കണ്ണൂര്‍: വകഭേദം സംഭവിച്ച കൊറോണ വൈറസ് ആശങ്കയാകുന്നതിനിടെ ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്രവം കൂടുതല്‍ പരിശോധനകള്‍ക്കായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസ് ആണോ എന്ന് ഈ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് മന്ത്രി കെ.കെ. ശൈലജ കണ്ണൂരില്‍ പറഞ്ഞു.
ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയാല്‍ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകള്‍ പടരുന്നുണ്ട്. ഇവ എത്രമാത്രം അപകടകാരി ആണെന്നതില്‍ പഠനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ വേഗത്തില്‍ പകരുന്ന വൈറസാണ്. കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെടുന്ന അവസ്ഥ മരണനിരക്കിലും വര്‍ധനയുണ്ടാക്കിയേക്കാം. അതിനാല്‍ ശക്തമായ നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. നേരത്തെ ബ്രിട്ടനില്‍ നിന്നെത്തിയവരേയും നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതുതായി കണ്ടെത്തിയ വാക്സിന് ജനിതക മാറ്റം സംഭവിച്ച വൈറസിനെ ചെറുക്കാനും ഫലപ്രദമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
വിമാനത്താവള അധികൃതര്‍ക്ക് കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം കൂടിയ സാഹചര്യത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. തെരഞ്ഞെടുപ്പിന് ശേഷം വലിയ തോതില്‍ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ല. ഷിഗല്ല രോഗം സംബന്ധിച്ച് ഭീതി ആവശ്യമില്ലെന്നും കൃത്യമായി ശുചിത്വം പാലിച്ചാല്‍ ഷിഗെല്ലയെ അകറ്റി നിര്‍ത്താമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: