ന്യൂഡല്‍ഹി: സവാളയുടെ രാജ്യത്തുടനീളമുള്ള ശരാശരി ചില്ലറവില്‍പ്പന വിലയില്‍ ഈ വര്‍ഷം 60 ശതമാനം കുറവുണ്ടായി. ലഭ്യത കൂട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍ മൂലം കിലോയ്ക്ക് 40 രൂപയായി കുറഞ്ഞുവെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി ലീന നന്ദന് വ്യാഴാഴ്ച പറഞ്ഞു. രാജ്യത്തുടനീളം സവാള വിലയില്‍ വലിയ ഇടിവുണ്ടായെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് ലീന നന്ദന് പറഞ്ഞത്. ഒരുമാസത്തിനിടയില്‍ തന്നെ, രാജ്യമെമ്പാടുമുള്ള ശരാശരി ചില്ലറ വില്‍പ്പന വില 33.33 ശതമാനം താഴ്ന്ന് നാല്പത് രൂപയിലെത്തി.
ഈ വര്‍ഷം നവംബര്‍ 30ന് 60 രൂപയായിരുന്നു വിലയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2019 ഡിസംബര്‍ 31ന് 100 രൂപയായിരുന്നു രാജ്യത്താകമാനമുള്ള ശരാശരി വില. ഇപ്പോള്‍ വില 40 രൂപയിലേക്ക് വീണു. ഇത് വലിയ ആശ്വാസമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും ലീന നന്ദന് പറഞ്ഞു. പോയവര്‍ഷം ഡിസംബര്‍ 31-ലെ 100 രൂപയുമായി താരതമ്യപ്പെടുത്തിയാല്‍ ദേശീയ തലസ്ഥാനത്ത് വ്യാഴാഴ്ച ഒരു കിലോ സവാളയുടെ വില 30 ആണ്.
മുംബൈയില്‍ ഒരുവര്‍ഷം മുമ്പ് 93 ആയിരുന്നു ശരാശരി വിലയെങ്കില്‍ വ്യാഴാഴ്ചയത് 48-ല്‍ എത്തിനില്‍ക്കുന്നു. കൊല്‍ക്കത്തയില്‍ ഇക്കാലയളവില്‍ 90-ല്‍നിന്ന് 40 ആയി കുറഞ്ഞുവെന്നും ഉപഭോക്തൃ മന്ത്രാലയത്തിന്റെ കയ്യിലുള്ള കണക്കുകള്‍ പറയുന്നു. സെപ്റ്റംബര്‍ മുതല്‍ കേന്ദ്രം സ്വീകരിച്ച നടപടികളാണ് വിലകുറച്ചതെന്ന് ലീന നന്ദന് കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 14ന് സവാള കയറ്റുമതി വിലക്കിയത്, ഒക്ടോബര്‍ 23 മുതല്‍ മൂന്നുമാസത്തേക്ക് സംഭരണത്തിന് പരിധിയേര്‍പ്പെടുത്തിയത്, ലഭ്യത കൂട്ടാന്‍ സവാള ഇറക്കുമതിക്കുള്ള അനുമതി തുടങ്ങിയ നടപടികള്‍ ലീന നന്ദന് വിശദീകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥലവും ഗുണമേന്മയും അനുസരിച്ച് ചില്ലറവിലയില്‍ വ്യത്യാസമുണ്ടെന്ന് സ്വകാര്യ കച്ചവടക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: