രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് ഡ്രഗ്സ് കണ്ട്രോള് ജനറല്‍ അനുമതി നല്‍കിയതോടെ അതിവിപുലമായ രോഗപ്രതിരോധയജ്ഞത്തിന് ഭാരതത്തില്‍ തുടക്കം കുറിക്കുകയാണ്. ബ്രിട്ടനിലെ ഒക്സ്ഫോര്‍ഡ് സര്‍വകലാശാല ആസ്ട്രാസെനക എന്ന കമ്പനിയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡിനും, ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്പനിയുടെയും ഐസിഎംആറിന്റെയും സംയുക്ത സംരംഭത്തില്‍ വികസിപ്പിച്ചെടുത്ത കൊവാക്സിനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ ഈ രണ്ട് വാക്സിനുകളും കുത്തിവയ്പ്പിന് സജ്ജമായിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകരും പോലീസ് പ്രതിരോധസേനകളും തദ്ദേശ ആരോഗ്യ-ശുചീകരണ ജീവനക്കാരുമടങ്ങുന്ന 30 കോടിയാളുകള്ക്കാവും ജൂലൈയില്‍ അവസാനിക്കുന്ന ആദ്യഘട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുക. കൊവിഡ് മുന്നണി പോരാളികളായ മൂന്നുകോടി പേര്‍ക്ക് സൗജന്യമായി വാക്സിന് നല്‍കും. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്‍ഗണനാ പട്ടികയില്‍ വരുന്ന ബാക്കി 27 കോടിപേര്‍ക്കും സൗജന്യമായി വാക്സിന് നല്‍കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. പുതുവര്‍ഷത്തില്‍ തന്നെ ഇത്തരമൊരു മഹത്തായ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ജനകോടികള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണ്.
കൊവിഡ് വ്യാപനം തടയുന്നതില്‍ മറ്റ് ലോക രാജ്യങ്ങളെ പിന്നിലാക്കിക്കൊണ്ടുള്ള തിളങ്ങുന്ന പ്രകടനമാണ് ഭാരതം കാഴ്ചവച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയായിരുന്നു അഭിമാനകരമായ ഈ മുന്നേറ്റം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച നേതൃപരമായ പങ്ക് ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു. സാമ്പത്തികശേഷിയിലും ആരോഗ്യ സംവിധാനങ്ങളുടെ കാര്യത്തിലും മുന്നില്‍നില്‍ക്കുന്ന വികസിത രാജ്യങ്ങള്‍ക്ക് നേടാനാവാത്തതാണ് 130 കോടി ജനങ്ങളും, ആരോഗ്യ സംവിധാനങ്ങളില്‍ ഏറെ പരിമിതികളുമുള്ള ഭാരതം കൈവരിച്ചത്. ഈ നേട്ടങ്ങള്‍ സാധ്യമാക്കിയതിന്റെ പേരില്‍ പ്രധാനമന്ത്രി മോദിയെ ലോകാരോഗ്യ സംഘടനയും വിവിധ രാഷ്ട്രത്തലവന്മാരും ആവര്‍ത്തിച്ച് പ്രശംസിക്കുകയുണ്ടായി. ജാഗ്രതയുടെ പ്രതിരൂപമായി മോദി മാറുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കൊവിഡ് കാലത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച നേതാവായി ഒരു അമേരിക്കന്‍ റിസര്‍ച്ച് സംഘടന നടത്തിയ സര്‍വെയില്‍ മോദിയെ ഒന്നാമനായി കണ്ടെത്തിയത്. 13 രാജ്യങ്ങളിലെ നേതാക്കളെ പരിഗണിച്ചപ്പോഴാണ് മോദിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രമ്പ് ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നെഗറ്റീവ് വോട്ടു ലഭിച്ചതും മോദിയുടെ മികവിന് തെളിവാണ്. വാക്സിനുകള്‍ സൗജന്യമായാണോ നല്‍കുകയെന്ന വിവാദം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നത് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ മറച്ചുപിടിക്കാനാണ്. മരുന്ന് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കൂട്ടി പ്രഖ്യാപിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണ്. കേന്ദ്രം മരുന്ന് സൗജന്യമായി നല്കുമെന്നിരിക്കെ മറ്റൊരു സൗജന്യത്തിന്റെ ആവശ്യമെന്താണ്?
രണ്ട് വാക്സിനുകളും ഉപയോഗിച്ചുള്ള കുത്തിവയ്പ്പുകള്‍ക്ക് ഒരേസമയം തുടക്കമിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന സങ്കല്‍പ്പം ആരോഗ്യ-ചികിത്സാ മേഖലയിലും വലിയ കുതിപ്പ് നടത്തിയിരിക്കുകയാണ്. കൊവിഷീല്‍ഡ് വികസിപ്പിച്ചത് ഒക്സ്ഫോര്ഡാണെങ്കിലും രാജ്യത്ത് അതിന്റെ നിര്‍മാണം പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് നടത്തിയത്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് ഈ രംഗത്ത് ഭാരതത്തിന് കൈവരിക്കാനാവുന്ന ശേഷി വിളിച്ചോതുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച നമ്മുടെ ശാസ്ത്രജ്ഞര്‍ തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നുണ്ട്. പ്രതീക്ഷിച്ചതുപോലെ തന്നെ ഭാരതത്തിന്റെ സ്വന്തം വാക്സിനെതിരെ കോണ്‍ഗ്രസ്സ് രംഗത്തുവന്നിരിക്കുകയാണ്. മോദിയുടെ ഭരണത്തിന് കീഴില്‍ ഇങ്ങനെയൊരു നേട്ടം രാജ്യം ആര്‍ജിക്കുന്നത് ആ പാര്‍ട്ടി ഇഷ്ടപ്പെടുന്നില്ല. കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ നിയന്ത്രിതമായി ഉപയോഗിക്കാനാണ് അനുമതി നല്കിയിരിക്കുന്നതെന്ന കാര്യം ഇക്കൂട്ടര്‍ മറച്ചുപിടിക്കുന്നു. ബിജെപിയുടെ വാക്സിന് ഉപയോഗിക്കില്ലെന്ന ബാലിശമായ പ്രതികരണവും ചില കോണുകളില്‍നിന്നുണ്ടായി. ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാത്ത, രാജ്യത്തിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ മനസ്സില്ലാത്തവരുടെ ജല്‍പ്പനങ്ങളായി മാത്രം ഇതിനെ കണ്ടാല്‍ മതി. പോളിയോ കുത്തിവയ്പ്പിനെതിരെ ചില ഇസ്ലാമിക മതമൗലികവാദ സംഘടനകള്‍ നടത്തുന്നതുപോലുള്ള കുപ്രചാരണമാണ് കൊവിഡ് വാക്സിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും മറ്റും നടത്തുന്നത്. ഇതിനുള്ള ശിക്ഷ ജനങ്ങള്‍ അവര്‍ക്ക് നല്‍കുമെന്നേ ഇപ്പോള്‍ പറയുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: