പേട്ട: കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്സിലെ കരാര്‍ ജീവനക്കാരന്റെ ആത്മഹത്യ സര്‍ക്കാരിന്റെ വീഴ്ച മൂലമെന്ന് വ്യക്തം. മാനേജ്മെന്റ് മുന്നറിയിപ്പില്ലാതെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. ഇതിനെതിരെ കൃത്യമായി ഇടപെട്ട് കമ്പനി തുറന്നുപ്രവര്‍ത്തിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിരുന്നെങ്കില്‍ ജീവനക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.
് കരാര്‍ ജീവനക്കാരനായ മാധവപുരം പുതുവല്‍ വീട്ടില്‍ പ്രഭുല്ലകുമാര്‍ കമ്പനിക്കുള്ളില്‍ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും കമ്പനി ഇനി തുറന്ന് പ്രവര്‍ത്തിക്കില്ലെന്നറിഞ്ഞ് മനംനൊന്ത് പ്രഭുല്ല കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. അടച്ചുപൂട്ടിയ കമ്പനിയില്‍ നിന്നും മാനേജ്മെന്റ് രഹസ്യമായി മെഷിനറികള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവിതം വഴിമുട്ടിയ പ്രഭുല്ലകുമാര്‍ കമ്പനിക്കുള്ളില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു.
വേസ്റ്റ് ക്ലേ കൂട്ടിയിട്ടിരിക്കുന്നയിടത്ത് കരാര്‍ തൊഴിലാളികള്‍ക്കുള്ള ഷെഡിലായിരുന്നു പ്രഭുല്ലകുമാര്‍ കൃത്യം നിര്‍വഹിച്ചത്. ഈ ഷെഡിന് സമീപം സെക്യൂരിറ്റി ഉണ്ട്. എന്നാല്‍ പ്രഭുല്ലകുമാര്‍ ഇവിടേക്ക് കടക്കുന്നത് സെക്യൂരിറ്റിക്കാര്‍ കണ്ടില്ലെന്ന വാദം ദുരൂഹതയ്ക്ക് വഴിയൊരുക്കി. കഴിഞ്ഞ ഓണത്തിനാണ് മുന്നറിയിപ്പില്ലാതെ മാനേജ്മെന്റ് കമ്പനി അടച്ചുപൂട്ടിയത്. ശമ്പളമോ ബോണസോ തൊഴിലാളികള്‍ക്ക് നല്‍കാതെയായിരുന്നു മാനേജ്മെന്റിന്റെ ഈ നടപടി. തുടര്‍ന്ന് ജീവനക്കാര്‍ സമരം ആരംഭിച്ചു. അസംസ്കൃതവസ്തുവായ ക്ലേ ലഭിക്കാത്തതാണ് കമ്പനി അടച്ചുപൂട്ടാന്‍ കാരണമായി മാനേജ്മെന്റ് പറഞ്ഞത്.
സര്ക്കാര്വകുപ്പുകളുമായി നടന്ന ചര്‍ച്ചയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മംഗലപുരത്തെ സ്ഥലത്തുനിന്നും ഖനനാമതി ലഭിച്ചിരുന്നെന്ന വിവരം പുറത്തുവന്നു. പ്രതിദിനം ഇരുപതിനായിരം ടണ്‍ ക്ലേ ഖനനം ചെയ്യാനാണ് അനുമതി ലഭിച്ചത്. ഇതനുസരിച്ച് തോന്നയ്ക്കലിലെയും വേളിയിലെയും ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കി. എന്നാല്‍ തോന്നയ്ക്കലിലെ ഫാക്ടറി മാത്രമാണ് തുറന്ന് പ്രവര്‍ത്തിപ്പിച്ചത്. വേളിയുടെ കാര്യത്തില്‍ മാനേജ്മെന്റ് മൗനം പാലിക്കുകയായിരുന്നു.
ഇപ്പോള്‍ ക്ലേ പൗഡറിന് മാര്‍ക്കറ്റ് വിപണി കുറഞ്ഞുവെന്ന കാരണമാണ് ഉയര്‍ത്തുന്നത്. അതേസമയം മാനേജ്മെന്റിന്റെ ഈ വാദം പൊള്ളയാണെന്നും വേളി ഫാക്ടറി തുറക്കാതിരിക്കാനുള്ള തന്ത്രമാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ ജീവനക്കാര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ല. ജീവനക്കാരുടെ ആവശ്യമനുസരിച്ച് മാനേജ്മെന്റുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതും പ്രധാന വസ്തുതയാണ്.
രാജേഷ് ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: