പ്രൊഫ: ഡി. അരവിന്ദാക്ഷന്
ഭാരതത്തിലെ കര്‍ഷകരുടെ മാഗ്നകാര്‍ട്ട എന്ന് വിശേഷിപ്പിക്കാവുന്ന 3കര്‍ഷക രക്ഷാ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി, ഹരിയാന അതിര്‍ത്തിയായ സിങ്കൂരിലും മറ്റും നടക്കുന്ന കര്‍ഷകരുടെ വഴിതടയല്‍ സമരം കര്‍ഷക താല്പര്യത്തിന് എതിരാണ്.
കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴി തടയാതെ സ്വതന്ത്രമായ സ്ഥലം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് സിങ്കൂരില്‍ കര്‍ഷക സമരം നടത്തുന്നത്. കര്‍ഷകരുടെ ഈ നടപടി പരമാധികാര നീതിപീഠം സുപ്രീം കോടതി നല്‍കിയിട്ടുള്ള നിരവധി ഉത്തരവുകള്‍ ലംഘിക്കുന്നതാണ്. കൃഷിക്കാരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വളരെ സംയമനത്തോടെ അവര്‍ പറയുന്നത് കേള്‍ക്കുന്നതിനുള്ള ചര്‍ച്ചയാണ് ഗവണ്മെന്റിനു വേണ്ടി ആഭ്യന്തരമന്ത്രിയും കൃഷി മന്ത്രിയും നടത്തുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ സമാധാന പരമായി പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള വ്യക്തികളുടെയും സംഘടനകളുടെയും ഭരണഘടനാ പരമായ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സമരത്തോട് സംയമനം പാലിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇങ്ങനെയൊരു സമരം ചൈനയില്‍ ആയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമാായിരുന്നെന്നും ജനാധിപത്യത്തിനു വേണ്ടി മുറവിളി കൂട്ടിയ ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് ടിയാന്മാന്സ്ക്വയറില് ഉണ്ടായ ദാരുണാന്ത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സമരത്തിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ഇടതുപക്ഷ പാര്ട്ടികളുമാണന്ന് വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നു. സമരത്തിനു കാരണമായി കോണ്‍ഗ്രസ്സ് വക്താവിന്റെ പ്രസ്താവനയില്‍ കാണുന്നത് കാര്‍ഷിക മേഖലയിലുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ 2020 സെപ്റ്റംബര്‍ 27-ന് പാര്‍ലമെന്റില്‍ പാസ്സാക്കിയ 3 നിയമങ്ങള്‍ വഴി കവര്‍ന്നെടുത്തു എന്നതാണ്.
കര്‍ഷകര്‍ ഉന്നയിക്കുന്ന നാല് ആവശ്യങ്ങള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള താങ്ങുവില നിലനിര്‍ത്തണമെന്നും ഗവണ്മെന്റും എഫ്. സി. ഐ. പോലെയുള്ള സംഭരണ ഏജന്‍സികളും ഉള്‍പ്പന്നങ്ങളുടെ സംഭരണം തുടരണമെന്നുമാണ്. നിലവിലുള്ള വിപണികള്‍/മണ്ഡികള്‍ നിലനിര്‍ത്തണമെന്നും തര്‍ക്കമുണ്ടായാല്‍ ഉയര്‍ന്ന കോടതികളെ സമീപിക്കണം എന്നുമാണ്. നിയമം പസ്സാക്കിയപ്പോള്തന്നെ ഈ ആവശ്യങ്ങള്‍ ഗവണ്മെന്റ് അംഗീകരിച്ചതാണ്.
കര്‍ഷക ക്ഷേമത്തിനു വേണ്ടി രണ്ട് പുതിയ നിയമങ്ങളും ഒരു പഴയ നിയമത്തിന്റെ ഭേദഗതിയുമാണ് 2020 സെപ്റ്റംബറില്‍ ഭുരിപക്ഷത്തോടെ ഇന്‍ഡ്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയത്. ചട്ടങ്ങള്‍ രൂപീകരിക്കാന്‍ വൈകുന്നതുകൊണ്ട് മൂന്നു നിയമങ്ങളും നാളിതുവരെ നടപ്പാക്കിയിട്ടില്ല. ഭേദഗതി ചെയ്തത് നിലവിലുള്ള അവശ്യ വസ്തു നിയമമാണ്. അവശ്യ വസ്തു നിയമ പ്രകാരം കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും വലിയ മാര്‍ക്കറ്റുകളിലും കൊണ്ടുപോയി വില്ക്കാന് കഴിയില്ല. കര്‍ഷകര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഈ നിയമം തടസ്സമാണ്. 2017 -ല്‍ ഒരു രാജ്യം ഒരു നികുതി എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ജി.എസ്.ടി. നടപ്പാക്കിയപ്പോള്‍ രാജ്യത്തെ വിപണി ഒന്നായി വികസിച്ചു. ഇങ്ങനെ ഒരു രാജ്യം ഒരു നികുതി ഒരു വിപണി എന്ന അടിസ്ഥാന വികസനത്തിന്റെ ഗുണ ഫലങ്ങള്‍ വിപൂലികരിക്കപ്പെട്ട വിപണിയില്‍ വില്ക്കുന്നതുവഴി കര്‍ഷകര്‍ക്ക് ലഭ്യമാകും . 2014 മെയ് 26ന് അധികാരത്തില്‍ വന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചു. അത് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമായി ഈ നിയമ നിര്‍മ്മാണങ്ങള്‍ നടത്തിയത്.
2020-ല്‍ പാസ്സാക്കിയ രണ്ടാമത്തെ കര്‍ഷക ക്ഷേമ നിയമത്തിന്റെ പേര് കൃഷിക്കാരുടെ ശാക്തീകരണവും സംരക്ഷണവും എന്നാണ്. ഈ നിയമ പ്രകാരം കര്‍ഷകര്‍ക്ക് സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, പ്രൊഡ്യൂസര്‍ കമ്പനി, മറ്റ് കമ്പനികള്‍ തുടങ്ങി , കൃഷി നടത്താനും ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് കേടുകൂടാതെ സൂക്ഷിച്ച് അവയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ഇന്‍ഡ്യയിലും വിദേശത്തും വിറ്റഴിച്ച് കൃഷിക്കാരുടെ വരുമാനം പലമടങ്ങ് വര്‍ദ്ധിപ്പിച്ച്, ഭാരതത്തിലെ കൃഷിക്കാരുടെ സ്വാശ്രയത്വം ഉറപ്പാക്കുന്നു.
കര്‍ഷക ക്ഷേമത്തിനായി പാര്‍ലമെന്റ് പാസ്സാക്കിയ മുന്നാമത്തെ നിയമം കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കച്ചവടവും വാണിജ്യവും (പ്രൊമേഷന് ആന്റ് ഫെസിലിറ്റേഷന്‍) 2020 ആണ്. ഈ നിയമപ്രകാരം കൃഷിക്കാര്‍ക്കും അവരുടെ സ്വയം സഹായ സംഘങ്ങള്‍ക്കും പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും മറ്റ് കമ്പനികള്‍ക്കും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ചെയ്യാനും അവയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ഇന്ത്യയിലും വിദേശത്തും വിപണനം നടത്തി കൃഷിക്കാരുടെ വരുമാനം പലമടങ്ങായി വര്‍ദ്ധിപ്പിക്കാനും കഴിയും.
2014-ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദിയുടെ ഗവണ്മെന്റ് കര്‍ഷക ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. 14 കോടി കര്‍ഷക കുടുംബങ്ങളാണ് ഇന്ത്യയിലുള്ളത്. 75 കോടി ജനങ്ങള്‍ കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. 130 കോടി ജനങ്ങള്‍ക്കുവേണ്ടി അന്നം ഉല്പാദിപ്പിക്കുന്ന കൃഷിക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ അടിസ്ഥാന ശിലയാണ്. 14 കോടി കര്‍ഷക കുടുംബങ്ങളില്‍ 10 കോടി കുടുംബങ്ങളും 5 ഏക്കറില്‍ താഴെ മാത്രം കൃഷിഭൂമിയുള്ള ചെറുകിട കര്‍ഷകരാണ്. 5 സെന്റ് മുതല്‍ 5 ഏക്കര്‍ വരെയുള്ള ഇവര്‍ക്ക് കഴിഞ്ഞ16 മാസങ്ങളില്‍ 8000 രൂപാ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ഭൂരിപക്ഷം കൃഷിക്കാരും വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടുകളില്‍ പകുതിയിലേറെ കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ തുക നിക്ഷേപിച്ചപ്പോള്‍ ബാങ്കുകള്‍ക്ക് ഇക്കാര്യം മനസ്സിലായി. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ പല സംസ്ഥാന ഗവണ്മെന്റുകളും കൃഷിക്കാരുടെ രണ്ടും മൂന്നും ലക്ഷം കടങ്ങള്‍ എഴുതിത്തള്ളി. കോവിഡ് കാലത്തുപോലും കഴിഞ്ഞ 8 മാസമായി ഇന്ത്യയുടെ കാര്‍ഷിക മേഖല 2 മുതല്‍ 3 ശതമാനം വരെ വളര്‍ച്ച നേടി. ഇങ്ങനെ ഇന്ത്യന്‍ കാര്‍ഷിക മേഖല വളര്‍ച്ചയുടെ പാതയില്‍ എത്തിയപ്പോഴാണ് കൃഷിക്കാരുടെ ക്ഷേമത്തിനും വരുമാനം പലമടങ്ങായി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി മേല്‍പ്പറഞ്ഞ മൂന്ന് കര്‍ഷക രക്ഷാ നിയമങ്ങള്‍ പാര്‍ലമെന്റ് പാസ്സാക്കിയത്.
സെന്റ് 1 ന് 2000 രൂപ വീതം 5 വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ പലിശ രഹിത വായ്പ നല്കി. കൃഷിയിറക്കാന്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ 3 ലക്ഷം രൂപായുടെ വായ്പാ പദ്ധതി നടപ്പിലാക്കി. കാര്‍ഷിക മേഖലയിലെ ഉല്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ട്രാക്ടറുകള്‍, നടീല്‍ യന്ത്രം, കൊയ്തു യന്ത്രം, മരുന്നു തളിക്കുന്നതിനുള്ള യന്ത്രങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ രാജ്യത്തെ കൃഷി ഓഫീസുകള്‍ വഴി 90ശതമാനം വരെ സബ്സിഡി നല്കി സഹായിച്ചു. കൃഷിക്കാവശ്യമായ വളം ലഭിക്കുന്നതിന് കൃഷിക്കാരുടെ വരുമാനം പലമടങ്ങ് വര്‍ദ്ധിപ്പിക്കാനും പശുക്കളെയും മറ്റ് വളര്‍ത്തു മൃഗങ്ങളേയും വാങ്ങുന്നതിനും വളര്‍ത്തുന്നതിനും 50 ശതമാനം വരെ സബ്സിഡി അനുവദിച്ചു. മത്സ്യബന്ധന മേഖലയെ കൃഷിയായി അംഗീകരിച്ച് കൃഷി വകുപ്പില്‍ ഉള്‍പ്പെടുത്തുകയും ഉള്‍നാടന്‍ മത്സ്യകൃഷിക്കായി 75 ശതമാനത്തിലധികം സബ്സിഡി അനുവദിച്ച് മത്സ്യവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇതിന്റെ ഫലമായി കേരളത്തിലേയും ആന്ധ്രാ, തെലുങ്കാന സംസ്ഥാനങ്ങളിലും കൃഷിക്കാര്‍ക്ക് വളരെയധികം വരുമാന വര്‍ദ്ധനവ് ഉണ്ടായി,
2022 മാര്‍ച്ചില്‍ രാജ്യത്തിന്റെ ജി.ഡി,പി. വളര്‍ച്ച 10 ശതമാനത്തില്‍ അധികമായി വര്‍ദ്ധിക്കുന്നതിന് സഹായകരമായി മാറിയ ഘട്ടത്തില്‍ ഇന്ത്യന്‍ കര്‍ഷകരുടെ 1 ശതമാനം പോലും പിന്തുണയില്ലാത്ത കര്‍ഷക സംഘടനകളെ രാഷ്ട്രീയ വിരോധത്താലും മറ്റും തെറ്റിദ്ധരിപ്പിച്ച് നിയമവിരുദ്ധ സമരം നടത്തുന്നത് രാജ്യ പുരോഗതിക്കെതിരാണ്.
പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരള സര്‍ക്കാരിന് അവകാശമുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ക്ക് എതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും കേരളസര്‍ക്കാര്‍ നടത്തുന്ന നീക്കം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാലംഘനവുമാണ്. ഒരു നിയമം സമ്പൂര്‍ണ്ണമാകുന്നത് പ്രയോഗത്തിലുടെയും ഗുണഭോക്താക്കളുടെ അനുഭവത്തില്‍ കൂടിയുമാണ്. അപ്രകാരം ഭാവിയില്‍ കര്‍ഷക രക്ഷാ നിയമങ്ങളെ ഒറ്റ നിയമമാക്കി മാറ്റാന്‍കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: