പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. ഇനി മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവകാലം.
ഇന്നലെ രാവിലെ 11.40നും 12.20നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടന്നത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ നടയ്ക്കുവച്ച തങ്കഅങ്കി ചാര്‍ത്തിയായിരുന്നു മണ്ഡലപൂജ. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ജയരാജ് പോറ്റി സഹകാര്‍മികനായി. വിശേഷാല്‍ കളഭാഭിഷേകവും 25 കലശവും നടന്നു. രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട അടച്ചതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് സമാപനമായി. 22ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വെള്ളിയാഴ്ച വൈകിട്ട് 6.22ന് സന്നിധാനത്തെത്തി തുടര്‍ന്ന് വൈകിട്ട് 6.30ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധനയും നടന്നു.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര പമ്പയില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് പമ്പയില്‍ വിശ്രമിച്ച ശേഷം മൂന്നു മണിയോടെ തങ്കയങ്കി പേടകവുമായി സന്നിധാനത്തേക്ക് യാത്ര തിരിച്ചു. വൈകുന്നേരം 5.30ന് ശരംകുത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തങ്കയങ്കി ഘോഷയാത്രയ്ക്ക് ആചാരപൂര്‍വം സ്വീകരണം നല്കി. തുടര്‍ന്ന് പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരച്ചുവട്ടില്‍ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് തങ്കയങ്കി സോപാനത്തില്‍ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ജയരാജ് പോറ്റിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോയി. ശേഷം 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: