ന്യൂദല്‍ഹി : രാജ്യത്ത് വ്യാപിക്കുന്ന കൊറോണ വൈറസുകളില്‍ പ്രതിരോധശേഷിമറികടക്കാന് ശേഷിയുള്ളവയുണ്ടെന്ന് പഠനം. കൊവിഡ് വകഭേദങ്ങളില്‍ 19 എണ്ണത്തിന് പ്രതിരോധ ശേഷി മറികടക്കാന്‍ സാധിക്കുമെന്നും വിദഗ്ധ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ആന്ധ്രപ്രദേശില്‍ നടത്തിയ പഠനത്തില്‍ രോഗം ബാധിച്ച 34 ശതമാനം പേരിലും കണ്ടെത്തിയ ‘എന്‍ 440’ വകഭേദം ഇത്തരത്തിലുള്ളതാണ്. ജനിതക ശ്രേണീകരണത്തില്‍ തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടുത്തിടെ യുകെയില്‍ 1820% കോവിഡ് ബാധിതരില്‍ നടത്തിയ പഠനത്തില്‍ അവര്‍ക്ക് ബാധിച്ചിട്ടുള്ളത് ‘എന്‍501വൈ’ വകഭേദമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് വലിയ ആശങ്കകള്‍ക്ക് ഇട നല്‍കുകയും വ്യാപകമായി പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഈ വകഭേദം പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ കെല്പ്പുള്ളതാണോയെന്ന് വ്യക്തമല്ല. കൂടാതെ യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരില്‍ ആര്‍ക്കെങ്കിലും ഈ വകഭേദം ബാധിച്ചിട്ടുണ്ടോയെന്നു സ്ഥിരീകരിച്ചിട്ടുമില്ല. ഇതുസംബന്ധിച്ചും പഠനം നടത്തി വരികയാണ്.
ഇമ്യൂണ്‍ എസ്കേപ്പ് ആയതിനാല്‍ യുകെയില്‍ കണ്ടെത്തിയ വകഭേദേത്തക്കാള് ശ്രദ്ധ വേണ്ടത് ആന്ധ്രയില്‍ കണ്ടെത്തിയ വൈറസിനെയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രെറ്റീവ് ബയോളജിയിലെ (ഐജിഐബി) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ പറഞ്ഞു. കഴിഞ്ഞ സെപ്തംബറിലാണ് ഐജിഐബിയുടെ പഠനത്തില്‍ ആന്ധ്രയില്‍ കണ്ടെത്തിയ വകഭേദം ആദ്യം വേര്‍തിരിച്ചത്.
കേരളത്തില്‍ പ്രബലമായിട്ടുള്ള വൈറസ് ഗണമായ എ2എയില്‍ കണ്ട 2 ജനിതകമാറ്റങ്ങള്‍ ഇമ്യൂണ്‍ എസ്കേപ് ശേഷിയുള്ളതല്ല. വലിയ വ്യാപനശേഷി ഇതിനുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 14 ജില്ലകളില്‍നിന്നായി പ്രതിമാസം 1400 വൈറസ് സാംപിള്‍ വീതം ശ്രേണീകരിക്കുന്നതിനുള്ള നടപടികള്‍ അടുത്ത മാസം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: