ങളുടെ അഭിപ്രായം കേട്ടശേഷമേ സ്റ്റേ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാകൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: