കൊല്ലം: കൊല്ലത്ത് പതിനൊന്നാമത്തെ മേയറായി എല്‍ഡിഎഫിലെ പ്രസന്ന ഏണസ്റ്റിനെ തെരഞ്ഞെടുത്തു. ഇന്നലെ രാവിലെ 11ന് ജില്ലാ വരണാധികാരിയായ കളക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍. ഡെപ്യൂട്ടി മേയറായി കൊല്ലം മധുവും അധികാരമേറ്റു.
55 അംഗ കൗണ്‍സിലില്‍ 39 വോട്ടുകള്‍ പ്രസന്ന നേടി. യുഡിഎഫിനായി ശ്രീദേവിയമ്മയും ബിജെപിക്കായി ബി. ഷൈലജയും മത്സരരംഗത്തുണ്ടായിരുന്നു. യുഡിഎഫിന് ഒമ്പതും ബിജെപിക്ക് അഞ്ചും വോട്ടുകള്‍ ലഭിച്ചു. ബിജെപിയുടെ ഒരു വോട്ട് അസാധുവായി. ഏക എസ്ഡിപിഐ അംഗമായ കൃഷ്ണേന്ദു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോവിഡ് പോസിറ്റീവായ മൂന്ന് കൗണ്‍സിലര്‍മാര്‍ പിപിഇ കിറ്റ് ധരിച്ച് അവസാനമാണ് വോട്ട് രേഖപ്പെടുത്തിയത്. കോളേജ് ഡിവിഷന് കൗണ്‍സിലര്‍ എസ്. ഗീതാകുമാരി പ്രസന്ന ഏണസ്റ്റിനെ നിര്‍ദേശിക്കുകയും കാവനാട് ഡിവിഷന് കൗണ്‍സിലര്‍ കൊല്ലം മധു പിന്താങ്ങുകയും ചെയ്തു. ഫലപ്രഖ്യാപനത്തിന് ശേഷം കളക്ടര്‍ മേയര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി ആചാരപരമായ ഗൗണ്‍ ധരിച്ച് മേയര്‍ ചുമതലയെറ്റെടുത്തു. ഇത് രണ്ടാം തവണയാണ് മുണ്ടയ്ക്കല്‍ നിവാസിനിയായ പ്രസന്ന ഏണസ്റ്റ് മേയര്‍ പദവിയിലെത്തുന്നത്.
ഉദയമാര്‍ത്താണ്ഡപുരം ഡിവിഷനിലെ കൗണ്‍സിലര്‍ സജിസോമന്‍ വോട്ട് രേഖപ്പെടുത്തിയിറങ്ങവെ കുഴഞ്ഞുവീണു. ഉടന്‍ മറ്റ് കൗണ്‍സിലര്‍മാര്‍ സജിയെ ആശുപത്രിയിലെത്തിച്ചു.
കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ പ്രസന്ന ഏണസ്റ്റിന് സത്യവാചകം ചൊല്ലി കൊടുത്തു. ഇതിനിടെ ആംബുലന്‍സ് വാങ്ങിയതില്‍ അഴിമതി നേരിടുന്ന പ്രസന്ന ഏണസ്റ്റ് മേയറായതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങളായ അഭിലാഷ്, അനീഷ്കുമാര്‍, ടി.ജി. ഗിരീഷ്, കൃപ വിനോദ്, ബി. ഷൈലജ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു. തുടര്‍ന്ന് ഇവര്‍ കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ കറുത്ത തുണി കൊണ്ട് വായ്മൂടി കെട്ടിയും പ്രതിഷേധിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന ഡെപ്യൂട്ടിമേയര്‍ തെരഞ്ഞെടുപ്പില്‍ കാവനാട് നിന്നുള്ള സിപിഐ അംഗം കൊല്ലം മധു വിജയിയായി. ബിജെപിക്കായി അനീഷ്കുമാറാണ് മത്സരിച്ചത്. പുസ്തകപ്രസാധകമേഖലയില് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കൊല്ലം മധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: