പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത്കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മലമ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലാണ് പ്രതിനിധികള്‍ ഇത്തരമൊരു വിമര്‍ശനം ഉയര്‍ത്തിയത്. നിലവിലെ നേതൃത്വവുമായി മുന്നോട്ട് പോയാല്‍ നിയമസഭ തെരഞ്ഞെടുപ്പിലും ഇതിനേക്കാള്‍ ഭീമമായ പരാജയം കോണ്‍ഗ്രസിന് നേരിടേണ്ടി വരുമെന്നും ക്യാമ്പ് മുന്നറിയിപ്പ് നല്കി.
ഗ്രൂപ്പ് നേതാക്കള്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് പങ്കിട്ട് നല്‍കിയതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്കിടയാക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. ഗ്രൂപ്പിലെ ഇഷ്ടക്കാരെ തിരുകി കയറ്റനായി പലരെയും വെട്ടി നിരത്തി. ഇത് തോല്‍വിയുടെ ആക്കം കൂട്ടിയെന്നും ഷാഫി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും സീറ്റ് നല്‍കണമെന്നാവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ കാറില്‍ കയറുന്നതും കാര്‍ ഓടിക്കുന്നതും സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയായി കാണുന്ന പ്രവണതയാണ് കോണ്‍ഗ്രസിലുള്ളതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ചന്ദ്രന് തുറന്നടിച്ചു. വിമതസ്ഥാനാര്ത്ഥികള്ക്കെതിരെ നടപടിയെടുക്കുന്നത് പോലെ തന്നെ ജനവിരുദ്ധ സ്ഥാനാര്‍ത്ഥികളാക്കിയവര്‍ക്കെതിരെയും നടപടിവേണമെന്ന് ക്യാമ്പില്‍ ആവശ്യം ഉയര്‍ന്നു. സ്ഥാനാര്‍ഥിയാക്കാന്‍ നേതാക്കള്‍ പണം വാങ്ങിയെന്നാരോപണമാണ് പത്തനംതിട്ടയില്‍ നിന്ന് പങ്കെടുത്ത പ്രതിനിധികള്‍ ഉന്നയിച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന് പുറമെ നേതാക്കള്‍തമ്മിലുള്ള ഐക്യമില്ലായ്മയും പാര്‍ട്ടിയെ തകര്‍ത്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നിലവിലെ നേതൃത്വത്തെ പിരിച്ച് വിടണമെന്നാവശ്യമാണ് കൊല്ലം പ്രതിനിധികള്‍ ഉന്നയിച്ചത്.
തെറ്റ് തിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയതോല്വിയായിരിക്കും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കാനും യൂത്ത് കോണ്‍ഗ്രസ് മടിച്ചില്ല. ദേശീയ നേതൃത്വത്തിനുമെതിരെ ക്യാമ്പില്‍ വിമര്‍ശം ഉയര്‍ന്നു. സംഘടനാ തെരഞ്ഞെടുപ്പുമായി വന്‍തോതില്‍ പണം പിരിവുനടത്തിയിട്ടും സംസ്ഥാന നേതൃത്വത്തിന്റെ ദൈനംദിന ചെലവുകള്‍ക്ക് പോലും നല്‍കാതെ ചിലര്‍ പണം കൈയടക്കിവെച്ചിരിക്കുകയാണെന്നാണ് ആരോപണവും ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് ചുമതലയുള്ള എഐസിസി അംഗം കൃഷ്ണ അല്ലവരു, യൂത്ത്കോണ്്ഗ്രസ് പ്രസിഡന്റ് ബി.വി. ശ്രീനിവാസ് തുടങ്ങി ദേശീയ – സംസ്ഥാന നേതാക്കള്‍ പങ്കെടുത്തക്യാമ്പിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശനം ഉയര്‍ന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് നല്കിയ വാര്‍ഡുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വൈകിട്ട് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് എല്ലാ ജില്ലകളിലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം. തങ്ങളുടെ വിമര്‍ശനങ്ങളെ പഴയകാല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസോടെ കാണണമെന്നും പണ്ട് യുവാക്കള്‍ക്ക് വേണ്ടി വാദിച്ചവര്‍ ഇപ്പോള്‍ അക്കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: