ന്യൂദല്‍ഹി: ജനിതകമാറ്റം വന്ന അതിതീവ്ര കോവിഡ് ആദ്യമായി ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാംപിളുകളിലാണ് പുതിയ കൊറോണ വൈറസ് കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി കണ്ടെത്തിയത്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ നിരവധി വിമാനയാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ എല്ലാവരെയും പുതിയ വൈറസ് ബാധിച്ചോ എന്ന പരിശോധന നടത്തുന്നുണ്ട്.
ബംഗളുരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സിസിഎംബിയില്‍ ചികിത്സയിലുള്ള 2 പേര്‍ക്കും, പുനെ എന്‍ഐവിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം നടന്നിട്ടുളള വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ രണ്ടാഴ്ചത്തേക്ക് ഹോം ഐസൊലേഷനില്‍ പോകാന്‍ വിവിധരാജ്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ചു ദിവസങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി പരിശോധന നടത്തി വൈറസ് ബാധയില്ലെന്നും ഉറപ്പുവരുത്തണം. നിരവധി രാജ്യങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദം വ്യാപകമായി പടരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.
ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോണ്സണ് പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: