കോഴിക്കോട്: പക്ഷപാതമില്ലാതെ എഴുതുന്നതിനെ സ്വീകരിക്കുന്ന ഹൃദയവിശാലതയാണ് ബാലഗോകുലത്തിന്റെ സവിശേഷതയെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുരസ്ക്കാരം സമര്‍പ്പണ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്താന്‍ ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കണ്ടെത്താന്‍ കഴിയാത്ത നിരവധി പ്രതിഭകള്‍ ഇനിയും നമ്മുടെ സമൂഹത്തിലുണ്ട്. സുകൃതമുള്ള തലമുറയെ വളര്‍ത്തിയെടുക്കാനുള്ള മയില്‍പ്പീലിയുടെയും ബാലഗോകുലത്തിന്റെയും ശ്രമങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്ക്കാര ജേതാവ് ആദിത്ത് കൃഷ്ണ ചെമ്പത്തിന് സാഹിത്യകാരന് പി.ആര്. നാഥന് എന്‍.എന്‍. കക്കാട് പുരസ്ക്കാരം സമര്‍പ്പിച്ചു. ഡോ. ഗോപി പുതുക്കോട് പ്രശസ്തി പത്രം കൈമാറി. ചടങ്ങില്‍ മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി വൈസ് ചെയര്മാന് ഡോ. ആര്യാദേവി അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. പ്രിയദര്ശന്ലാല് കക്കാട് അനുസ്മരണ പ്രഭാഷണവും ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് ആമുഖ പ്രഭാഷണവും നടത്തി. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ.പി. ബാബുരാജ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി എം. സത്യന്, ബാലഗോകുലം കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ ഡോ. മഹേഷ്, മയില്‍പ്പീലി മാസിക എഡിറ്റര്‍ സി.കെ. ബാലകൃഷ്ണന്, മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി പി. സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: