ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇറ്റലിയിലെ മിലാനിലേക്ക് പോയതായി മാധ്യമറിപ്പോര്‍ട്ടുകള്‍. ഖത്തര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്ന് രാവിലെയാണ് യാത്ര തിരിച്ചതെന്നാണ് വാര്‍ത്തകള്‍. പുതവര്‍ഷ രാവിന് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് രാഹുലിന്റെ യാത്രയെന്നതും ശ്രദ്ധേയം. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടെയാണ് രാഹുലിന്റെ അസാന്നിധ്യമുണ്ടായിരിക്കുന്നത്. ദല്‍ഹിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു.
സമരക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ തീരുമാനമാകാതെ നീളുന്നതിനിടെയാണ് പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസിന്റെ പ്രധാന നേതാവ് ഇറ്റലിയിലേക്ക് യാത്ര തിരിച്ചത്. കര്‍ഷക സമരത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളതെന്ന ബിജെപിയുടെ വാദത്തെ ശരിവയ്ക്കുന്നതാണ് രാഹുലിന്റെ യാത്ര. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.
കാര്‍ഷിക ബില്ലുകളെ കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലും രാഹുലും സോണിയാ ഗാന്ധിയും പങ്കെടുത്തിരുന്നില്ല. ആരോഗ്യകാരണങ്ങളാലായിരുന്നു സോണിയ വിട്ടുനിന്നത്. യുപിഎ അധ്യക്ഷ പദവിയില്‍ സോണിയയ്ക്കു പകരം ശരദ് പവാര്‍ വരുമെന്ന വിവരവും ഇതിനിടെ പുറത്തുവരുന്നുണ്ട്. രാഹുല്‍ ഈ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: