തിരുവനന്തപുരം: പുതുവത്സരാഘോഷ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.
പുതുവത്സരപ്പിറവിയോടനുബന്ധിച്ചുള്ള ജനക്കൂട്ടവും ആഘോഷങ്ങളും ഡിസംബർ 31 ന് രാത്രി 10 മണിക്ക് ശേഷം ഉണ്ടാകില്ലെന്ന് പോലീസ് ഉറപ്പുവരുത്തും. ഇതിനായി ഡ്രോൺ സംവിധാനം ഉൾപ്പെടെ ഉപയോഗിക്കും. ശബ്ദകോലാഹലങ്ങൾ തടയുന്നതിനും നടപടി സ്വീകരിക്കും. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള പോലീസ് പട്രോൾ സംവിധാനങ്ങൾ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങൾക്കും വനിതകൾക്കും വിദേശികൾക്കും സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. സംസ്ഥാന അതിർത്തികൾ, തീരപ്രദേശങ്ങൾ, ട്രെയിനുകൾ എന്നിവിടങ്ങളിൽ ലഹരികടത്ത് തടയാനായി പ്രത്യേക പരിശോധന നടത്തും. മദ്യപിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗം എന്നിവ കണ്ടെത്തുന്നതിനും പ്രധാനകേന്ദ്രങ്ങളിൽ പരിശോധനയുണ്ടാകും. ആവശ്യമുള്ള സ്ഥലങ്ങളിൽ വനിതാ പോലീസിനേയും നിയോഗിക്കും. മുതിർന്ന ഉദ്യോഗസ്ഥൻമാരും പൊതുസ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ടാകും. ജനുവരി ഒന്നിന് രാത്രി പത്ത് മണി വരെ പോലീസ് ജാഗ്രത തുടരും.
നിരത്തുകളിലും പൊതുസ്ഥലങ്ങളിലും നിയമലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വീടുകളിലും മറ്റും നടക്കുന്ന ആഘോഷപരിപാടികളിൽ അനാവശ്യമായി ഇടപെടാൻ പാടില്ലെന്നും പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: