ന്യൂദൽഹി: റെയില്‍വേ ഇലക്ട്രിക് ലൈനുകളിലേക്ക് നേരിട്ട് വൈദ്യുതി വിതരണം ചെയ്യുന്നതിനായി 1.7 മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചുകൊണ്ട് റെയില്‍വേ. പ്രകൃതി സൗഹൃദ യാത്രാസംവിധാനമൊരുക്കുന്നതിന്നുള്ള റെയില്‍വേ പദ്ധതിയുടെ ഭാഗമായാണ് മധ്യപ്രദേശിലെ ബിനയില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ 18 മാസമായി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രികല്‍സ് ലിമിറ്റഡിന്റെ സഹകരണത്തോടെ റെയില്‍വേ നിര്‍മ്മിച്ച സൗരോര്‍ജ്ജ പ്ലാന്റ് ഉദ്ഘാടനത്തിനായി തയ്യാറായിക്കഴിഞ്ഞു. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെയും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെയും നേട്ടങ്ങളുടെ പട്ടികയില്‍ ഇതോടെ മറ്റൊരു തൂവല്‍കൂടി ചേര്‍ക്കപ്പെടുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഭോപാല്‍ റെയില്‍വേ ഡിവിഷനിലേക്ക് 25 കിലോവാട്ട് നേരിട്ട് വൈദ്യുതി നല്കുന്ന പദ്ധതിയാണിത്.
ഭോപാല്‍ ഡിവിഷനിലെ ബിനയില്‍ പുതിയ പദ്ധതി ഇന്ത്യയില്‍ റെയില്‍വേ രംഗത്തെ സൗരോര്‍ജ്ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ പുത്തന്‍ അധ്യായം തുറക്കുമെന്ന് ഭോപാല്‍ റെയില്‍വേ ഡിവിഷന് ഡിആര്‍എം ഉദയ് ബോര്‍വാങ്കര്‍ പറഞ്ഞു. പുതിയ പദ്ധതി ഓരോ വര്‍ഷവും 1.37 കോടി രൂപയുടെ ലാഭം റെയില്‍വേയ്ക്ക് നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ 2030 ആകുന്നതോടെ റെയില്‍വേ സീറോ കാര്‍ബണ്‍ വികിരണമെന്ന പാരിസ്ഥിതിക ലക്ഷ്യം കൈവരിക്കുകയും ചെയ്യും. ഇത് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മറ്റൊരു പ്രതിജ്ഞാലക്ഷ്യമാണ്.
റെയില്‍വേയുടേതായി രാജ്യത്തുടനീളം ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുന്ന ഭൂമികളില്‍ ഇത്തരം സൗരോര്‍ജ്ജ പദ്ധതികള്‍ ആരംഭിക്കാന്‍ റെയില്‍വേ പദ്ധതിയിട്ടുകൊണ്ടിരിക്കുകയാണ്. റെയില്‍വേ ട്രാക്ഷന്‍ സംവിധാനത്തിലേക്ക് നേരിട്ട് സൗരോര്ജ്ജമെത്തിക്കുക വഴി മെയിന്റനന്‍സ് ചെലവ് ചുരുക്കാനും റെയില്‍വേയ്ക്ക് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: