ലണ്ടന്‍: അതിവേഗ രോഗവ്യാപനശേഷിയുള്ള പുതിയ കോവിഡ് വൈറസ് ഭീഷണിയായ സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യയിലേക്കുള്ള റിപ്പബ്ലിക് ദിന സന്ദര്‍ശനം റദ്ദാക്കി. അതേ സമയം ബ്രിട്ടീഷ് പ്രധാനമന്ത്രി 2021ന്റെ ആദ്യപകുതിയില്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്നും യുകെ സര്‍ക്കാര്‍ ഉറപ്പുനല്‍കി. ബ്രിട്ടനില്‍ നടക്കാനിരിക്കുന്ന ജി7 സമ്മേളനത്തിന് മുന്നോടിയായിത്തന്നെ ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് യുകെ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയത് സംബന്ധിച്ച് ബോറിസ് ജോണ്സണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
‘കഴിഞ്ഞ രാത്രി ബ്രിട്ടനില്‍ ദേശീയമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ജനിതക മാറ്റം വന്ന വ്യാപനശേഷികൂടിയ വൈറസ് പടര്‍ന്നുപിടിക്കുകയും ചെയ്ത സാഹചര്യത്തില്‍ യുകെയില്‍ തന്റെ സാന്നിധ്യമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചതായും വക്താവ് പറഞ്ഞു.
ജനവരി 26ന് ഇന്ത്യയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്. ഡിസംബര്‍ 15ന് യുകെയുടെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്. ആഗോള രാഷ്ട്രീയത്തിലെ സുപ്രധാന മാറ്റങ്ങളുടെ സാഹചര്യത്തില്‍ ഇന്ത്യ-യുകെ ബന്ധം പ്രധാനമാണെന്നും അന്ന് റാബ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറോട് പറഞ്ഞിരുന്നു. ഈ വര്‍ഷത്തെ ജി7 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ റാബ് ബ്രിട്ടനിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: