അഹമ്മദാബാദ്: 2022 ഐപിഎല്‍ സീസണില്‍ രണ്ടു ടീമുകള്‍ക്ക് കൂടി ബിസിസിഐയുടെ അനുമതി. അഹമ്മദാബില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ഇതോടെ 2022 സീസണില്‍ ഐപിഎല്‍ ടീമുകളുടെ എണ്ണം പത്താകും. ടീമുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ അത് ഏതൊക്കെ ടീമുകള്‍ എന്നതിലും അഭ്യൂഹങ്ങള്‍ ശക്തമാണ്.
ഒരു ടീമിനു മാത്രമാണ് ഇതുവരെ സാധ്യത കല്‍പ്പിച്ചത്. എന്നാല്‍, രണ്ടു ടീമുകള്‍ക്ക് ബിസിസിഐ അനുമതി നല്‍കിയതോടെ അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്ന വാര്‍ത്തകളാണ് ഇതു സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കേരളം ആസ്ഥാനമാക്കി സൂപ്പര്‍താരം മോഹന്‍ലാല്‍ ഐപിഎല്‍ ടീമിനു ശ്രമിക്കുന്നു എന്നതായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സറായ ബൈജൂസ് അപ്പിന്റെ ഉടമ ബൈജുവുമായി ചേര്‍ന്ന് ഐപിഎല്‍ ടീം രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഐപിഎല്‍ ഫൈനല്‍ കാണാന്‍ മോഹന്‍ലാല്‍ ദുബായില്‍ എത്തിയിരുന്നു. പുതിയ ഐപിഎല്‍ ടീമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു ഇതെന്നും സൂചനയുണ്ട്. ദൃശ്യം 2ന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം അവധി ആഘോഷത്തിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിയത് എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
ഐപിഎല്‍ ഫൈനലിന് പിന്നാലെയാണ് അടുത്ത സീസണില്‍ പുതിയൊരു ഫ്രാഞ്ചൈസി കൂടി വന്നേക്കും എന്ന് ബിസിസിഐ സൂചന നല്‍കിയത്. 2021 സീസണിന് മുന്‍പ് താര ലേലത്തിന് ഒരുങ്ങാനും ഫ്രാഞ്ചൈസികളോട് ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ എട്ടു ടീമുകളാണ് ഐപിഎലില്‍ മാറ്റുരയ്ക്കുന്നത്. ഇവര്‍ക്കു പുറമെ ഒന്‍പതാമത് ഒരു ടീമിനെക്കൂടി അവതരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍, രണ്ടു ടീമുകള്‍ക്ക് അനുമതി നല്‍കിയതോടെ വന്‍ വ്യവസായി ഗൗതം അദാനിയുടെ മകന് കരണ്‍ അദാനിയുടെ ഉടമസ്ഥതയില്‍ അഹമ്മദാബാദ് ആസ്ഥാനമായുള്ള പുതിയൊരു ടീമിനും വലിയ സാധ്യതയാണ് കല്‍പ്പിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയോടെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് പണികഴിപ്പിച്ച മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാകും പുതിയ ടീമിന്റെ ഹോം ഗ്രൗണ്ട്.
കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഐപിഎലിലേക്ക് പുതിയ ടീമുകളെ അവതരിപ്പിക്കാനുള്ള ബിസിസിഐ നീക്കം. അതേസമയം, കോവിഡ് മൂലം പ്രതിസന്ധിയിലായ എല്ലാ പുരുഷ-വനിത ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്കും വേണ്ട സഹായം നല്‍കാനും ഇന്നത്തെ ജനറല്‍ ബോഡ് യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: