ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്
മലയാളഗവേഷണവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍
സാമൂതിരി ഗുരുവായൂരപ്പന്‍കോളേജ്, കോഴിക്കോട്
ഇരവാദത്തിന് വ്യാപകാംഗീകാരം സിദ്ധിക്കാവുന്ന തരത്തില്‍ സ്വത്വവാദത്തിന്റെ കൃഷിഭൂമിയായി മലയാളത്തിലെ ആനുകാലികങ്ങളെ അധഃപതിപ്പിച്ച കരങ്ങളാരുടേതാണെന്ന ചോദ്യവും സജീവമായി നമ്മുടെ മനസ്സില്‍ പൊന്തിവരുമെന്നുറപ്പാണ്. ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്ന ശ്രുതകീര്‍ത്തിയും അവരുടെ സംഘടനയുമേതാണെന്നും ദിനപത്രം വായിക്കുന്ന ഏതൊരാള്‍ക്കും വേഗം പിടികിട്ടുമെന്നും ഇവിടെ സൂചിപ്പിക്കട്ടെ. ഇരുട്ടുമാത്രം പ്രസവിക്കുന്ന ചര്‍ച്ചകള്‍ നിരന്തരം സംഘടിപ്പിക്കുകയും അതുവഴി കൃത്രിമമായ രീതി ഉല്പാദിപ്പിച്ച് നാടിനെ കലാപഭരിതമായ ഒരന്തരീക്ഷത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നവര്‍ക്ക് നല്ലൊരു താക്കീതാണ് ഈ നോവലിലെ പരാമര്‍ശങ്ങള്‍ പലതും.
വടക്കേന്ത്യയിലെ അനിഷ്ടകരമായ സംഭവവികാസങ്ങള്‍ പെരുപ്പിച്ചുകാട്ടി തീവ്രവാദത്തിന്റെ വിഷവിത്തുകള്‍ കേരളീയ മനസ്സിലേക്ക് വാരിവിതറുന്നവര്ക്കും അവര്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുന്നവര്‍ക്ക് മനംമാറ്റമുണ്ടാകുന്ന ഒരു നല്ലകാലം തിളങ്ങുന്ന കണ്ണുകളോടെ ഈ നോവല്‍ കാത്തിരിക്കുന്നുണ്ട്. പൊതുവിജ്ഞാനത്തിന്റെയും ചരിത്രബോധത്തിന്റെയും വെള്ളിവെളിച്ചങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങിക്കൊണ്ടാണ് അന്ധതമുറ്റിയ മനസ്സുകളോട് നോവലിസ്റ്റ് പടക്കിറങ്ങുന്നത്. ചരിത്രം ഒരു വിമോചകശക്തിയായി ഈ നോവലിലുടനീളം സാന്നിദ്ധ്യമറിയിക്കുന്നു. മതത്തിന്റെ സ്വച്ഛഭാവങ്ങളെ പുല്കുന്നതിലൊരു പിശുക്കും നോവലിസ്റ്റ് കാട്ടുന്നില്ല. മതബോധം ഹിംസാത്മകഭാവനയോടെ ചിറകടിച്ചുയരുമ്പോഴാണ് മതേതരത്വത്തിന്റെ ചന്ദ്രഹാസമുയര്ത്തി അതിനെതിരെ രവിവര്‍മതമ്പുരാന്‍ പോരിനിറങ്ങുന്നത് ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ നമുക്ക് നേരിടേണ്ടിവരുന്ന വൈയക്തികമായ തിരിച്ചടികളെ മുന്‍നിര്‍ത്തി സാമൂഹികബോധം രൂപപ്പെടുത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരുമെന്ന് ആസാദ്മോഹനിലൂടെയും ശ്രുതകീര്ത്തിയിലൂടേയും നോവലിസ്റ്റ് ഓര്‍മപ്പെടുത്തുന്നുണ്ട്.
വര്‍ഗീയവൈരത്തിന്റെ രോഗാണുക്കള്‍ക്ക് പ്രവേശനമില്ലാത്ത സമത്വസുന്ദരമായ ഒരു ഹരിതകേരളം രൂപപ്പെടണമെന്ന അഭിവാഞ്ഛ ഈ നോവലില്‍ തുടിച്ചുനില്ക്കുന്നുണ്ട്. ആക്ടിവിസത്തിന്റെയും മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെയും മറപറ്റി സാംസ്കാരികകേരളത്തെ അപനയിക്കുന്നവരെ നിശിതമായി വിചാരണചെയ്യുകയും അവര്‍ വെള്ളതേച്ച ശവക്കല്ലറകള്‍ക്ക് സമാനരാണെന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ നോവല്‍ സ്വാഭാവികമായും കോലാഹലങ്ങളുയര്ത്താന് പര്യാപ്തമാണ്. കലാനിര്മ്മിതിയെന്ന നിലയിലും സമകാലികകേരളത്തിന്റെ സ്പന്ദനരേഖയെന്ന നിലയിലും ഈ നോവല്‍ വ്യാപകമായി വീണ്ടും ചര്‍ച്ചചെയ്യപ്പെടണം. നിശിതമായി വിമര്‍ശിക്കപ്പെടണം. രവിവര്‍മ്മത്തമ്പുരാന്റെ സര്‍ഗാത്മകത ആദരിക്കപ്പെടുന്നത് ആ അനുഗൃഹീതസന്ദര്ഭത്തില് മാത്രമാണ്. തമസ്കരിക്കപ്പെട്ട നഗ്നസത്യങ്ങള്‍ ഈ നോവലില്‍നിന്ന് ഉയിര്‍ത്തെണീക്കുമ്പോള്‍ നമ്മുടെ പ്രജ്ഞയെ അടിമുടി ഉലയ്ക്കാന്‍ പോന്ന ചോദ്യങ്ങളും ഉത്തരങ്ങളും സംശയങ്ങളും കെട്ടഴിഞ്ഞുവീഴുന്നു. അവ നമ്മുടെ അലസചിന്തകള്ക്ക് ചിതയൊരുക്കട്ടെ. അതുവഴി ഭയത്തിന്റെ കശേരുക്കള് പൊട്ടിച്ചിതറട്ടെ.
ദൂരെയെവിടെയോ ഉള്ള ഒരു പ്രതിഭാസമാണ് തീവ്രവാദമെന്ന ചിന്തയായിരുന്നു നാളിതുവരെ കേരളത്തെ ഭരിച്ചിരുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുവാനായി രാജ്യത്തെ പൗരന്മാരെ തന്നെ മാനസികമായി സജ്ജരാക്കുന്ന ശക്തികളെക്കുറിച്ച് അനേകമനേകം വാര്‍ത്തകളിന്ന് പുറത്തുവരുന്നുണ്ട്. വിഘടനവാദത്തിന്റെ ഈ കുത്സിതചിന്ത നമ്മുടെ അക്കാദമിക വ്യവഹാരമണ്ഡലത്തില്പ്പോലും പ്രഭാവം ചെലുത്തിവരുന്നതിന്റെ അനേകമനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ഈ യാഥാര്‍ത്ഥ്യത്തെ നേര്‍ക്കുനേരെ നോക്കുന്ന നോവല്‍കൂടിയാണ് ‘ഭയങ്കരാമുടി’. ഭയത്തിന്റെ ഒരു തടവറയിലാണ് നാം പലരുന്നതെന്ന സത്യം സ്ഫടികസ്ഫുടമായി പ്രകാശിപ്പിക്കുക എന്ന ധര്‍മമാണ് ഈ നോവല്‍ ഏറ്റെടുത്തിട്ടുള്ളത്. അതിജീവനത്തിന്റെ മാര്‍ഗത്തെക്കുറിച്ച് ചിന്തിക്കുവാന്‍ നാമിനിയും വൈകിക്കൂടാ എന്ന ബോധമാണ് ഈ നോവല്‍ വായന അവശേഷിപ്പിക്കുന്ന വിവേകം.
നമ്മുടെ സാംസ്കാരിക ഈടുവെയ്പുകളെയും മാനബിന്ദുക്കളെയും ദേശീയ ചിഹ്നങ്ങളെയും അവഹേളിക്കുവാനും അതുവഴി ആപത്കരമായ പ്രത്യയശാസ്ത്രങ്ങളെ ഒളിച്ചുകടത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ എഴുത്തിലൂടെ പ്രതിരോധിക്കുകയാണ് രവിവര്‍മ്മത്തമ്പുരാനിലെ ദേശസ്നേഹിയായ എഴുത്തുകാരന്. ”നിര്ദോഷങ്ങളെന്ന് നമ്മള് കരുതിയ സാംസ്കാരികപ്രവൃത്തികള് പലതും വര്ഗീയപ്രവര്ത്തനത്തിനും കലാപമുഖരിതമായ അന്തരീക്ഷത്തിലേക്ക് സമകാലത്തെ പിന്‍പറ്റി വ്യാപകമായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറപാകുകയായിരുന്നെന്ന സത്യത്തെ വിശദമാക്കുന്നിടത്ത് ‘ഭയങ്കരാമുടി’ ഒരു നോവലെന്നതും കടന്ന് മാനവരാശിയുടെ അതിജീവനത്തിന്റെ മാനിഫെസ്റ്റോ ആയി മാറുന്നു.” (ഇഞ്ചക്കാട് ബാലചന്ദ്രന് ലോക മലയാളം മാസിക, 2014 ഏപ്രില്‍)
പണവും പദവിയും വിദേശയാത്രകളും പ്രസിദ്ധീകരണസൗകര്യങ്ങളുമൊരുക്കി സാംസ്കാരികപ്രവര്ത്തകന്മാരെയും എഴുത്തുകാരെയും തങ്ങളുടെ കൂടാരത്തിലണിനിരത്തുന്നതില് മതതീവ്രവാദശക്തികള്‍ വിജയിച്ചിട്ടുണ്ടെന്ന് പകല്‍പോലെ വ്യക്തമാണ്. ഭരണകൂടങ്ങളില്‍ താക്കോല്‍സ്ഥാനത്ത് തങ്ങളുടെ പിണിയാളുകളെ പ്രതിഷ്ഠിക്കുവാനും നീതിന്യായകോടതികള്‍ വരെ നീളുന്ന വിപുലമായ ശൃംഖല സൃഷ്ടിക്കുവാനും ആസൂത്രിതമായ പ്രവര്‍ത്തനത്തിലൂടെ അവര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ സത്യത്തിന് നേരെ കണ്ണടയ്ക്കാനാണ് നമ്മുടെ അക്ഷരലോകം ശ്രമിച്ചുപോന്നിട്ടുള്ളത്. അനാരോഗ്യകരവും അനഭിലഷണീയവുമായ ഈ വീക്ഷണത്തിനെതിരെയാണ് ‘ഭയങ്കരാമുടി’ കലഹം പ്രഖ്യാപിക്കുന്നത്.
കള്ളപ്പണവും കുഴല്‍പ്പണവും വാരിവിതറിയും പരിസ്ഥിതിസമരങ്ങളിലൂടെ ഹരിതരാഷ്ട്രീയത്തിന്റെ വക്താക്കളെന്ന മേലങ്കിസ്വയമണിഞ്ഞും പരോക്ഷമായി നമ്മുടെ സമൂഹമനസ്സിനെ കീഴടക്കിയും മുന്നേറുന്ന ശക്തികളുടെ വേരറുത്തുകളയുന്ന തൂലികയാണ് നോവലിസ്റ്റിന്റേതെന്ന് ഈ കൃതിയിലെ ഓരോ അദ്ധ്യായങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അമാനവികതയുടെ അന്ത്യം സ്വപ്നം കാണുകയും മാനവികതയുടെ സൂര്യോദയം പ്രതീക്ഷാപൂര്‍വം ഉറ്റു നോക്കുകയും ചെയ്യുന്ന നോവലായിട്ടാണ് ‘ഭയങ്കരാമുടി’ വിലയിരുത്തപ്പെടേണ്ടത്. സ്നേഹത്തെയും പ്രണയത്തെയും വക്രീകരിച്ചും അന്യമതവിദ്വേഷത്തിന്റെ തീക്കാറ്റ്പടര്ത്തിയും അനിഷ്ടകരങ്ങളായ സംഭവങ്ങളെ ഗൂഢലക്ഷ്യങ്ങളോടെ പര്‍വ്വതീകരിച്ചും മനുഷ്യരെ തമ്മിലകറ്റുന്ന നീചബോധത്തെ അലോസരപ്പെടുത്തുന്ന ചിന്തകളുടെ സമുച്ചയംകൂടിയാണ് ഈ നോവല്‍.
ഒരു കുറ്റാന്വേഷകന്റെയും സാമൂഹ്യശാസ്ത്രജ്ഞന്റെയും ജാഗ്രതയും കൃത്യതയും പുലര്‍ത്തിക്കൊണ്ടും പാകശാലിത്വമാര്‍ന്ന സാമൂഹ്യദര്ശനമാവിഷ്കരിച്ചുകൊണ്ടും കാലമാവശ്യപ്പെടുന്ന കടമ നിര്‍വഹിക്കുകയാണ് രവിവര്‍മ്മത്തമ്പുരാനിലെ എഴുത്തുകാരന്. ദേശീയവും അന്തര്‍ദ്ദേശീയവുമായ സംഭവങ്ങളെ വിളക്കിച്ചേര്‍ത്തുകൊണ്ട് നോവലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ബലിഷ്ഠമാക്കുന്ന രചനാതന്ത്രം ഒരു ഘട്ടത്തിലും പാളിപ്പോയിട്ടില്ല എന്നതാണേറെ ശ്ലാഘനീയം. ഒരു തകര്‍ന്ന പ്രണയത്തിന്റെ കഥ ഇതുപോലൊരു പൊള്ളുന്ന പ്രമേയത്തിന്റെയുള്ളില്ക്കൂടി അവതരിപ്പിച്ചത് ഈ കയ്യടക്കത്തിന്റെ സിദ്ധിതന്നെയാണ്. കാമുകീകാമുകന്മാര് രണ്ടു തീവ്രവാദചിന്തകളുടെ വക്താക്കളായി പരസ്പരം ഉന്മൂലനം ചെയ്യുന്ന സാഹചര്യം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുംവിധം നോവലിസ്റ്റാവിഷ്കരിച്ചിട്ടുണ്ട്. ഒരുപസര്പ്പകകഥയുടെ അന്ത്യത്തെ അനുസ്മരിപ്പിക്കുംവിധം ഉദ്വേഗജനകമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെ നോവല്‍ മുന്നേറുമ്പോള്‍ ഭീകരവാദത്തെ തന്നെ ന്യായീകരിക്കുന്ന പുതിയരാഷ്ട്രീയത്തിന്റെ വിഷദംഷ്ട്രകള്‍ തെളിഞ്ഞു വരുന്നതുകണ്ട് വായനക്കാര്‍ ഞെട്ടിപ്പോവുന്നുണ്ട്. യഥാര്‍ത്ഥമായ സംഭവങ്ങളെ വിന്യസിക്കുന്ന വേളയില്‍ നോവല്‍ഘടന ശിഥിലമാവാതെ സൂക്ഷിക്കുവാന്‍ നന്നേ പണിപ്പെട്ടുകാണണം നോവലിസ്റ്റ്.
”തീവ്രവാദത്തെ തീവ്രവാദം കൊണ്ട് നേരിടുക എന്ന ചിന്താഗതി വളര്‍ന്നുവരുന്നത് തടയുക എന്നതാണ് പൊതുസമൂഹത്തിന്റെ അടിയന്തിരകടമ. അതിനാദ്യം വേണ്ടത് തീവ്രവാദത്തെ, രാജ്യത്തിനും സമൂഹത്തിനുമെതിരായ കുറ്റകൃത്യമായി തിരിച്ചറിയേണ്ടതുണ്ട് എന്നതാണ് ഈ നോവല്‍ നല്കുന്ന സന്ദേശവും മുന്നറിയിപ്പും.”(ആര്.എസ്. കുറുപ്പ്, ഗ്രന്ഥാലോകം, 2014, ജൂണ്‍) ഈ നിരീക്ഷണത്തിന് സാധൂകരണമായി നിരത്താവുന്ന ഒട്ടേറെ പ്രസ്താവങ്ങള്‍ നോവലില്‍ നിന്ന് കണ്ടെടുക്കാനാവും. നേരിട്ടു വായനക്കാര്‍ക്ക് അനുഭവവേദ്യമാവുന്ന ശൈലിയിലാണ് നോവലെഴുതപ്പെട്ടിട്ടുള്ളത്. ”വര്‍ഗീയതീവ്രവാദം ഏതൊക്കെവിധത്തില്‍ കേരളത്തില്‍ വേരുപടര്ത്തിയിരിക്കുന്നുവെന്നതിന്റെ ഒരു ദൃശ്യാനുഭവം തന്നെയാണ് ഭയങ്കരാമുടി നല്‍കുന്നത്.”(സുധീഷ് കെ., ഉള്ളെഴുത്ത്, 2013 മെയ്) ഈ നിരീക്ഷണം അക്ഷരംപ്രതി ശരിയാണ്. തീവ്രവാദത്തിന്റെ കറുത്ത പണംവാങ്ങി മാധ്യമപ്രവര്‍ത്തകര്‍ കേരളത്തിന്റെ സ്വച്ഛസുന്ദരമായ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന ആനുകാലിക കാഴ്ചകളില്‍ ഈ നോവല്‍ വീണ്ടും വായിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: