ഒരു കെട്ടിടം പണിയാന്‍ തുനിഞ്ഞാല്‍ സംശയദൃഷ്ടിയോടെ നോക്കുന്ന ആളുകള്‍. അതിന് ഏത് വിധേനയും തുരങ്കം വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരെയും കാണാം. നിവൃത്തിയുണ്ടെങ്കില്‍ കേരളത്തിലുള്ള ബിസിനസുകളെല്ലാം പൂട്ടി മറ്റ് സംസ്ഥാനങ്ങളില്‍ മാത്രം ഫോക്കസ് ചെയ്യാനാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ശതകോടീശ്വര പട്ടികയില്‍ ഇടം നേടിയ ഒരു മലയാളി സംരംഭകന് അടുത്തിടെ ബിസിനസ് വോയ്സിനോട് വെളിപ്പെടുത്തിയതാണ്. ഈ കാഴ്ച്ച ഒരു വശത്ത്.
ഒരു കോഴി ഫാം തുടങ്ങുന്നതിനേക്കാളും വേഗത്തില്‍ സോഫ്റ്റ്വെയര് കമ്പനി തുടങ്ങാന്‍ പറ്റുന്ന സാഹചര്യം മറുവശത്ത്. ഇത് രണ്ടും ഒരേ സംസ്ഥാനത്താകുന്ന വൈരുദ്ധ്യത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍
പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐറ്റി)പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച് ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 28ാം സ്ഥാനത്താണ്. ബിസിനസ് സൗഹൃദ റാങ്കിംഗില്‍ 21ല്‍ നിന്നാണ് കേരളം 28ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. അതേസമയം കേന്ദ്രം തന്നെ പുറത്തുവിട്ട സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ടോപ് പെര്‍ഫോര്‍മറായി കേരളം ഉയരുകയും ചെയ്തിരിക്കുന്നു.
ബിസിനസ് സൗഹൃദ റാങ്കിംഗില്‍ പിന്നിലും സ്റ്റാര്‍ട്ടപ്പ് സൗഹൃദ റാങ്കിംഗില്‍ മുന്നിലുമെത്തുന്ന വൈരുദ്ധ്യത്തിന് കാരണമെന്താണ്? യഥാര്‍ത്ഥത്തില്‍ കേരളം ബിസിനസ് സൗഹൃദമാണോ? ഈ ചോദ്യങ്ങളോട് കേരളത്തിലെ വ്യവസായരംഗം പ്രതികരിക്കുന്നതെങ്ങനെയെന്നാണ് ബിസിനസ് വോയ്സ് അന്വേഷിക്കുന്നത്. അതിന് മുമ്പ് എന്താണ് ബിസിനസ് സൗഹൃ റാങ്കിംഗെന്നും അതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.
രാജ്യത്ത് ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് ഡിപിഐഐറ്റി പരിഷ്കരണപദ്ധതികള്ക്ക് തുടക്കം കുറിച്ചത്. നിയന്ത്രണങ്ങള്‍ പരമാവധി ലഘൂകരിച്ച് എളുപ്പത്തില്‍ ബിസിനസ് തുടങ്ങാനും ചെയ്യാനും പറ്റുന്ന സാഹചര്യം ഒരുക്കുകയെന്നതാണ് ഇതിന്റെ കാതല്‍. ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ എന്ന പേരില്‍ ഇതിനായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും ഡിപിഐഐറ്റി പുറത്തിറക്കിയിട്ടുണ്ട്. റാങ്കിംഗില്‍ മുന്നിലെത്താന്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പരിഷ്കരണങ്ങള്‍ നടപ്പാക്കുകയാണ് സംസ്ഥാനങ്ങള്‍ ചെയ്യേണ്ടത്.
ഭരണനിര്‍വഹണം, തൊഴില്‍ സാഹചര്യം, വൈദ്യുതി, വെള്ള അനുമതികള്‍, പരിസ്ഥിതി നിയന്ത്രണങ്ങള്‍ തുടങ്ങി 12ഓളം മേഖലകളുമായി ബന്ധപ്പെട്ടാണ് പരിഷ്കരണ മാര്‍ഗനിര്‍ദേശങ്ങള്‍. ഒരു ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട സകല കാര്യങ്ങള്‍ക്കുമുള്ള അനുമതികള്‍ വേഗത്തിലാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും കാര്യക്ഷമമായ ഏകജാലക സംവിധാനം വേണമെന്നും ഡിപിഐഐറ്റി നിര്‍ദേശിക്കുന്നുണ്ട്.
നടപ്പാക്കിയ പരിഷ്കരണങ്ങള്‍ എന്തെല്ലാമാണെന്നും അതിന്റെ തെളിവും ഗുണഭോക്താക്കളുടെ ഒരു പട്ടികയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പോര്‍ട്ടലില്‍ സംസ്ഥാനങ്ങള്‍ നല്‍കണം. പരിഷ്കരണങ്ങളുടെ വിജയം വിലയിരുത്തുന്നത് ഈ ഗുണഭോക്താക്കളില്‍ നടത്തുന്ന സര്‍വേ അനുസരിച്ച് കൂടിയാണ്.
മുന്‍വര്‍ഷങ്ങളില്‍ നിന്നും എന്താണ് വ്യത്യാസം?
2015ലാണ് ആദ്യമായി ബിസിനസ് സൗഹൃദ റാങ്കിംഗ് അവതരിപ്പിക്കുന്നത്. എന്നാല്‍ ഏറ്റവും പുതിയ റാങ്കിംഗ് മുന്‍വര്‍ഷങ്ങളില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ്. ആദ്യമായി ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതികരണം കൂടി ശേഖരിച്ച് അതനുസരിച്ച് കൂടിയാണ് റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചത്. അതായത്, ആരെയാണോ പരിഷ്കരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉന്നമിട്ടത്, അവരില്‍ നിന്നും പരിഷ്കരണങ്ങളുടെ ഫലത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍ എടുത്താണ് റാങ്കിംഗ് എന്ന് സാരം. മുന്‍ റാങ്കിംഗുകളെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ നല്കിയ മറുപടികളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു. പുതിയ റാങ്കിംഗ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണവും ഗുണഭോക്താക്കളില്‍ നിന്നുള്ള പ്രതികരണവും ചേര്‍ത്തുള്ളതിന്റെ അന്തിമരൂപമാണ്.
പ്രകടനം ഇങ്ങനെ
ആന്ധ്ര പ്രദേശാണ് ബിസിനസ് സൗഹൃദ റാങ്കിംഗില്‍ ഒന്നാമതെത്തിയത്. മുന്‍വര്‍ഷത്തെ റാങ്കിംഗില്‍ നിന്ന് 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഉത്തര്‍ പ്രദേശ് രണ്ടാമതെത്തിയപ്പോള്‍ തെലങ്കാന ഒരു സ്ഥാനം പുറകോട്ട് പോയി മൂന്നാമതായി മാറി. അതേസമയം പ്രഥമ ബിസിനസ് സൗഹൃദ പട്ടികയില്‍ ഒന്നാമതെത്തിയിരുന്ന ഗുജറാത്ത് പുതിയ റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.
എന്താണ് പ്രശ്നം?
ഡിപിഐഐറ്റി നിര്‍ദേശിച്ച പരിഷ്കരണങ്ങളില്‍ ഭൂരിഭാഗം നടപ്പാക്കിയിട്ടും കേരളം റാങ്കിംഗില്‍ പുറകിലായി. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ ബിസിനസ് നടത്തുന്ന, നിക്ഷേപമിറക്കിയ സംരംഭകരുടെ ഫീഡ്ബാക്ക് മോശമായതിനാലാകാം സംസ്ഥാനം റാങ്കിംഗില്‍ പുറകില്‍ പോയതെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ബിസിനസ് എളുപ്പമാക്കല്‍ പ്രക്രിയയുടെ ഭാഗമായി 12 വിഭാഗങ്ങളില്‍ നടപ്പാക്കേണ്ട 187 കാര്യങ്ങളില്‍ 157 എണ്ണം നടപ്പാക്കിയ കേരളം പുറകിലായതിന് സംരംഭകരുടെ ദുരനുഭവങ്ങളല്ലാതെ മറ്റ് കാരണമുണ്ടാകാന്‍ തരമില്ലെന്നാണ് പല വ്യവസായികളും വെളിപ്പെടുത്തിയത്.
ഗുജറാത്തിനും നേരിട്ടത് സമാനമായ അനുഭവം തന്നെയാണ്. ബിസിനസുകളുടെ പ്രതികരണങ്ങളെടുത്തപ്പോള് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനവും ടോപ് 10 പട്ടികയില്‍ നിന്നും പുറത്തുപോയി.
എത്ര പേരുടെ പ്രതികരണങ്ങളാണ് എടുത്തതെന്ന് വ്യക്തമല്ല. ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയോ അല്ലെങ്കില്‍ ബിസിനസ് ക്ലസ്റ്ററുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയോ ആകണം പ്രതികരിക്കുന്നവരുടെ എണ്ണം തീരുമാനിക്കപ്പെടേണ്ടത്.
ഒന്നിന്റെയും അവസാനവാക്കായി ബിസിനസ് സൗഹൃദ റാങ്കിംഗിനെ കാണേണ്ടതില്ല. അതേസമയം ബിസിനസുകാരുടെ അനുഭവങ്ങള്‍ എന്തുകൊണ്ട് കയ്പ്പേറിയതാകുന്നു എന്നത് സംസ്ഥാനം ഗൗരവത്തോടെ അന്വേഷിക്കേണ്ട വിഷയമാണ് താനും
എങ്കിലും ഈ രീതിക്ക് മറ്റൊരു പ്രധാനപ്പെട്ട ന്യൂനത കൂടിയുണ്ട്. ഓരോ സംസ്ഥാനത്തെയും തനതായ സാഹചര്യങ്ങളനുസരിച്ച് ബിസിനസ് ഉടമകളുടെ പ്രതീക്ഷയില്‍ വ്യത്യാസങ്ങളുണ്ടാകും. അതായത് കേരളത്തിലെ സംരംഭകന് അവന്റെ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ആഗ്രഹിക്കുന്ന കാര്യമായിരിക്കില്ല ആന്ധ്ര പ്രദേശിലെയും ഗുജറാത്തിലെയും സംരംഭകന് ആഗ്രഹിക്കുന്നത്. കേരളം പോലെ വിവിധ സാമൂഹ്യ സൂചികകളില്‍ മുന്നില്‍ നില്ക്കുന്ന സമൂഹത്തിന്റെ പ്രതീക്ഷകളും സാമൂഹ്യസൂചികകളില്‍ അത്ര പുരോഗതി കൈവരിക്കാത്ത സംസ്ഥാനങ്ങളിലെ ബിസിനസ് സമൂഹത്തിന്റെ പ്രതീക്ഷകളും തമ്മില്‍ വ്യത്യാസമുണ്ടായിരിക്കാം.
ബിസിനസ് സൗഹൃദ റാങ്കിംഗും നിക്ഷേപവും
ബിസിനസ് സൗഹൃദ റാങ്കിംഗില്‍ ഒന്നാമതെത്തി എന്നതുകൊണ്ടു മാത്രം സംസ്ഥാനത്തേക്ക് നിക്ഷേപം ഒഴുകിക്കൊള്ളണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. വിദഗ്ധരായ തൊഴിലാളികളുടെ ലഭ്യത, അടിസ്ഥാനസൗകര്യ വികസനം, സാമൂഹ്യ അന്തരീക്ഷം തുടങ്ങി നിരവധി ഘടകങ്ങളും നിക്ഷേപം വരുന്നതിനെ ആകര്‍ഷിക്കുന്നുണ്ട്. ബിസിനസ് നടത്തിപ്പിന് വേണ്ടി വരുന്ന ചെലവിനെ ബിസിനസ് സൗഹൃദ റാങ്കിംഗ് കണക്കിലെടുക്കുന്നില്ല.
വമ്പന്‍ നിക്ഷേപം നടത്തുന്ന പല കമ്പനികളും എപ്പോഴും പരിഗണിക്കുന്ന ഒരു ഘടകം ചെലവ് തന്നെയാണ്. അതിനാല്‍ ഒന്നിന്റെയും അവസാനവാക്കായി ബിസിനസ് സൗഹൃദ റാങ്കിംഗിനെ കാണേണ്ടതില്ല. അതേസമയം ബിസിനസുകാരുടെ അനുഭവങ്ങള്‍ എന്തുകൊണ്ട് കയ്പ്പേറിയതാകുന്നു എന്നത് സംസ്ഥാനം ഗൗരവത്തോടെ അന്വേഷിക്കേണ്ട വിഷയമാണ് താനും.
ദിപിന് ദാമോദരന്‍
ബിസിനസ് വോയ്സ് എഡിറ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: