ന്യൂദല്‍ഹി:കോവിഡ്19 വാക്സിന് വികസിപ്പിച്ചതിന്റെയും ശാസ്ത്രീയമായ നവീനതകള്‍ നടപ്പാക്കുന്നതിന്റെയും പേരില്‍ ഇന്ത്യയെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്.
നേരത്തെ കോവിഡ് 19 വാക്സിന് ഉല്പാദിപ്പിച്ചതിന്റെ പേരില്‍ ലോകാരോഗ്യസംഘടന (ഡബ്ള്യു എച്ച് ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രെയെസെസും ഇന്ത്യയെ അഭിന്ദിച്ചിരുന്നു. പ്രതിപക്ഷം കോവിഡ് വാക്സിന്റെ കാര്യത്തില്‍ രാഷ്ട്രീയ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബില്‍ ഗേറ്റ്സിന്റെ അഭിനന്ദനമെന്നത് ശ്രദ്ധേയമാണ്.
വാക്സിന് ഉല്പാദനശേഷിയുടെ കാര്യത്തിലും ശാസ്ത്രീയനവീനതകള് കൊണ്ടുവരുന്നതിലും ഇന്ത്യന്‍ നേതൃത്വത്തിനുള്ള കഴിവിനെയും ബില്‍ ഗേറ്റ്സ് അഭിനന്ദിച്ചു. ‘ലോകം കോവിഡ് 19 മഹാമാരിയെ തുരത്താന്‍ ശ്രമിക്കുന്ന അതേ സമയത്ത് ശാസ്ത്രീയമായ നവീനതകള്‍ നടപ്പാക്കുന്നതിലും മികവാര്‍ന്ന വാക്സിന് ഉല്പാദനശേഷിയുടെ കാര്യത്തിലും നേതൃത്വം നല്കുന്ന ഇന്ത്യയുടെ നേതാക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു,’ ബില്‍ഗേറ്റ്സ് പ്രധാനമന്ത്രിയുടെ ഓഫീസിനെക്കൂടി ടാഗ് ചെയ്ത് നടത്തിയ ട്വീറ്റില്‍ പറഞ്ഞു.
കോവിഡ് 19 പ്രതികരണത്തില്‍ ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടും ബില്‍ ഗേറ്റ് നേരത്തെ പ്രധാനമന്ത്രി മോഡിയ്ക്ക് കത്തയച്ചിരുന്നു. കൊറോണ വൈറസിനെ ട്രാക്ക് ചെയ്യാനും സമ്പര്‍ക്കം കണ്ടെത്തുന്നതിനും ആരോഗ്യസേവനത്തിന്റെ കാര്യത്തില്‍ ആളുകളെ തമ്മില്‍ ബന്ധിപ്പിക്കാനും സഹായിക്കുന്ന ആരോഗ്യ സേതു എന്ന ഡിജിറ്റല്‍ ആപ് ഇറക്കിയതിലും ബില്‍ ഗേറ്റ്സ് പ്രധാനമന്ത്രിയെ ശ്ലാഘിച്ചു.
‘ദേശീയ തലത്തിലുള്ള ലോക് ഡൗണ്‍, രോഗബാധയുള്ള ഇടങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിശോധന വിപുലമാക്കല്‍, ആരോഗ്യമേഖലയിലുള്ള ചെലവഴിക്കല്‍ വര്‍ധിപ്പിക്കല്‍, ഡിജിറ്റല്‍ നവീകരണം, ഗവേഷണവും വികസനവും എന്നീ പ്രവര്‍ത്തനങ്ങളിലൂടെ കോവിഡ് 19 രോഗബാധാനിരക്ക് കുറയ്ക്കുന്നതില്‍ സജീവമായ മുന്‍കൈയെടുത്ത താങ്കളുടെ നേതൃശേഷിയെ അഭിനന്ദിക്കുന്നു,’ ബില്‍ ഗേറ്റ്സ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: