തൊടുപുഴ: മദ്യ-മയക്കുമരുന്ന് മാഫിയയുടെ സ്വൈര്യവിഹാര കേന്ദ്രമായി തൊണ്ടിക്കുഴയിലെ എംവിഐപിയുടെ കനാല്‍ അക്വഡേറ്റ് പാലം. വെള്ളം ഒഴുകിപോകുന്നതിനായി ഏതാണ്ട് 120 മീറ്ററോളം നീളത്തില്‍ നിര്‍മ്മിച്ച ഇവിടം ഇന്ന് നാട്ടുകാര്‍ക്ക് പേടി സ്വപ്നമാകുകയാണ്.
ഇടവെട്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട സ്ഥലമാണിത്. സമീപത്തെ സ്കൂളില്‍ ഇവിടെ എത്തുന്നവര്‍ മദ്യ ലഹരിയില്‍ ആക്രമണം നടത്തുന്നതും നാശം വരുത്തി വെയ്ക്കുന്നതും മുമ്പ് പതിവ് സംഭവമായിരുന്നു. ചുറ്റുമതില്‍ കെട്ടിയതിന് പിന്നാലെയും ഇത് തുടര്‍ന്നതോടെ പോലീസ് പരിശോധന ശക്തമായിരുന്നു.
മുമ്പ് നിരവധി തവണ പാലത്തില്‍ നിന്ന് എക്സൈസും പോലീസും കേസുകള്‍ പിടികൂടിയിട്ടുമുണ്ട്. കൊറോണയ്ക്ക് പിന്നാലെ പരിശോധന നിലച്ചത് മുതലെടുത്താണ് മറ്റ് സ്ഥലങ്ങളില്‍ നിന്ന് ചെറുപ്പക്കാര്‍ ഇവിടെ എത്തുന്നത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്കാന് ഇടവെട്ടി, പട്ടയംകവല കേന്ദ്രീകരിച്ച് നിരവധി പേരാണ് പ്രവര്‍ത്തിക്കുന്നത്.
മേല്‍പ്പാലത്തിന് മുകളിലൂടെ ബൈക്കുകള്‍ മാത്രമാണ് നിലവില്‍ കടന്ന് പോകാനാകുക. രാത്രിയായാല്‍ കാല്നടയാത്രക്കാരുമില്ല. ഇത് മുതലെടുത്താണ് ആളുകളെത്തുക. മദ്യപാനികളുടെ കേന്ദ്രമായതിനാല്‍ ഭയന്നിട്ട് ഈ വഴി പോകാന്‍ ആരും തയ്യാറാകുകയുമില്ല.
രാത്രി 8ന് ശേഷം ഇവിടെ എത്തുന്നവര്‍ പാത്രിരാത്രി വരെ ഇവിടെ തുടരും. ഇതിന് ശേഷം വലിയ ശബ്ദത്തില്‍ വാഹനം ഓടിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ധാരാളം മദ്യക്കുപ്പികളും സിറിഞ്ചുകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലത്തിന് മുകളിലാകെ മാലിന്യം നിറഞ്ഞ് കിടക്കുകയുമാണ്.
സംഭവത്തില്‍ പോലീസ് പരിശോധന ശക്തമാക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചാലംകോട് എന്‍എസ്എസ് ഓഫീസിന് സമീപത്ത് കൂടി ഉള്ളിലേക്ക് പോകുന്ന റോഡിലടക്കം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വെച്ച് കഞ്ചാവ് പോലുള്ളവയുടെ വില്‍പ്പനയും തകൃതിയാണ്.
പരിശോധന നടത്തും: എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍
പാലത്തിന് മുകള്‍ ഭാഗം സ്ഥിരമായും ഇത്തരക്കാര്‍ എത്തുന്ന മേഖലയാണെന്ന് തൊടുപുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സുധീപ് കുമാര്‍ പറഞ്ഞു. സ്ഥലത്ത് വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്രോളിങ്ങ് ശക്തമാക്കും: എസ്ഐ
തൊണ്ടിക്കുഴയിലും പരിസര പ്രദേശത്തും പരിശോധന ശക്തമാക്കുമെന്ന് തൊടുപുഴ എസ്ഐ ബൈജു പി. ബാബു പറഞ്ഞു. എക്സൈസുമായി ആലോചിച്ച് വേണമെങ്കില്‍ സംയുക്തമായും പരിശോധന നടത്തും. ഈ പാലത്തിലൂടെ ആളുകള്‍ പ്രവേശിക്കുന്നത് തടയണമെന്ന് കാട്ടി എംവിഐപിക്ക് കത്ത് നല്കുന്ന കാര്യവും ആലോചനയിലുണ്ടെന്നും എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: