ഇരിട്ടി: ആറളം ഫാമിന്റെ വരുമാന വർദ്ധനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് കർഷിക സർവ്വകലാശാല ഗവേഷക സംഘം സമർപ്പിച്ച 10 കോടിയുടെ വൈവിധ്യ വത്ക്കരണ വികസന പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകി. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. ഇതിൽ ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്ന പ്രവ്യത്തികൾക്കായി മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. ഫാം നവീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിലെ തീരുമാനപ്രകാരമുള്ള പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്.
കാർഷിക സർവ്വകലാശാലയിലെ പഠന ഗവേഷക സംഘവും സംസ്ഥാനത്തെ കാർഷിക വിദഗ്ധതരും ഉൾപ്പെട്ട സംഘമാണ് പദ്ധതി തയ്യാറാക്കിയത്. വിദഗ്ത സംഘം ഫാം സന്ദർശിച്ച് ഓരോ പ്രദേശത്തിനും യോജിച്ച പദ്ധതികളാണ് സർക്കാറിന് സമർപ്പിച്ചത്. വിവിധ കാരണങ്ങൾ മൂലം നിലനില്പ്പ് തന്നെ അപകടത്തിലായ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി കാലഘട്ടത്തിന് അനുസരിച്ച പദ്ധതികളും പ്രവർത്തനങ്ങളും ഉണ്ടാക്കുന്നതിനാണ് സർക്കാർ വിദഗ്ത സംഘത്തോട് ആവശ്യപ്പെട്ടത്. ഫെയിം കുറച്ചു കാലമായി രൂക്ഷമായ സാമ്പത്തിക പ്രതി സന്ധിയിലായിരുന്നു. സർക്കാർ നൽകുന്ന പണം കൊണ്ടാണ് കുറച്ച് കാലങ്ങളായി ജീവനക്കാരുടെയും തൊഴിലാളകളുടെയും ശമ്പളകുടിശ്ശികയും മറ്റ് ചിലവുകളും നടത്തി വന്നത് .
ഫാമിലെ 3500ലധികം ഏക്കറിൽ കൃഷി, മൂല്യവർധിത ഉൽപ്പന്ന നിർമാണം, വിപണനം, ഫാം ടൂറിസം, വൻകിട വിത്ത് തൈ വിൽപ്പന നഴ്സറി, നഴ്സറിക്കാവശ്യമായ മാതൃവൃക്ഷത്തോട്ടം എന്നീ പദ്ധതികളാണ് നടപ്പിലാക്കുക. കൃഷിചെയ്യാതെ കാട് പിടിച്ചു കിടക്കുന്ന ഫാമിന്റെ മുഴുവൻ സ്ഥലങ്ങളും ആധുനിക കൃഷിക്ക് ഉപയോഗപ്പെടുത്താനും പദ്ധതിയിൽ നിർദേശമുണ്ട്. ഇതിന്റെ ആദ്യപടിയായി ഇരിട്ടിൽ ഫാം ഉൽപ്പന്നങ്ങളും പച്ചക്കറികളും വിൽക്കാൻ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിൽ തണൽ എന്ന പേരിൽ വിപണന കേന്ദ്രം തുടങ്ങിയിട്ടുണ്ട് . ആറളം ഫാം ആദിവാസി പുനരധിവാസിമേഖലയിലെ കുടുംബങ്ങളുടെ ജൈവ കൃഷിയുൽപ്പന്നങ്ങൾ ശേഖരിച്ച് വിൽക്കാനും ഇവിടെ സൗകര്യം ഉണ്ട്.
കാർഷിക മേഖലയിൽ നവീന യന്ത്രവൽകരണ പദ്ധതി, ഫാമിലെ ജലസമ്പത്ത് ഉപയോഗിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ മൽസ്യകൃഷി, വിദേശികൾക്ക് അടക്കം ഫാമിൽ താമസിച്ച് ഹ്രസ്വ, മധ്യകാല കൃഷികൾ സ്വയം ചെയ്ത് വിളവെടുക്കാനുള്ള വിനോദ സഞ്ചാരാധിഷ്ടിത കാർഷിക പ്രവർത്തനം എന്നിവയും വൈവിധ്യവൽകരണ ഭാഗമായി നടപ്പാക്കും. ഫാമിലെ ജലാശയങ്ങളിൽ ബോട്ട് സർവീസാരംഭിക്കാനും നിർദേശമുണ്ട്.
ഫാം ടൂറിസം പദ്ധതി നടത്തിപ്പിനായി രണ്ടരക്കോടി രൂപയാണ് ചിലവഴിക്കുക. ഫാമിൽ വിപുലമായ മഴവെള്ള സംഭരണി നിർമ്മിക്കാനും നിർദേശമുണ്ട്. സംസ്ഥാനത്തെതടക്കം ദക്ഷിണേന്ത്യയിൽ നിന്ന് മേത്തരം വിത്ത് തേങ്ങ എത്തിച്ച് ലക്ഷക്കണക്കിന് തെങ്ങിൻ തൈകൾ തയാറാക്കാനും വിത്തുതേങ്ങ വിൽപ്പനനടത്തുന്ന പ്രമുഖ കേന്ദ്രമാക്കി ഫാമിനെ മാറ്റിയെടുക്കാനും പദ്ധതിയുണ്ട്. വിത്ത് തൈ നഴ്സറി ഈ വർഷം മുതൽ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തും. വൻ സാമ്പത്തിക ബാധ്യതയില്ലാത്ത ജലസേചന പദ്ധതികളും ഫാമിൽ നടപ്പാക്കും. ഫലഭൂയിഷ്ടമായ ആറളം ഫാമിൽ ആദ്യ ഘട്ടമായി ഫാം സെൻട്രൽ നേഴ്സറി നവീകരണവും വൈവിദ്ധ്യവത്ക്കരണവും നടത്തും. ഇതോടൊപ്പം ജലസേചന പദ്ധതികളുടെ പുനരുദ്ധാരണവും വിപുലീകരണവും, 14ജലാശയങ്ങളിലായി മത്സ്യം വളർത്തൽ, ആടുവളർത്തൽ പദ്ധതി എന്നിവ നടപ്പിലാക്കും. ഇതോടൊപ്പം നവീന കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: