ന്യൂദല്‍ഹി: വിദേശത്തു കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ പ്രവാസി വോട്ടിന് അനുകൂല നിലപാട് അറിയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇ പോസ്റ്റല്‍ ബാലറ്റിലൂടെ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയോട് അനുകൂലമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1.17 ലക്ഷം പ്രവാസികളാണ് വോട്ടര്‍ പട്ടികയിലുള്ളത്.
എന്‍ആര്‍ഐക്കാര്‍ക്ക് (നോണ്‍ റസിഡന്റ് ഇന്ത്യന്‍) അവര്‍ താമസിക്കുന്ന രാജ്യത്തുനിന്ന് ഇ പോസ്റ്റല്‍ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) വഴി വോട്ട് ചെയ്യാവുന്ന സംവിധാനമാണ് നടപ്പാവുക. വിദേശകാര്യമന്ത്രാലയം അനുകൂല നിലപാടു സ്വീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ നടപടി ക്രമങ്ങള്‍ ഏറെയുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമാക്കി. ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചന നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രവാസി വോട്ട് നടപ്പാക്കാന്‍ 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നാണ് കഴിഞ്ഞ നവംമ്പര്‍ 27ന് നിയമ സെക്രട്ടറിക്ക് അയച്ച കത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നത്.
ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ആസാം, ബംഗാള്‍, കേരളം, തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി വോട്ട് സംവിധാനം നടപ്പാക്കാമെന്നും കത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: