വടക്കാഞ്ചേരി: വിവാദമായ ചരല്‍പ്പറമ്പ് ലൈഫ് മിഷന് ഫ്ളാറ്റില്‍ കെട്ടിടങ്ങളുടെ ബലപരിശോധന തുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘമാണ് പരിശോധനയ്ക്കായി നിര്‍മാണം നിര്‍ത്തിവച്ച ഫ്ളാറ്റ് സമുച്ചയത്തിലെത്തിയത്. തൂണുകളുടെ ബലം, കോണ്‍ക്രീറ്റിന്റെ ഗുണനിലവാരം എന്നിവയാണ് പരിശോധിക്കുന്നത്.
പാലാരിവട്ടം പാലത്തിലെ ബലപരിശോധനയുടെ അതേ മാതൃകയില്‍ തന്നെയാണ് ഇവിടേയും ബലപരിശോധന. ഫ്ളാറ്റിലെ 20 സ്ഥലങ്ങളില്‍ നിന്നായി കോണ്‍ക്രീറ്റ് സ്ലാബുകള്‍ ശേഖരിച്ചു. ഇവ തൃശൂര്‍ എഞ്ചിനീയറിങ് കോളേജില്‍ കോര്‍ ടെസ്റ്റ് നടത്തിയ ശേഷമാകും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക. തൂണുകളുടെ ബലം പരിശോധിക്കുന്നതിന് ഒന്നിടവിട്ട തൂണുകളിലായിരുന്നു ഹാമര്‍ ടെസ്റ്റ് നടത്തിയത്. പിഡബ്ല്യുഡി ക്വാളിറ്റി കണ്ട്രോള് വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
ഇന്നലെ രാവിലെ 10 മണിയോടെ ക്വാളിറ്റി കണ്ട്രോളര് കെ.എസ്. സുമയുടെ നേതൃത്വത്തില്‍ ചരല്പ്പറമ്പിലെത്തിയ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. തൃശൂര്‍ എഞ്ചിനീയറിങ് കോളേജിലെ വിദഗ്ധര്‍, പിഡബ്ല്യുഡി ബില്‍ഡിങ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍, ലൈഫ് മിഷന് പദ്ധതി എഞ്ചിനീയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബലപരിശോധനയ്ക്കെത്തിയത്. പരിശോധന ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: