ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് പുറപ്പെടും മുന്‍പ് കോവിഡ് വാക്സിന് നല്‍കുമെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷത്തെ ഹജ്ജിനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി പത്താണെന്നും കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അധികൃതരുമായും ഹജ്ജ് സംഘത്തിന്റെ സംഘാടകരുമായും തെക്കന്‍ മൂംബൈയിലെ ഹജ്ജ് ഹൗസില്‍ കേന്ദ്രമന്ത്രി നടത്തിയ യോഗത്തില്‍ നിരവധി പ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു.
ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഇന്ത്യയില്‍നിന്ന് പോകുന്ന എല്ലാവര്ക്കും കോവിഡ് വാക്സിനേഷനുള്ള ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി. മഹാമാരിയും എയര്‍ ഇന്ത്യ പോലുള്ള ഏജന്‍സികളുടെ അഭിപ്രായവും കണക്കിലെടുത്ത് ഹജ്ജിനായി പുറപ്പെടുന്ന സ്ഥലങ്ങളുടെ എണ്ണം പത്തായി കുറച്ചിട്ടുണ്ട്.
അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ദല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്നൗ മുംബൈ, ശ്രീനഗര്‍ എന്നിവടങ്ങളാണ് എംബാര്‍കേഷന്‍ പോയിന്റുകള്‍. നേരത്തേ രാജ്യത്തുടനീളം 21 പോയിന്റുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: